

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് വലിയ മത്സരത്തിന് തുടക്കമിട്ട് സീ എന്റര്‍ടൈന്‍മെന്റിന്റെ (Zee Entertainment Enterprises Ltd) ചടുലനീക്കം. ഒരാഴ്ച്ചയ്ക്കുള്ളില്‍ നാല് പുതിയ സ്‌പോര്‍ട്‌സ് ചാനലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ചാണ് സീ സ്‌പോര്‍ട്‌സ് റിലയന്‍സിന്റെ ജിയോസ്റ്റാറിന് വന്‍ വെല്ലുവിളിയായിരിക്കുന്നത്.
ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം കഴിഞ്ഞ ദിവസം സീ എന്റര്‍ടൈന്‍മെന്റ് നേടിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ യുണൈറ്റഡ് സ്‌പോര്‍ട്‌സ് (Unite8 Sports) നാല് പുതിയ ചാനലുകളും കമ്പനി ആരംഭിച്ചു. ഈ ചാനലുകള്‍ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലും ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
യുണൈറ്റഡ്‌സ്‌പോര്‍ട്‌സ് 1, യുണൈറ്റഡ് സ്‌പോര്‍ട്‌സ് 1 എച്ച്ഡി, യുണൈറ്റഡ് സ്‌പോര്‍ട്‌സ് 2, യുണൈറ്റഡ് സ്‌പോര്‍ട്‌സ് 2 എച്ച്ഡി എന്നീ പേരുകളിലാണ് ചാനലുകള്‍ തുടങ്ങിയിരിക്കുന്നത്. കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തില്‍ നിന്ന് അനുമതികള്‍ ലഭിച്ചതോടെയാണ് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ചാനലുകള്‍ ലഭ്യമായി തുടങ്ങിയത്. 2034 വരെയുള്ള ലോകകപ്പ് അടക്കമുള്ള വിവിധ ഫിഫ ടൂര്‍ണമെന്റുകളുടെ ഇന്ത്യയിലെ അവകാശവും സീ സ്വന്തമാക്കിയിരുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലെ സ്‌പോര്‍ട്‌സ് ചാനലുകള്‍ റിലയന്‍സിന്റെ വിയാകോം18 നെറ്റ്‌വര്‍ക്കുമായി ലയിച്ചത് അടുത്തിടെയാണ്. ഇതിനുശേഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് മാത്രമായിരുന്നു റിലയന്‍സിന്റെ എതിരാളികള്‍. ഐപിഎല്ലും ക്രിക്കറ്റ് ലോകകപ്പും അടക്കം വിവിധ ആഗോള ഇവന്റുകള്‍ സ്വന്തമാക്കിയതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മേധാവിത്വമായിരുന്നു.
സീ നെറ്റ് വര്‍ക്കിന് 2000ത്തിന്റെ തുടക്കത്തില്‍ സീ സ്‌പോര്‍ട്‌സ്, പിന്നീട് ടെന്‍ സ്‌പോര്‍ട്‌സ് തുടങ്ങി നിരവധി സ്‌പോര്‍ട്‌സ് ചാനലുകളുണ്ടായിരുന്നു. ഈ ചാനലുകള്‍ വിറ്റഴിച്ച് സ്‌പോര്‍ട്‌സ് ചാനല്‍ ബിസിനസില്‍ നിന്ന് അവര്‍ പിന്മാറിയിരുന്നു. ഇപ്പോള്‍ ഫിഫ ലോകകപ്പ് അവകാശം നേടി സ്‌പോര്‍ട്‌സ് ചാനലുകളുമായി സീ തിരിച്ചുവരാന്‍ വീണ്ടും കടുത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
സ്‌പോര്‍ട്‌സ് ചാനല്‍ വിപണിയില്‍ ഏകാധിപത്യം വന്നു തുടങ്ങിയതോടെ റിലയന്‍സ് വിവിധ ഇവന്റുകളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കാനുള്ള ലേലങ്ങളില്‍ തുക കുറച്ചു പിടിക്കാന്‍ തുടങ്ങിയിരുന്നു. കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്കാന്‍ ഐസിസി അടക്കമുള്ള സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ നിര്‍ബന്ധിതരായി.
സീയുടെ സ്‌പോര്‍ട്‌സ് ചാനലുകള്‍ വന്നതോടെ ഭാവിയില്‍ ടെലിവിഷന്‍ അവകാശം സ്വന്തമാക്കാനുള്ള മത്സരം കടുക്കും. ഇന്ത്യന്‍ ടിവി ചാനല്‍ മേഖലയില്‍ വലിയ സാന്നിധ്യമുള്ള സീയുടെ വരവ് പോരാട്ടം കടുപ്പിക്കുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine