ഡയറ്റില്‍ പാല്‍ സ്ഥിരമാക്കിയവരാണോ നിങ്ങള്‍? എങ്കില്‍ ഇത് വായിക്കൂ

മലയാളികള്‍ക്ക് പാല്‍ ഒഴിച്ച ചായ മുതല്‍ കിടക്കുംമുമ്പുള്ള മധുരമിട്ട പാല്‍ വരെ ഒവിവാക്കാനാകാത്ത ചില ശീലങ്ങള്‍ ഉണ്ട്. പ്രഭാത ഭക്ഷണം പോലും വേണ്ടെന്നു വച്ച് പാല്‍ മാത്രം കുടിക്കുന്നവരും നിരവധിയാണ്. വായിക്കാം പാലിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകളും വസ്തുകളും.
ഡയറ്റില്‍ പാല്‍ സ്ഥിരമാക്കിയവരാണോ നിങ്ങള്‍? എങ്കില്‍ ഇത് വായിക്കൂ
Published on

ഒരു നേരത്തെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതിനെ പാല് കുടിച്ച് ക്രമീകരിക്കാം എന്ന ചിന്ത തെറ്റാണെന്ന് ന്യൂട്രീഷന്മാര്‍ പറയുന്നു. ഈ രീതി അധികകാലം തുടരുകയാണെങ്കില്‍ കുട്ടികളില്‍ അനീമിയ ഉണ്ടാകും. അത് മാത്രമല്ല മേല്‍പറഞ്ഞ കലോറികളുടെ അഭാവം കുട്ടികളുടെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയെ സാരമായി ബാധിക്കും. ഭക്ഷണത്തോടൊപ്പം പാല് കുടിക്കുന്നത് നല്ലത് തന്നെ എന്നാല്‍ പാല് ഭക്ഷണത്തിന് പകരമായി കണക്കാക്കുന്നത് നല്ലതല്ല.

ധാരാളം പോഷകപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് പാലില്‍. വിറ്റാമിന്‍ എ, ബി 12 എന്നിവയോടൊപ്പം പ്രോട്ടീന്‍, കാല്‍സ്യം, റൈബോഫ്ലേവിന്‍ എന്നിവ കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നേഷ്യം, സിങ്ക് എന്നീ മിനറല്‍സും പാലില്‍ അടങ്ങിയിരിക്കുന്നു. അപ്പോഴും മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ വിറ്റാമിന്‍ സി, അയണ്‍ എന്നീ രണ്ട് പ്രധാനപ്പെട്ട ഘടകങ്ങള്‍ പാലില്‍ ഇല്ല. അതുകൊണ്ടു തന്നെ പാല് മാത്രം കുടിക്കുന്ന കുട്ടികള്‍ക്ക് അനീമിയ വരാനുള്ള സാധ്യത കൂടുതലാണ്.

ദിവസത്തിന്റെ തുടക്കത്തിലെ ഭക്ഷണം എന്നതുകൊണ്ടുതന്നെ പ്രഭാതഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും പഴങ്ങളും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിന് പകരം പാല് മാത്രം കുടിക്കുന്നത് ശരിയായ രീതിയല്ല. 7-8 മണിക്കൂര്‍ ഭക്ഷണം കഴിക്കാതിരുന്നിട്ട് കഴിക്കുന്ന പ്രഭാതഭക്ഷണത്തിലൂടെ പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമുണ്ട് നമ്മുടെ ശരീരത്തിന്.

പാലില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നത് സത്യം തന്നെ എന്നാല്‍ പാലില്‍ ഉള്ള അത്രയും തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയിട്ടുള്ള ധാരാളം ഭക്ഷ്യവസ്തുക്കള്‍ വേറെയുമുണ്ട്, ഉദാഹരണത്തിന്; എള്ള്, റാഗി, രാജ്മാ, സോയാബീന്‍ എന്നിവയില്‍ കാല്‍സ്യം വലിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

എല്ലാ പ്രായത്തിലുള്ളവര്‍ക്കും പാല് ഒരുപോലെയല്ല പ്രയോജനപ്രദമാകുന്നത്. 12 വയസുവരെയാണ് പാല് കുടിക്കേണ്ട ശരിയായ സമയം, അതിനു ശേഷം പാല് കുടിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടത്തിന് വിടാം. കൗമാരക്കാരുടെ എല്ലിന്റെ സംരക്ഷണത്തില്‍ പാല് എത്രത്തോളം പങ്കുവഹിക്കുന്നു എന്നത് ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

ഒരു വയസാകുന്നതിന് മുമ്പ് കുഞ്ഞിന് പശുവിന്‍പാലോ മറ്റു മൃഗങ്ങളുടെ പാലോ കൊടുക്കുന്നത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് കുഞ്ഞില്‍ പ്രമേഹത്തിന്റെ ടൈപ്പ്-1 വരുന്നതിനുള്ള സാഹചര്യമുണ്ടാക്കും എന്നു മാത്രമല്ല കുഞ്ഞിന്റെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയേയും കാര്യമായി ബാധിക്കും.

വയസാകുന്തോറും ചില ആളുകളില്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അലര്‍ജി കണ്ടുവരാറുണ്ട്. ഇങ്ങനെയുള്ളവരില്‍ പാല്‍ ഗ്യാസും വയറുവേദനയും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പലരും കൂട്ടാക്കാറില്ല എന്നതാണ് രസകരമായ വസ്തുത.

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാലുകുടിച്ചാല്‍ നല്ല ഉറക്കം കിട്ടും എന്ന കാര്യം ഒരു പരിധി വരെ ശരിയാണ്, അപ്പോഴും അത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌ടോഫാന്‍ എന്നു പേരുള്ള അമിനോ ആസിഡ് മനുഷ്യനെ ഉറങ്ങാന്‍ സഹായിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ ഒരാളെ ഉറക്കാന്‍ തക്ക അളവില്‍ ട്രിപ്‌ടോഫാന്റെ അളവ് പാലില്‍ അടങ്ങിയിട്ടില്ല എന്നതാണ് സത്യം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com