പോസിറ്റീവ് മനോഭാവത്തിനായി ഇതാ അഞ്ച് വഴികള്‍

നിങ്ങള്‍ നേരിടുന്ന സാഹചര്യം എന്തായിരുന്നാലും പോസിറ്റീവായി തുടരാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുക
mental health
canva
Published on

ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും എപ്പോഴും ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്ന ആരെയെങ്കിലുമൊക്കെ നിങ്ങള്‍ക്കറിയാമായിരിക്കും. പോസിറ്റീവ് ആയിരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ ആയാസരഹിതമായ ഒരു കാര്യമായിരിക്കാം.

നിങ്ങള്‍ക്കും അതുപോലെയാകാന്‍ കഴിയും. എല്ലാ കാര്യങ്ങളും അനുകൂലമായി വന്നാലേ പോസിറ്റീവ് മനോഭാവം ഉണ്ടാക്കാന്‍ കഴിയൂ എന്നില്ല, അത് നിങ്ങള്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒന്നാണ്.

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും പോസിറ്റീവ് മനോഭാവം വളര്‍ത്താനും നിലനിര്‍ത്താനും നിങ്ങളെ സഹായിക്കുന്ന അഞ്ച് കാര്യങ്ങളിതാ...

1 . നന്ദി ഉള്ളവര്‍ ആയിരിക്കുക

നമ്മുടെ തലച്ചോറിന് ഒരുനെഗറ്റീവ് പക്ഷപാതം ഉണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. അതായത് പോസിറ്റീവായ കാര്യങ്ങളേക്കാള്‍ കൂടുതല്‍ നെഗറ്റീവായ വിശദാംശങ്ങള്‍ക്കാണ് നമ്മള്‍ ശ്രദ്ധ നല്‍കുന്നത്. അതുകൊണ്ടു തന്നെ പോസിറ്റീവ് മനോഭാവം നിലനിര്‍ത്താന്‍ കഴിയാത്തതില്‍ അതിശയിക്കാനൊന്നുമില്ല.

എങ്കിലും 'ഗ്രാറ്റിറ്റിയൂഡ് ജേര്‍ണല്‍' സൂക്ഷിക്കുന്നത് ജീവിതത്തിലെ എപ്പോഴും നിലനില്‍ക്കുന്ന നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തലച്ചോറിനെ പരിശീലിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്.

നന്ദി ഉള്ളവരായിരിക്കുന്നത് നിങ്ങളെ കൂടുതല്‍ സന്തോഷവാന്മാരായിരിക്കാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ വലിയ സ്വാധീനം ചെലുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും, കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരാകാനും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഗ്രാറ്റിറ്റിയൂഡ് ജേര്‍ണലില്‍ ഉപകാരസ്മരണയുള്ള കാര്യങ്ങള്‍ കുറിച്ചിടുകയും എന്തുകൊണ്ട് അവയ്ക്ക് നന്ദിയുള്ളവരായിരിക്കുന്നു എന്നും എഴുതിയിട്ടാല്‍ മതി.

എല്ലാ ദിവസവും, പ്രത്യേകിച്ച് രാവിലെ നിങ്ങള്‍ നന്ദി തോന്നിച്ച അഞ്ച് കാര്യങ്ങള്‍ എഴുതിയിടുന്നത് പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഏറെ സഹായിക്കും.

തുടക്കക്കാര്‍ക്കായി ചില മാതൃകകളിതാ...

  • ഇന്ന് അല്ലെങ്കില്‍ ഇന്നലെ സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്തായിരുന്നു?

  • ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയോ നിങ്ങളെ പുഞ്ചിരിപ്പിക്കുകയോ ചെയ്തത് എന്താണ്?

  • നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതില്‍ നന്ദി തോന്നിക്കുന്ന സുഹൃത്ത്/സുഹൃത്തുക്കള്‍/കുടുംബാംഗം ആരാണ്, എന്തുകൊണ്ട്?

2 . വിശ്രമത്തിന് സമയം കണ്ടെത്തുക

നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും അമിതമായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും ഉള്ളതിനേക്കാള്‍ വിശ്രമിക്കുന്ന സമയത്ത് പോസിറ്റീവായി ഇരിക്കാന്‍ എളുപ്പമായിരിക്കും.

എല്ലാ ദിവസവും കുറച്ചുസമയം വിശ്രമത്തിനായി മാറ്റിവെക്കുക. സംഗീതം കേട്ടും, ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍ ചെയ്തും പാട്ടു പാടിയും ചെറുതായി ഉറങ്ങിയുമൊക്കെ നിങ്ങള്‍ക്ക് റിലാക്സ് ചെയ്യാനാകും.

3 . കാഴ്ചപ്പാട് മാറ്റുക

പോസിറ്റീവ് മനോഭാവം ഉണ്ടാകുന്നതും ഇല്ലാതാകുന്നതും നമ്മുടെ കാഴ്ചപ്പാട് അനുസരിച്ചാണ്. ഒരുസംഭവം, സാഹചര്യം, അനുഭവം, ആളുകള്‍, അല്ലെങ്കില്‍ ബന്ധങ്ങള്‍ എന്നിവയെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണ് കാഴ്ചപ്പാട് എന്നതുകൊണ്ട് ലളിതമായി അര്‍ത്ഥമാക്കുന്നത്.

പലപ്പോഴും ചില അനുഭവങ്ങളേയോ സംഭവങ്ങളേയോ പെട്ടെന്ന് നെഗറ്റീവ് എന്ന് മുദ്രകുത്താന്‍ നമുക്ക് തിടുക്കമുണ്ടാകും. പിന്നീട് അതായിരിക്കും അതിനെ കുറിച്ചുള്ള നമ്മുടെ അനുഭവം.

എന്നാല്‍ നമ്മുടെ ജീവിതത്തില്‍ നാം നേരിടുന്ന പല വെല്ലുവിളികളെയും നമ്മള്‍ തുറന്ന മനസോടെ വിശാലമായ കാഴ്ചപ്പാടില്‍ ആഴത്തില്‍ നോക്കാന്‍ തയാറായാല്‍ അതിനെ അനുഗ്രഹങ്ങളായി കാണാന്‍ കഴിയും.

സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ നിങ്ങളുടെ കാഴ്ചപ്പാടിനെ പോസിറ്റീവാക്കി മാറ്റാനാകും.

  • ഈ അനുഭവം എന്നെ എന്തുപഠിപ്പിച്ചു?/എന്തു പഠിപ്പിക്കുന്നു?

  • ഈ അനുഭവം എന്നില്‍ എന്ത് ഗുണങ്ങള്‍ വളര്‍ത്തി?

  • ഇത് എന്നെ വളരാന്‍ എങ്ങനെ സഹായിച്ചു?/ഇത് എന്നെ വളരാന്‍ എങ്ങനെ സഹായിക്കുന്നു?

ചിലപ്പോള്‍ ഉത്തരം പെട്ടെന്ന് ലഭിച്ചെന്നു വരില്ല. പക്ഷേ നിങ്ങള്‍ പോസിറ്റീവ് കാഴ്ചപ്പാട് നിലനിര്‍ത്തുകയാണെങ്കില്‍ താമസിയാതെ ഉത്തരം നിങ്ങള്‍ക്ക് ബോധ്യമാകും.

4 . ദിവസവും വ്യായാമം ചെയ്യുക

ദിവസേന വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും പോസിറ്റീവായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

സെറോട്ടോനിന്‍, ഡോപമിന്‍,എന്‍ഡോര്‍ഫിന്‍സ്, നോപൈന്‍ഫ്രൈന്‍ തുടങ്ങിയ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.

നടക്കാന്‍ പോകുക, വര്‍ക്ക് ഔട്ട് ചെയ്യുക, ഓടുക, സൈക്കിള്‍ ചവിട്ടുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വ്യായാമം ചെയ്യുക.

5 . ഉത്തരവാദിത്തം ഏറ്റെടുക്കുക

ബാഹ്യ സാഹചര്യങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ എപ്പോഴും നടന്നെന്നു വരില്ല. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ബാഹ്യ സാഹചര്യങ്ങളേയോ മറ്റു ആളുകളേയോ ആശ്രയിച്ചാണ് നിങ്ങളുടെ മനോഭാവം രൂപപ്പെടുന്നതെങ്കില്‍ പോസിറ്റീവായിരിക്കുക എന്നത് പ്രയാസമുള്ള കാര്യമാകും.

നിങ്ങളുടെ മനോഭാവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും നിങ്ങള്‍ നേരിടുന്ന സാഹചര്യം എന്തായിരുന്നാലും പോസിറ്റീവായി തുടരാന്‍ പ്രതിജ്ഞാബദ്ധനായിരിക്കുകയും ചെയ്യുക. കാരണം, നമ്മുടെ ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അനുസരിച്ച് ജീവിതം മുന്നോട്ട് പോകാത്തപ്പോള്‍ മ്ലാനതയോടെയും നെഗറ്റീവായും ഇരിക്കുന്നതിലൂടെ ഒരു നേട്ടവും നേടാനില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനര്‍ത്ഥം ഉണ്ടാകുന്ന നെഗറ്റീവ് വികാരങ്ങളെ നിങ്ങള്‍ ഒഴിവാക്കുകയോ അടക്കിനിര്‍ത്തുകയോ ചെയ്യണം എന്നല്ല. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

പോസിറ്റീവ് മനോഭാവം നിലനിര്‍ത്താന്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അല്‍പ്പം ദയ കാണിക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ലക്ഷ്യങ്ങള്‍ നിശ്ചയിക്കാതിരിക്കുക. അവ നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം കുറ്റപ്പെടുത്തരുത്. പോസിറ്റീവായി തുടരുന്നത് എപ്പോഴും എളുപ്പമായിരിക്കില്ല. പക്ഷേ സ്വയമറിഞ്ഞ് പെരുമാറിയാല്‍ അത് എളുപ്പമാകും.

Five practical ways to cultivate a positive mindset in any life situation.

(ധനം മാഗസീന്‍ 2025 ഡിസംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com