ബദല്‍ വെന്റിലേറ്റര്‍ ആക്കാം 'ബാഗ് വാല്‍വ് മാസ്‌കു'കള്‍: ഐ.ഐ.ടി ശാസ്ത്രജ്ഞര്‍

ബദല്‍ വെന്റിലേറ്റര്‍ ആക്കാം 'ബാഗ് വാല്‍വ് മാസ്‌കു'കള്‍: ഐ.ഐ.ടി ശാസ്ത്രജ്ഞര്‍
Published on

കോവിഡ് 19 രോഗ ബാധിതരെ ചികില്‍സിക്കുന്നതിന് വെന്റിലേറ്ററുകള്‍ക്ക് പകരമായി 'ബാഗ് വാല്‍വ് മാസ്‌കു'കള്‍ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് ഗവേഷണ, നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായി ഐഐടി-ഹൈദരാബാദ്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമമായി കൊണ്ടുപോകാന്‍ കഴിയുന്ന ലളിതമായ 'ബാഗ് വാല്‍വ് മാസ്‌കു'കള്‍ വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ കഴിയും. വൈദ്യുതി ഇല്ലാത്തിടത്ത് ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നും ഐഐടി-എച്ച് ഡയറക്ടര്‍ പ്രൊഫസര്‍ ബി എസ് മൂര്‍ത്തി പറഞ്ഞു.

നിലവില്‍, അടിയന്തിര സാഹചര്യങ്ങളില്‍ ശ്വസന സഹായം നല്‍കാനാണ് ബാഗ് വാല്‍വ് മാസ്‌ക് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ ഡിസൈന്‍ പ്രകാരം കൈകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വെന്റിലേറ്ററായി തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയില്ല. ബാറ്ററിയില്‍ നിന്ന് വൈദ്യുതി ലഭിക്കാന്‍ പുനര്‍രൂപകല്‍പ്പന ആവശ്യമാണെന്ന് പ്രൊഫസര്‍ മൂര്‍ത്തി ചൂണ്ടിക്കാട്ടി. 'ചെലവ് കണക്കാക്കുന്നത് 5000 രൂപയില്‍ താഴെ മാത്രം. പരമ്പരാഗത  വെന്റിലേറ്റര്‍ യന്ത്രത്തിന്റെ നൂറിലൊന്ന് വിലയ്ക്ക് നിര്‍മ്മിക്കാണം സാധ്യമാകും.'

ഐഐടി-എച്ചില്‍ നിന്ന് ഒന്നിലേറെ ഡിസൈനുകള്‍ ഇതിനകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരമ്പരാഗത വെന്റിലേറ്ററുകള്‍ക്ക് ബദലായി ഈ  ഉപകരണത്തിന്റെ ഉത്പാദനം വ്യാവസായിക തലത്തില്‍ ഉറപ്പാക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ ഗവേഷക സംഘം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് 19 പ്രധാനമായും ശ്വാസകോശ സംബന്ധമായ അസുഖമാണ്. രോഗികളില്‍ മുമ്പുണ്ടായിരുന്ന ചില ആരോഗ്യ അവസ്ഥകളെ ഇത് സങ്കീര്‍ണ്ണമാക്കി മരണത്തിലേക്ക് നയിക്കുന്നു.കോവിഡ് -19 ബാധിച്ച ഗുരുതരമായ കേസുകളില്‍, രോഗികള്‍ക്ക് സ്വയം ശ്വസിക്കാന്‍ കഴിയില്ല.  ഒരു ചെറിയ ശതമാനം രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ശ്വസനത്തിനു സഹായം ആവശ്യമാണ്. ലളിതമായി പറഞ്ഞാല്‍, ഈ രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ വേണ്ടിവരും.അതാകട്ടെ ഇന്ത്യയില്‍ കുറവുമാണ്.

ഇന്ത്യയിലെ മൊത്തം കേസുകളുടെ അഞ്ച് ശതമാനത്തിന് വെന്റിലേറ്ററുകള്‍ ആവശ്യമാകാം. കോവിഡ് -19 സാഹചര്യത്തെ നേരിടാന്‍ വരും ആഴ്ചകളിലും മാസങ്ങളിലും ഇന്ത്യക്ക് ഒരു ദശലക്ഷം വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല  നടത്തിയ ഒരു പഠനത്തില്‍ വിലയിരുത്തിയിരുന്നു.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.

നിലവില്‍ ഇന്ത്യയിലെ ആശുപത്രികളിലുള്ള വെന്റിലേറ്ററുകളുടെ എണ്ണം കൃത്യമായി ലഭ്യമല്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ എണ്ണം 50,000 ല്‍ താഴെയാണെന്നാണ് കണക്ക്. ഏകദേശം 10 ദിവസം മുമ്പ് 12,000 വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്യാനുള്ള ഉത്തരവ് ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് -19 ന്റെ പുരോഗതി നിരീക്ഷിക്കുന്ന ആരോഗ്യ വകുപ്പധികൃതര്‍ രാജ്യത്തെ കൊറോണ വൈറസ് അവസ്ഥ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

കൊറോണ വൈറസ് ബാധിച്ച 173 കേസുകള്‍ രാജ്യത്ത് രേഖപ്പെടുത്തിയ മാര്‍ച്ച് 19 ന് മാത്രമാണ് വെന്റിലേറ്ററുകള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചത്. എന്നിരുന്നാലും, ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 വരെ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്നത് തുടര്‍ന്നു.

കമ്പ്യൂട്ടര്‍ നിയന്ത്രിത വെന്റിലേറ്ററുകളുടെ വില നിര്‍മാണ കമ്പനികളെയും മോഡലിനെയും ആശ്രയിച്ച് 5 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ്. കൊറോണ വൈറസ് അണുബാധ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ എത്തുമെന്ന ഭയത്താല്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉപകരണങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. നോയിഡ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പ് ഒരു പോര്‍ട്ടബിള്‍  പ്ലഗ്-ടു-യൂസ് - വെന്റിലേറ്റര്‍ നിര്‍മ്മിച്ചു കഴിഞ്ഞു. പരമ്പരാഗത വെന്റിലേറ്ററുകള്‍ പോലെ സ്ഥിരമായൊരിടത്ത് സ്ഥാപിക്കുന്നതല്ല ഇത്. 20,000 യൂണിറ്റ് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എന്താണ് വെന്റിലേറ്റര്‍ ?

ഒരു ശ്വസനസഹായി മാത്രമാണ് വെന്റിലേറ്റര്‍; ശ്വാസം നിലനിര്‍ത്തുന്ന, ക്രമീകരിക്കുന്ന യന്ത്രം. വെന്റിലേറ്റര്‍ ഘടിപ്പിച്ചിരിക്കേ ഒരാളില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ ആവാത്ത വിധം നിലച്ച് രക്തയോട്ടം നിന്നാല്‍ മരണം സംഭവിക്കും.അതായത് വെന്റിലേറ്റര്‍ ശ്വാസം മാത്രമേ നിലനിര്‍ത്തൂ.ഒരു കട്ടിലോ പെട്ടിയോ അല്ല അല്ല വെന്റിലേറ്ററര്‍. ട്യൂബുകളിലൂടെയാണ് രോഗിയുടെ ശ്വാസകോശത്തിലേക്ക് ശ്വസന യന്ത്രം ഘടിപ്പിക്കുന്നത്. രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം വേണമെന്നു തീരുമാനിക്കാന്‍ പല കാരണങ്ങളുണ്ടാകാം. ഓരോ തരം രോഗാവസ്ഥകള്‍, മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം ഒക്കെ അനുസരിച്ച് അതു വ്യത്യാസപ്പെട്ടിരിക്കും.

വെന്റിലേറ്ററില്‍ ഘടിപ്പിക്കല്‍ -മെക്കാനിക്കല്‍ വെന്റിലേഷന്‍- ഒരു ചികിത്സാ രീതിയാണ്. മറ്റേതു ചികിത്സയും പോലെ, ആ സഹായം ആവശ്യമായ രോഗികളില്‍ അത് ഒരു ജീവന്‍രക്ഷാ ഉപാധി തന്നെയാണ്. രോഗാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് വെന്റിലേറ്ററിന്റെ സഹായം കുറച്ചു കൊണ്ടുവന്ന് സ്വാഭാവിക ശ്വസനം വീണ്ടെടുക്കുക എന്നതാണ് വെന്റിലേറ്റര്‍ ചികിത്സയുടെ ലക്ഷ്യം.

'വെന്റിലേറ്ററില്‍ കയറ്റിയോ? എങ്കില്‍ ഇനി രക്ഷപെടില്ല' എന്ന ധാരണ ശരിയല്ല.കോവിഡിന്റെ കാര്യത്തിലെന്നതുപോലെ  മൂര്‍ഖന്‍ പാമ്പിന്റെ വിഷമേറ്റയാളില്‍, വിഷം ശ്വസനത്തെ മുഖ്യമായും ബാധിക്കുന്നു. ഈ അവസ്ഥയുടെ ചികിത്സയുടെ നിര്‍ണ്ണായക ഭാഗമാണ് മെക്കാനിക്കല്‍ വെന്റിലേഷന്‍. അത്തരം രോഗിയില്‍ പലപ്പോഴും പൂര്‍ണമായ തിരിച്ചുവരവിലേക്ക് താങ്ങാവുന്നത് വെന്റിലേറ്ററാണ്.

'വെന്റിലേറ്ററില്‍ ഇട്ടാല്‍ പിന്നെ ആ രോഗിയെ ആശുപത്രിയില്‍ ആരും തിരിഞ്ഞു നോക്കില്ല' എന്നു പറയുന്നതും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്.മറിച്ച്, വെന്റിലേറ്ററില്‍ ഘടിപ്പിച്ച രോഗിയുടെ ചികിത്സയുടെ പ്രധാന ഭാഗമാണ് നിരന്തരമായ നഴ്‌സിംഗ് കെയര്‍ അടക്കമുള്ള വിദഗ്ധ പരിചരണം.

വെന്റിലേറ്ററില്‍ ആയാലുള്ള ഗോഗിയുടെ അവസ്ഥ വളരെ വേദനാജനകമാണെന്ന ആശങ്കയാണ് പൊതുവേയുള്ളത്. ശ്വാസത്തിനായി ഘടിപ്പിച്ച ട്യൂബുകള്‍ കാരണം സംസാരിക്കാന്‍ സാധിക്കുകയില്ലെന്നത് വസ്തുത. ട്യൂബുകള്‍ കാരണമുള്ള അസ്വസ്ഥതകളും ഉണ്ടാകാം. പക്ഷേ രോഗിക്ക് ഇത്തരം അസ്വസ്ഥതകള്‍ മറികടക്കാനുള്ള മരുന്നുകള്‍ ചികിത്സയുടെ ഭാഗമായിത്തന്നെ നല്‍കും.

വെന്റിലേറ്ററിന്റെ 'അതിശേഷി'യെപ്പറ്റിയുമുണ്ട് പൊതുവേ തെറ്റിദ്ധാരണ. വെന്റിലേറ്ററില്‍ ആയാല്‍ മരിക്കില്ലെന്ന പറച്ചിലും അതുപോലെ തന്നെ. മരണശേഷം സ്വാഭാവികമായും സംഭവിക്കുന്ന അഴുകല്‍ പ്രക്രിയ തടയാനുമാവില്ല വെന്റിലേറ്ററിന്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com