കേരളത്തിന്റെ കരുത്ത് നമ്മള്‍ ഇങ്ങനെ കളയണോ? 'പ്രതിരോധ വൈദ്യശാസ്ത്രം' രീതിയിലേക്ക് ആശുപത്രികള്‍ മാറിയാല്‍ തിരിച്ചടി കേരളത്തിന് തന്നെ!

തുടര്‍ച്ചയായി കേരളത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നത് ഭാവിയില്‍ വലിയൊരു വിപത്തിനിടയാക്കും
കേരളത്തിന്റെ കരുത്ത് നമ്മള്‍ ഇങ്ങനെ കളയണോ? 'പ്രതിരോധ വൈദ്യശാസ്ത്രം' രീതിയിലേക്ക് ആശുപത്രികള്‍ മാറിയാല്‍ തിരിച്ചടി കേരളത്തിന് തന്നെ!
Published on

അങ്ങേയറ്റം വിലപ്പെട്ടതാണ് മനുഷ്യജീവന്‍. ജീവന്‍രക്ഷാ പ്രവര്‍ത്തന രംഗത്തുള്ളവരുടെ തൊഴില്‍ അതുപോലെ അങ്ങേയറ്റം അപകടം പിടിച്ചതും. ജനങ്ങ

ളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ രംഗത്തുള്ളവര്‍ നടത്തുന്ന കഠിനാധ്വാനം പലപ്പോഴും ഫലവത്താകണമെന്നുമില്ല. ഒരു ഡോക്ടറും രോഗിയെ മനഃപൂര്‍വം മര

ണത്തിലേക്ക് വിടാറില്ല. പക്ഷേ പലപ്പോഴും നമ്മുടെ സമൂഹത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ വേദനാജനകമാണ്.

ഇന്ത്യയില്‍ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യപരിപാലന കേന്ദ്രമായി മാറാനുള്ള സാധ്യതയുമുള്ള സ്ഥലം. ഇതൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിച്ചതല്ല. ഇവിടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്.

എന്നാല്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില കാര്യങ്ങളുടെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും ഡോക്ടര്‍മാരെ നിരന്തര വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. പലപ്പോഴും ശാരീരികമായ ആക്രമണം പോലും നേരിടേണ്ടി വരാറുണ്ട്.

പരീക്ഷയില്‍ കുട്ടി പരാജയപ്പെട്ടാല്‍ സ്‌കൂള്‍ തല്ലിപ്പൊളിക്കാറുണ്ടോ? കേസ് തോറ്റാല്‍ കോടതിതല്ലിത്തകര്‍ക്കുമോ? ഇനി ഇങ്ങനെയൊക്കെ നടന്നാല്‍ സമൂഹം എങ്ങനെയാണതിനെ കാണുക?

പക്ഷേ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കാര്യം വരുമ്പോള്‍ തല്ലിത്തകര്‍ക്കലും കയ്യേറ്റം ചെയ്യലും സാധാരണമായ സംഭവമായി മാറുന്നു. ഒരു ഡോക്ടറുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങള്‍ ജീവനുകള്‍ രക്ഷിക്കാനുള്ള പരിശ്രമത്തിനിടെ വരാം. എന്നാല്‍ അതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെടുമെന്ന് ബോധ്യം വരുന്നതോടെ ഡോക്ടര്‍മാരും ഒപ്പം ആശുപത്രികളും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും. അത് ഭാവിയില്‍ 'പ്രതിരോധ വൈദ്യശാസ്ത്രം' (Defensive Medicine) എന്ന പ്രവണതയ്ക്ക് വഴിവെയ്ക്കും.

ഭാവിയില്‍ എന്ത് സംഭവിക്കും?

1. അപകട സാധ്യത കുറവുള്ള കേസുകള്‍ മാത്രമേ ആശുപത്രികള്‍ കൈകാര്യം ചെയ്യുകയുള്ളൂ. ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികളെ മിക്ക ആശുപത്രികളും നിരസിക്കുകയും തല്‍ഫലമായി, ശരിയായ ചികിത്സ ലഭിക്കാതെ അവര്‍ മരണപ്പെടുകയും ചെയ്യും. ആക്രമണങ്ങളെ ഭയന്ന് ഒരു ആശുപത്രിയും ഉയര്‍ന്ന അപകട സാധ്യതയുള്ള കേസുകള്‍ രക്ഷിക്കാന്‍ അധിക പരിശ്രമം നടത്തില്ല.

2. ആശുപത്രികളിലെ കനത്ത സുരക്ഷയും പരിമിതമായ പ്രവേശനവും കാരണം രോഗിയുടെ ബന്ധുക്കളുമായും രോഗിയുമായും ആരോഗ്യപ്രവര്‍ത്തകരുമായുമുള്ള ആശയവിനിമയം കുറയും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ വീഡിയോ കോളുകളിലൂടെ രോഗിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താന്‍ തുടങ്ങും.

3. ചട്ടം അനുസരിച്ച് രോഗിയുടെ ബന്ധുവുമായി വ്യക്തിപരമായ കോളുകള്‍ വഴിയുള്ള ഒരു ആശയവിനിമയവും ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗികമായി ആശുപത്രി മുഖേനയും റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.

4. ആരോഗ്യ പരിപാലന സമ്പ്രദായം ശരിക്കും അനാകര്‍ഷകമായി മാറുകയും യുവതലമുറ തങ്ങളുടെ അവസാന ഓപ്ഷനായി ആരോഗ്യ സംരക്ഷണ തൊഴില്‍ കാണാന്‍ തുടങ്ങുകയും ചെയ്യും. ഇത് നമ്മള്‍ ഇപ്പോള്‍ ആസ്വദിക്കുന്ന ആരോഗ്യ പരിരക്ഷയുടെ നിലവാരം തീര്‍ത്തും കുറയ്ക്കും. ഗുരുതരമായ രോഗങ്ങളുടെ മെച്ചപ്പെട്ട പരിചരണത്തിനായി മിക്ക കേരളീയരും സംസ്ഥാനം/രാജ്യം വിടേണ്ടി വരും.

5. ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ അത്യന്താപേക്ഷിതമായ 'ആരോഗ്യ പരിപാലനത്തിലെ മാനുഷിക സ്പര്‍ശം' ഗണ്യമായി കുറയും. കേരളത്തിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയില്‍ അതിന്റെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനായി പൊതുസമൂഹം ആരോഗ്യപ്രവര്‍ത്തകരെ സ്‌നേഹിക്കുകയും ആദരിക്കുകയും വേണം.

ആരോഗ്യ പ്രവര്‍ത്തകരെ സാധ്യമായ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം. തീവ്രമായ അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള, ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് ഡോക്ടര്‍മാരുടേത്. അത് ആകര്‍ഷകമാക്കുന്നില്ലെങ്കില്‍ ഉയര്‍ന്ന കഴിവുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ കരിയര്‍ ഓപ്ഷനായി അത് തിരഞ്ഞെടുക്കില്ല.

സംവിധാനം തകരും

കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉള്ളതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും രോഗികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. കേരളത്തില്‍ മിക്കവാറും എല്ലാത്തരം അസുഖങ്ങളും ലോക നിലവാരത്തിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലും ചികിത്സിക്കാം. ഈ യാഥാര്‍ത്ഥ്യം നാം മനസിലാക്കാതെ ഡോക്ടറെയും ആശുപത്രികളെയുമെല്ലാം ആക്രമിച്ചാല്‍ അധികം വൈകാതെ ആരോഗ്യപരിപാലന സംവിധാനം തകരും.

വൈദ്യശാസ്ത്രപരമായ അനാസ്ഥയുണ്ടെന്ന് ആരോപണമുണ്ടെങ്കില്‍ അത് നിയമപരമായി മാത്രമേ കൈകാര്യം ചെയ്യാവൂ. അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് ശരിയായ സംവിധാനമുണ്ട്. സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ അക്രമം ഉപയോഗിക്കുന്നത് തികച്ചും അപരിഷ്‌കൃതമായ സമീപനമാണ്. അത് കേരളത്തിന് നാണക്കേടുണ്ടാക്കുകയും ചെയ്യും. ജനങ്ങള്‍ ആശുപത്രികളെയും ആരോഗ്യ പ്രവര്‍ത്തകരെയും പിന്തുണയ്ക്കണം. ഞങ്ങളെ ശത്രുക്കളായി കാണരുത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമാണ്. നമുക്കൊരുമിച്ച് കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമാക്കി മാറ്റാം.

(പ്രമുഖ ന്യൂറോ സര്‍ജനും കേരള ന്യൂറോ സയന്‍സ് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകന്‍)

(This article originally published in Dhanam Business Magazine August 30th Issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com