

ഡോ. ജോസ് ചാക്കോ പെരിയപ്പുറം
ഏത് രോഗവും വരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. അതിന് നമ്മള്‍ മലയാളികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നിട്ടും കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജീവിതശൈലീ രോഗമായ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഏഴ് ഘടകങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
പ്രമേഹം ഹൃദയധമനികളെദോഷകരമായി ബാധിക്കും. ഭക്ഷണത്തില്‍ വരുത്തുന്ന ക്രമീകരണങ്ങളിലൂടെയും ആവശ്യമായ മരുന്ന് കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കാം. ഇന്ത്യയില്‍ 40 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ നല്ലൊരു ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട്. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്നു എന്നതിനാല്‍, ഇടയ്ക്കിടെ പരിശോധന നടത്തിയ ശേഷം ആവശ്യമായ ചികിത്സ ഉറപ്പാക്കണം.
രക്തസമ്മര്‍ദ്ദത്തെ പൊതുവെ 'ടിക്കിംഗ് ടൈം ബോംബ്' (Ticking Time Bomb) എന്നാണ് വിളിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തെ മാത്രമല്ല, വൃക്കകളെയും നമ്മുടെ കണ്ണുകളെയും ബാധിക്കും. മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെയും ആവശ്യമായ ചികിത്സ തേടുന്നതിലൂടെയും ഒരു പരിധിവരെ ഇത് നിയന്ത്രിക്കാന്‍ കഴിയും.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം പുകവലി ശീലമാണ്. പുകവലിക്കുന്നതിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കും. സ്ഥിരമായിപുകവലിക്കുന്നവരില്‍ പത്ത് മടങ്ങ് വേഗത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദയത്തെ ബാധിക്കുന്നതു പോലെ തന്നെ ക്യാന്‍സറിനും കാരണമാകും.
ഭക്ഷണക്രമീകരണത്തിലെ കുഴപ്പവും വ്യായാമമില്ലായ്മയുമാണ് കൊളസ്ട്രോള്‍ വരാനുള്ള പ്രധാന കാരണം. ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. ഇവയുടെ അനുപാതം കൃത്യമായിരിക്കണം. ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ കാരണമാകും.
നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ് ദിവസേന വ്യായാമം ചെയ്യുക എന്നത്. ദിവസവും 30 മിനിറ്റെങ്കിലും മിതമായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, ബിപി എന്നിവയെ ചെറുക്കാന്‍ സഹായിക്കും. പക്ഷേ ഓരോ വ്യക്തിക്കും വിവിധ തരത്തിലുള്ള വ്യായാമ രീതികളാണ് യോജിക്കുക. അത് മനസിലാക്കാന്‍ ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടുന്നതും നല്ലതാണ്.
ഒന്നല്ല, പലവിധ രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമാകും. നിങ്ങളുടെ ശരീരത്തിന്റെ ഭാരവും ഹൃദയവുമായി ഒരു ബന്ധമുണ്ട്. എന്തെന്നാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെ ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ഉയരവും ഭാരവും കൃത്യമായ അനുപാതത്തിലാണെന്ന് എപ്പോഴും ഉറപ്പുവരുത്തുക.
ഹൃദ്രോഗ പാരമ്പര്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ രോഗം വരാനുള്ള സാധ്യതയുണ്ട്. രക്തബന്ധത്തിലുള്ളവര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കില്‍ പാരമ്പര്യം ഉണ്ടെന്ന് മനസിലാക്കാം. ഇത് മുന്നറിയിപ്പായി കണക്കാക്കി ചെറു പ്രായത്തില്‍ തന്നെ ആവശ്യമായ ചെക്കപ്പുകള്‍ നടത്തി, മുന്‍കരുതലുകള്‍ എടുത്ത് ശരീരത്തെയും ഹൃദയത്തെയും സംരക്ഷിക്കുക.
മുകളില്‍ പറഞ്ഞ ഏഴ് കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ നിങ്ങളുടെ ഹൃദയത്തെ കൂടുതല്‍ ആരോഗ്യത്തോടെ സൂക്ഷിക്കാം.
ഹൃദയം ചിരിക്കട്ടെ!
ഹൃദയത്തെ പോലെ തന്നെ പ്രധാനമാണ് നമ്മുടെ 'അകത്തെ ഹൃദയം' (Inner Heart); അഥവാ നമ്മുടെ മനസാകുന്ന ഹൃദയം. ഇത് നമ്മുടെ സ്വഭാവം, പെരുമാറ്റം എന്നിവയുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. നമുക്കുണ്ടാവുന്ന ദേഷ്യവും അസൂയയുമൊക്കെ മാനസികാരോഗ്യത്തെ മാത്രമല്ല, ശാരീരിക ആരോഗ്യത്തെയും തകര്‍ക്കും. മറ്റുള്ളവരെ സഹായിക്കുകയും മറ്റുള്ളവരുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ഡോപാമിന്‍, സെറോടോണിന്‍ തുടങ്ങിയ 'ഹാപ്പി ഹോര്‍മോണുകള്‍' ഉല്‍പ്പാദിപ്പിക്കും. ഇത് സ്ട്രെസ്സ് കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതിലൂടെ ഹൃദ്രോഗങ്ങള്‍ വരുന്നത് കുറയ്ക്കും.
(രാജ്യം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ച പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എറണാകുളം ലിസ്സി ആശുപത്രിയിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം തലവനാണ്. അദ്ദേഹം കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ നടത്തിയ പ്രസംഗത്തെ ആധാരമാക്കി തയാറാക്കിയത്)
Renowned surgeon Dr. Jose Chacko Periappuram explains how lifestyle tweaks and a positive mind can prevent heart disease.
(ധനം മാഗസിന്‍ 2025 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine