dubai areal view, buildings roads lights
Dubai cityimage credit : canva

ദുബൈയില്‍ പുതിയ ആരോഗ്യ നിയമം; പരിശോധനകള്‍ കര്‍ശനമാകും; പ്രവാസികള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

90 ദിവസത്തെ ബോധവല്‍ക്കരണത്തിന് ശേഷം നിയമം കര്‍ശനമായി നടപ്പാക്കും
Published on

പൊതുജനാരോഗ്യം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ദുബൈ ഭരണകൂടം പുതിയ ആരോഗ്യ നിയമം നടപ്പാക്കുന്നു. എമിറേറ്റില്‍ എത്തുന്നവര്‍ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമം. എയര്‍പോര്‍ട്ടുകള്‍ മുതല്‍ സ്ഥാപനങ്ങള്‍ വരെയുള്ള ഇടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് അന്തിമ രൂപമായി. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ആദ്യത്തെ മൂന്നു മാസം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തുടര്‍ന്നാണ് നിയമം ഔദ്യോഗികമായി നടപ്പാക്കുക.

മാസ്‌ക് നിര്‍ബന്ധമാക്കും

പകര്‍ച്ച വ്യാധികള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ദുബൈ ഹെല്‍ത്ത് അതോറിട്ടി, ദുബൈ മുനിസിപ്പാലിറ്റി, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന അതോറിട്ടി, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് ചട്ടങ്ങള്‍ ക്രോഡീകരിച്ചത്.

വിമാനത്താവളങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. ദുബൈ വിമാനത്താവളത്തില്‍ എത്തുന്നവര്‍ ആരോഗ്യ നിലയെ കുറിച്ച് വിവരം നല്‍കണം. സംശയകരമോ, സ്ഥിതീകരച്ചതോ ആയ പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം. ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

അസുഖങ്ങള്‍ ഉള്ളവര്‍ യാത്ര ചെയ്യരുത്

പകരാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ വിമാനത്താവളം വഴി യാത്ര ചെയ്യരുതെന്ന് നിയമത്തില്‍ പറയുന്നു. വിമാനത്താവളങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പകരുന്ന രോഗങ്ങള്‍ ഉള്ളവര്‍ അക്കാര്യം മറച്ചുവെക്കുന്നത് ഗുരുതരമായ തെറ്റായി കാണും. പകര്‍ച്ച വ്യാധികളെ നിയന്ത്രിക്കുന്നതിനും ആരോഗ്യസംരക്ഷണത്തില്‍ ആഗോള നിലവാരം ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയമമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com