
ഇന്നത്തെക്കാലത്ത് ഉദര സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണെന്ന് പറയാം. യാത്ര, ദീർഘനേരത്തെ ഇരുന്നുള്ള ഓഫീസ് ജോലി, ക്രമം തെറ്റിയ ഭക്ഷണം അങ്ങനെ പലതും ദഹനവ്യവസ്ഥയെ താളം തെറ്റിക്കും. വയറുവേദന, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, മലബന്ധം എന്നിങ്ങനെ പലവിധത്തിലാണ് പ്രശ്നങ്ങൾ. ഇത് ഭാവിയിൽ മറ്റ് രോഗാവസ്ഥകൾക്ക് ഇടയാകും. വയറിന്റെ പ്രശ്നങ്ങൾ നമ്മുടെ പ്രവർത്തന ക്ഷമതയെ ബാധിക്കും. ഉല്സാഹക്കുറവ്, ശ്രദ്ധക്കുറവ് എന്നിവയെ വിളിച്ചുവരുത്തുകയും ചെയ്യും.
അൽപം ശ്രദ്ധിച്ചാൽ വയറിനെ ശുദ്ധവും ആരോഗ്യകരമായും സൂക്ഷിക്കാം. നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ തോതും ഭക്ഷണവുമാണ് നമ്മുടെ ഉദരത്തിന്റെ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നത്.
ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കണമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. പക്ഷെ ഒരിക്കലും നടപ്പിലാക്കാറില്ല. അതുകൊണ്ട് ഇന്ന് തന്നെ ആവശ്യത്തിന് വെള്ളം കുടിച്ചു തുടങ്ങുക. ശരീരവും ആമാശയവും ഹൈഡ്രേറ്റഡ് ആയി ഇരിക്കട്ടെ. വയറ് ക്ലീൻ ആയിരിക്കാനും ദഹനത്തിനും ഇത് വളരെ പ്രധാനമാണ്.
തിരക്കേറിയ ജീവിതത്തിനിടയിൽ നാം സമയത്തിന് ഭക്ഷണം കഴിക്കാൻ കൂട്ടാക്കാറില്ല എന്നുള്ളത് എല്ലാവരും സൗകര്യപൂർവ്വം മറന്നുകളയുന്ന ഒരു വസ്തുതയാണ്. ക്രമം തെറ്റിയുള്ള ഭക്ഷണം ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കും. അസിഡിറ്റി, വയറ് വീർപ്പ് പോലുള്ള ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മൂന്ന് നേരത്തെ അല്ലെങ്കിൽ നാല് നേരത്തെ ഭക്ഷണത്തിന് കൃത്യമായി ഒരു സമയം തീരുമാനിക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യുക.
മദ്യപാനം, പുകവലി പോലുള്ള ശീലങ്ങൾ ഉണ്ടെങ്കിൽ അത് അപ്പാടെ ഒഴിവാക്കുന്നതാണ് ഉദരത്തിന്റെ പ്രവർത്തനത്തിനും ശരീരത്തിനും ഏറ്റവും നല്ലത്. മറ്റുള്ള എല്ലാ നല്ല കാര്യങ്ങൾ പിന്തുടരുകയും അതേസമയം മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ നിലനിർത്തുകയും ചെയ്താൽ നല്ല ശീലങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കാതെവരും.
പലപ്പോഴും ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്ത ജീവിതരീതിയാണ് നമ്മുടേത്. ദിവസത്തിൽ ഒരൽപം സമയം വ്യായാമത്തിനായി മാറ്റി വച്ച് നോക്കൂ. വ്യത്യാസം നമുക്ക് അനുഭവിച്ചറിയാം.
കണ്ടാൽ തന്നെ നാവിൽ കൊതിയൂറുന്നവയാണ് ജങ്ക് ഫുഡ് വിഭാഗത്തിൽ പെട്ട ഭക്ഷണങ്ങൾ. മാസത്തിലൊരിക്കലൊക്കെ രുചിച്ചു നോക്കാമെന്നല്ലാതെ ഇവയൊന്നും ശരീരത്തിന് ഗുണം ചെയ്യുന്നവയല്ല. മറിച്ച്, പച്ചിലകള്‍ അടങ്ങുന്ന ആഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇലക്കറികൾ നല്ലതാണ്.
ശരീരത്തെ ഡീറ്റോക്സ് ചെയ്യാൻ പറ്റുന്ന പാനീയങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാം. നാരങ്ങയും തേനും ചേർന്ന പാനീയം ഇതിനൊരു ഉദാഹരണമാണ്. ഇതിൽ നമ്മുടെ ശരീരത്തിന് ഏറ്റവും യോജിച്ചതേതാണെന്ന് കണ്ടെത്താൻ ഡോക്ടറുടെയോ ന്യൂട്രിഷന്റെയോ സഹായം തേടാം.
Read DhanamOnline in English
Subscribe to Dhanam Magazine