70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: എങ്ങനെ അപേക്ഷിക്കാം?, ആരോഗ്യ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം?

ഗുണഭോക്താക്കൾക്ക് പണരഹിത ചികിത്സ ലഭിക്കുന്നതില്‍ പരാതികളുണ്ടെങ്കിൽ കോൾ സെൻ്റർ വഴി അധികൃതരുമായി ബന്ധപ്പെടാം
Senior Citizen
Image Courtesy: Canva
Published on

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) പ്രകാരം 70 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ വിപുലീകരീച്ചിരിക്കുകയാണ്. എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നൽകാനാണ് ആയുഷ്മാൻ വയ വന്ദന കാർഡ് ലക്ഷ്യമിടുന്നത്.

3,437 കോടി രൂപയാണ് കേന്ദ്രം പ്രാഥമികമായി പദ്ധതിക്ക് അനുവദിച്ചിട്ടുളളത്. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്കും ആശ സ്റ്റാഫ് പോലുള്ള ചില പ്രത്യേക വിഭാഗങ്ങൾക്കും മാത്രമാണ് നേരത്തെ പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നത്. ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

മുതിർന്ന പൗരന്മാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?

70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ പദ്ധതിയില്‍ www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ആയുഷ്മാൻ ആപ്പ് ഉപയോഗിച്ചോ അപേക്ഷിക്കാവുന്നതാണ്. പുതിയ കാർഡിനായി ഇ കെ.വൈ.സി പൂർത്തിയാക്കേണ്ടതിനാല്‍ ആയുഷ്മാൻ കാർഡുള്ളവരും വീണ്ടും അപേക്ഷ നല്‍കേണ്ടതാണ്. സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴി രജിസ്റ്റര്‍ ചെയ്യാമെങ്കിലും, ഇതുവരെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല.

മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ബെനിഫിഷ്യറി ലോഗിൻ ഓപ്ഷൻ വഴി കുടുംബാംഗങ്ങൾക്കും അർഹരായ ഗുണഭോക്താവിനെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എൻറോൾമെൻ്റ് പ്രക്രിയ ആരംഭിക്കുന്നതിന് കുടുംബാംഗം അവരുടെ മൊബൈൽ നമ്പർ നൽകി ഒ.ടി.പി ജനറേറ്റ് ചെയ്യേണ്ടതുണ്ട്. അടുത്തുള്ള എംപാനൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചും എൻറോൾ നടത്താം.

ആശുപത്രികൾ ഗുണഭോക്താക്കൾക്ക് പണരഹിത ചികിത്സ നൽകുന്നതില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ, ജൻ ആരോഗ്യ യോജന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ, 14555 എന്ന ദേശീയ കോൾ സെൻ്റർ വഴിയോ, മെയിൽ, കത്ത്, ഫാക്സ് എന്നിവ വഴിയോ അധികൃതരുമായി ബന്ധപ്പെടാം.

പരാതികൾ പരിഹരിക്കുന്നതിന് ആറ് മണിക്കൂർ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്.

എത്ര പേർക്ക് പരിരക്ഷയുണ്ട്?

4.5 കോടി കുടുംബങ്ങളിൽ നിന്നുള്ള ഏകദേശം 6 കോടി വ്യക്തികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇവരിൽ 1.78 കോടി മുതിർന്ന പൗരന്മാർ ഇതിനോടകം പദ്ധതിയുടെ പരിധിയിൽ ഉള്‍പ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ളവരിൽ, 80 ലക്ഷത്തോളം ആളുകൾ വിവിധ സർക്കാർ ആരോഗ്യ പദ്ധതികൾക്ക് കീഴിൽ ആരോഗ്യ പരിരക്ഷ നേടിയിട്ടുണ്ട്- കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സി.ജി.എച്ച്.എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം, പ്രതിരോധ, റെയിൽവേ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന പരിരക്ഷ തുടങ്ങിയവ.

ചികിത്സാച്ചെലവ് 5 ലക്ഷം കവിഞ്ഞാൽ എന്ത് സംഭവിക്കും?

പദ്ധതിക്ക് കീഴിൽ വരുന്ന എല്ലാ ചികിത്സകൾക്കും 2 ലക്ഷം രൂപയിൽ താഴെയാണ് ചെലവ് വരുന്നത്. കൂടാതെ, യോഗ്യരായ പാവപ്പെട്ട കുടുംബങ്ങളിലെ രോഗികൾക്ക് രാഷ്ട്രീയ ആരോഗ്യ നിധിയുടെ (ആര്‍.എ.എന്‍) കീഴിൽ ജൻ ആരോഗ്യ യോജന പദ്ധതിയില്‍ പരിരക്ഷിക്കപ്പെടാത്ത ചികിത്സകൾക്കായി 15 ലക്ഷം രൂപ വരെ ധനസഹായവും നൽകുന്നു.

അതേസമയം, ഡൽഹിയും പശ്ചിമ ബംഗാളും ഈ പദ്ധതി നടപ്പാക്കിയിട്ടില്ല എന്നതിനാല്‍, അവിടെയുള്ള പ്രായമായ പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com