സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണയുടെ അതിപ്രസരം; വ്യാജനെ തിരിച്ചറിയാം സിംപിളായി

വെളിച്ചെണ്ണയില്‍ പാമോയിലും മറ്റ് വിലകുറഞ്ഞ എണ്ണകളും കലര്‍ത്തിയാണ് വ്യാജന്മാരെ നിര്‍മിക്കുന്നത്. കേര ഫെഡിന്റെ കേരള വെളിച്ചെണ്ണയോട് സാമ്യമുള്ള പായ്ക്കറ്റുകളിലും വ്യാജന്മാരെത്തുന്നുണ്ട്
vegetable oil
vegetable oil
Published on

വെളിച്ചെണ്ണ വില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ വ്യാജ വെളിച്ചെണ്ണ വിപണിയില്‍ കളംനിറയുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ കാര്യമായ റെയ്ഡുകള്‍ നടക്കാത്തതും വ്യാജ വെളിച്ചെണ്ണ ലോബിക്ക് ഗുണകരമായി. സംസ്ഥാനത്ത് വില്ക്കപ്പെടുന്ന വെളിച്ചെണ്ണ പാക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണെന്നാണ് റിപ്പോര്‍ട്ട്. ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിലും ഇതിനോട് സാമ്യം തോന്നുന്ന പായ്ക്കുകളിലുമാണ് വ്യാജന്‍ വിപണിയിലേക്ക് ഒഴുകുന്നത്.

വ്യാജ വെളിച്ചെണ്ണ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഭക്ഷ്യസുര വകുപ്പ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

ഏഴ് ജില്ലകളില്‍ നിന്നായി 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയിട്ടുണ്ട്. ഇതിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നാണ് വ്യാജ വെളിച്ചെണ്ണയിലേറെയും പിടിച്ചെടുത്തത്. വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്പനയ്ക്കായി തയാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്.

കൊല്ലം, ആലപ്പുഴ ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. 11 സ്റ്റാറ്റിറ്റിയൂട്ടറി സാമ്പിളുകളും 20സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

വെളിച്ചെണ്ണയില്‍ പാമോയിലും മറ്റ് വിലകുറഞ്ഞ എണ്ണകളും കലര്‍ത്തിയാണ് വ്യാജന്മാരെ നിര്‍മിക്കുന്നത്. കേര ഫെഡിന്റെ കേരള വെളിച്ചെണ്ണയോട് സാമ്യമുള്ള പായ്ക്കറ്റുകളിലും വ്യാജന്മാരെത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വ്യാജ വെളിച്ചെണ്ണ എങ്ങനെ തിരിച്ചറിയാം

  • ചില്ലു ഗ്ലാസില്‍ വെളിച്ചെണ്ണ അരമണിക്കൂര്‍ ഫ്രീസറിന് പുറത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

  • എണ്ണ ശുദ്ധമാണെങ്കില്‍ കട്ടയാകും. നിറമുണ്ടാകില്ല. മായം ഉണ്ടെങ്കില്‍ നിറവ്യത്യാസം കാണിക്കും.

  • എണ്ണയില്‍ വെണ്ണ ചേര്‍ത്താല്‍ നിറം ചുവപ്പായാല്‍ പെട്രോളിയം പോലുള്ള മായം ചേര്‍ത്തെന്ന് സംശയിക്കണം. നേരിയ ചുവപ്പുനിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.

  • വ്യാജ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചാല്‍ മറവി രോഗം, തലവേദന, ഹൃദ്രോഗം, സ്ട്രോക് പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

  • ശുദ്ധമായ വെളിച്ചെണ്ണ ചെറിയ തീയില്‍ ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

  • ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com