

ഇപ്പോഴത്തെ ജീവിതം റീസ്റ്റാര്‍ട്ട് ചെയ്ത് വലിയ വിജയത്തിലേക്ക് കുതിക്കണമെന്ന് ആഗ്രഹമുണ്ടോ? വമ്പന്‍ ബിസിനസുകാരും അത്‌ലെറ്റുകളും ചിന്തകന്മാരും പിന്തുടരുന്ന ചില പ്രഭാത ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ ഇതിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേരത്തെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് മുതല്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ പോലും അറിയാതെ നേട്ടങ്ങള്‍ തേടിയെത്തും. ഇത്തരത്തിലുള്ള ചില നല്ല ശീലങ്ങള്‍ പരിചയപ്പെടാം.
ലോകം അതിന്റെ തിരക്കിന്റെ താളത്തില്‍ ഓടിത്തുടങ്ങുന്നതിന് മുമ്പ് പുലര്‍ച്ചെ അഞ്ചിനും 6.30നും ഇടയില്‍ കൃത്യമായി ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കണം. നേരത്തെ ദിവസം തുടങ്ങുമ്പോള്‍ വ്യായാമം ചെയ്യാനും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും പുതിയ ചിന്തകള്‍ക്കും അവസരം ലഭിക്കും. കൃത്യ സമയത്ത് ഉറങ്ങി എഴുന്നേല്‍ക്കുന്നത് ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനവും താളത്തിലാക്കും.
കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതു മുതല്‍ തിരക്കുകളിലേക്ക് ഓടാതെ ആദ്യ കുറച്ച് മണിക്കൂറുകള്‍ ശരീരത്തെയും മനസിനെയും പാകപ്പെടുന്നതിലേക്ക് മാറ്റിവെക്കണം. വീട്ടിലോ പുറത്തോ ആരും ശല്യം ചെയ്യാത്ത ഒരിടം കണ്ടെത്തണം. മതപരമായ പ്രാര്‍ഥനകള്‍, ശ്വസന വ്യായാമം (Breathing Exercise), വായന, എഴുത്ത് എന്നിവ ചെയ്യാന്‍ ഈ സ്ഥലം ഉപയോഗിക്കാം. ഇത് ഉത്കണ്ഠ കുറക്കാനും ശരീരത്തെയും മനസിനെയും അന്നത്തെ ദിവസത്തേക്ക് തയ്യാറാക്കാനും ഉപകരിക്കും.
ജീവിതത്തില്‍ വലിയ നേട്ടമുണ്ടാക്കിയവരുടെ മറ്റൊരു ശീലമാണിത്. ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവെക്കുക. യോഗ, നടത്തം, ഓട്ടം, ജിം പരിശീലനം എന്നിവയിലേതെങ്കിലും ശീലമാക്കിയാല്‍ ശരീരത്തിനും മനസിനുമുണ്ടാകുന്ന നല്ല മാറ്റം നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാന്‍ കഴിയും.
ജീവിതത്തിന്റെ ഒഴുക്കിനൊത്ത് നീന്തുന്നതിന് പകരം കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടുപോകുന്നതാണ് വിജയിച്ചവരുടെ ശീലം. ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തി എഴുതി ശീലിക്കണം. അവ സാധ്യമാക്കാനുള്ള ശ്രമങ്ങളാകണം ഓരോ ദിവസത്തെയും ലക്ഷ്യം.
എന്തുകാണണമെന്നും ചിന്തിക്കണമെന്നും സോഷ്യല്‍ മീഡിയ അല്‍ഗോരിതം തീരുമാനിക്കുന്ന ഇന്റര്‍നെറ്റ് യുഗത്തില്‍ വിജയത്തിലേക്ക് നടക്കണമെങ്കില്‍ വായന നിര്‍ബന്ധമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിയാനും ദിവസവും 15-30 മിനിറ്റ് വരെ മാറ്റിവെക്കണം. പുസ്തകങ്ങള്‍ വായിക്കുകയോ പോഡ്കാസ്റ്റ്, ടെഡ് ടോക്ക് തുടങ്ങിയവ കേള്‍ക്കുകയോ ചെയ്യാം.
ജീവിതശൈലി മാറിയതോടെ ഇന്ന് പ്രാതല്‍ മുടക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജീവിത വിജയം കൈവരിച്ച എല്ലാവരുടെയും ഭക്ഷണത്തില്‍ ചില സമാനതകളുണ്ട്. ഉയര്‍ന്ന പ്രോട്ടീനുള്ളതും മധുരത്തിന്റെ അതിപ്രഭാവം ഇല്ലാത്തതുമായ ഭക്ഷണമാണ് ഇവരുടെ മെനുവിലുള്ളത്. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ശീലമാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കാനും ദിവസം മുഴുവനും ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിക്കാനും സഹായിക്കും.
ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ നന്ദി പറയാന്‍ ശീലിക്കണം. ഇത് ശരീരത്തിനും മനസിനും പോസിറ്റീവായ മാറ്റമുണ്ടാക്കും. സന്തോഷം കൂട്ടാനും ഉത്കണ്ഠ കുറക്കാനും നല്ല ഉറക്കത്തിനും ബന്ധങ്ങള്‍ ഊഷ്മളമാക്കാനും ഇതുപകരിക്കും. ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യുന്ന ഈ ശീലം വിജയിച്ചവരുടെ മുഖമുദ്രയാണ്.
ഒരു ദിവസം ചെയ്ത് തീര്‍ക്കേണ്ട ജോലികളില്‍ ഏറ്റവും പ്രയാസമേറിയതും ബോറിംഗുമായ ജോലി ആദ്യം തീര്‍ക്കണം. മാര്‍ക്ക് ട്വയിന്റെ 'ഈറ്റിംഗ് ദി ഫ്രോഗ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ രീതി ശീലമാക്കിയാല്‍ ദിവസം മുഴുവന്‍ പോസിറ്റീവായ കാര്യങ്ങള്‍ ചെയ്യാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.
If it’s your job to eat a frog, it’s best to do it first thing in the morning. And If it’s your job to eat two frogs, it’s best to eat the biggest one first
Mark Twain
ഉറക്കത്തില്‍ നിന്നും കണ്ണ് തുറന്നയുടന്‍ നമ്മളില്‍ പലരും ആദ്യം തിരയുന്നത് മൊബൈല്‍ ഫോണായിരിക്കും. എണീറ്റയുടന്‍ സോഷ്യല്‍ മീഡിയയുടെ പുറകെ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കാനും പത്രവായനക്കും വേണ്ടി കുറച്ച് സമയം മാറ്റിവെക്കണം. ഇനി മൊബൈലില്‍ അലാറം വെച്ച് എഴുന്നേല്‍ക്കുന്നയാളാണോ നിങ്ങള്‍? ഇതൊഴിവാക്കാന്‍ പഴയകാല ടൈംപീസ് ഒരെണ്ണം സംഘടിപ്പിച്ചാല്‍ മതി.
ഒരാളുടെ ചിന്തയാണ് അയാളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് മനഃശാസ്ത്രം പറയുന്നത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് തിരക്കുകളില്‍ കുരുങ്ങുന്നതിനു മുമ്പ് ഒരല്‍പ്പ നേരം കണ്ണടച്ചിരുന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആ ജീവിതത്തെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. ദിവസം മുഴുവന്‍ അതുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും. നോട്ടമെത്തുന്ന സ്ഥലത്ത് ലക്ഷ്യങ്ങള്‍ എഴുതിവെക്കുന്നതും നല്ലതാണ്.
ഇത്തരം നല്ല ശീലങ്ങള്‍ എല്ലാ ദിവസവും ജീവിതത്തിന്റെ ഭാഗമാക്കി അച്ചടക്കത്തോടെ മുന്നേറിയാല്‍ ജീവിത വിജയം ഉറപ്പാണ്. പക്ഷേ സ്ഥിരമായി ചെയ്യണമെന്ന് മാത്രം. അച്ചടക്കമില്ലാത്ത ഒരാള്‍ക്ക് ഒരുകാര്യത്തിലും മുന്നേറാന്‍ കഴിയില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറിയ കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അച്ചടക്കത്തോടെ ചെയ്യുന്ന ഒരാളുടെ ജീവിതത്തിലേക്ക് വിജയം പതിയെ അയാള്‍ പോലും അറിയാതെ കടന്നുവരുമെന്നാണ് ചിന്തകന്മാര്‍ പറയുന്നത്. ചെറിയ ശീലങ്ങളില്‍ നിന്ന് തുടങ്ങുക. അവ അച്ചടക്കത്തോടെ ആവര്‍ത്തിക്കുക. പയ്യെ തിന്നാല്‍ പനയും തിന്നാമെന്ന് പറയുന്നത് വെറുതെയല്ല.
Read DhanamOnline in English
Subscribe to Dhanam Magazine