10 മിനിറ്റിൽ തലച്ചോറിനെ 'റീസെറ്റ്' ചെയ്യാം, ചിന്തകൾക്ക് കൂടുതൽ വ്യക്തത വരുത്താം
ഫോണിൽ ചിലപ്പോൾ നമ്മൾ 'ഫാക്ടറി റീസെറ്റ്' ചെയ്യാറില്ലേ? അതുപോലെ നമ്മുടെ തലച്ചോറിനേയും റീസെറ്റ് ചെയ്യാം. ദൈനംദിന ജോലികളും തിരക്കുകളും ഏറുമ്പോൾ പലപ്പോഴും ചിന്തകൾക്ക് വ്യക്തതയില്ല എന്ന് നമുക്ക് തോന്നാറില്ലേ? 'ഔട്ട് ഓഫ് ദി ബോക്സ്' ആശയങ്ങൾ വേണമെന്ന് ആഗ്രഹിക്കുമ്പോൾ എപ്പോഴും അത് തലയിൽ ഉദിക്കണമെന്നില്ല.
എന്താണ് ഇതിന് പ്രതിവിധി? നിങ്ങളുടെ തലച്ചോറിനെ ഒരു അഞ്ചു മിനിറ്റ് നിരീക്ഷിക്കുകയാണെങ്കിൽ അതെത്രമാത്രം സങ്കീർണ്ണമാണെന്ന് നമുക്ക് മനസിലാകും. കോടിക്കണക്കിന് ചിന്തകളാണ് ഒരു ദിവസം മനസിലൂടെ കടന്നുപോകുന്നത്. ഒരു ബോക്സിൽ സാധനങ്ങൾ അടുക്കി വെക്കുന്നതു പോലെ ഇതിനെയും ഓർഗനൈസ് ചെയ്യാം.
തലച്ചോറിലെ 'പുകപടലം' അകറ്റാം
"സമ്പത്ത്, സ്വാധീനം, ആരോഗ്യം, സംസ്കാരം തുടങ്ങിയ ഗുണങ്ങളുള്ള ഒരു വ്യക്തിയാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ജേർണൽ കരുതുക," സംരംഭകനും എഴുത്തുകാരനുമായ ജിം റോണിന്റെ വാക്കുകളാണിത്.
ഐസക്ക് ന്യൂട്ടൻ, എബ്രഹാം ലിങ്കൺഎം ആൻഡി വാർഹോൾ, ലിയനാർഡോ ഡാ വിഞ്ചി, ചാൾസ് ഡാർവിൻ, വിൻസ്റ്റൺ ചർച്ചിൽ, ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ, ഏൺസ്റ്റ് ഹെമിങ്‌വേ, ജോർജ് ബെർണാഡ് ഷോ എന്നിവരെല്ലാം തങ്ങളുടെ സ്വന്തമായി കുറിപ്പുകൾ എഴുതി സൂക്ഷിക്കാറുള്ളവരായിരുന്നു.
എഴുത്തുകൊണ്ട് നമുക്ക് എന്തെല്ലാം മെച്ചമാണുണ്ടാകുക: ചെയ്യേണ്ട കാര്യങ്ങൾ മുന്‍ഗണനാക്രമത്തിൽ തയ്യാറാക്കാം, ചിന്തകൾക്ക് കൂടുതൽ വ്യക്തത കൊണ്ടുവരാം, ഏറ്റവും പ്രധാനമായ ജോലികൾ ചെയ്തു തീർക്കാം എന്നിങ്ങനെ ധാരാളം ഗുണങ്ങൾ ഈ ശീലത്തിനുണ്ട്.
മാത്രമല്ല, കാര്യങ്ങൾ മനസിലാക്കാനുള്ള തലച്ചോറിന്റെ കഴിവ് വർധിക്കും. അതുപോലെ തന്നെ കാര്യങ്ങൾ ഓർത്തെടുക്കാനും എളുപ്പത്തിൽ സാധിക്കും. ഇത്തരത്തിൽ തലച്ചോറിന്റെ പല പ്രവർത്തനങ്ങളേയും മികച്ചതാക്കാൻ എഴുത്തിന് സാധിക്കും.
ബ്രെയിൻ ഡംപ്
എന്താണ് ബ്രെയിൻ ഡംപ്? നിങ്ങളുടെ എല്ലാ ചിന്തകളും തലച്ചോറിന് പുറത്തെത്തിച്ച് ഒരു കാര്യത്തിൽ മാത്രം ഫോക്കസ് ചെയ്യുന്നതിനെയാണ് ബ്രെയിൻ ഡംപ് എന്ന് പറയുന്നത്. നിങ്ങളുടെ മനസിലുള്ള കാര്യങ്ങളെ മുഴുവൻ ചിട്ടപ്പെടുത്താനുള്ള ഒരു സമയമാണിത്.
- നിങ്ങളുടെ വിഷമങ്ങൾ, ചോദ്യങ്ങൾ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ജോലികൾ അങ്ങനെ തലക്കകത്തെ എല്ലാം ഒരു കടലാസിലേക്ക് പകർത്തിയെഴുതുക.
- കടലാസിൽ എഴുതാൻ കഴിയാത്തവർക്ക് വേർഡ് ഡോക്യൂമെന്റോ മറ്റോ ഉപയോഗിക്കാം.
- ഇതിന് ഒരു 10 മിനിറ്റ് സമയം ചെലവഴിച്ചാൽ മതിയാകും.
- വൃത്തിയായ, വടിവൊത്ത ഭാഷയിൽ എഴുതണമെന്നില്ല (കാരണം, ഇതു നിങ്ങളുടെ സീക്രട്ട് നോട്ട് ആണ്.)
- ക്രമമില്ലാതെ മനസിലേക്ക് വരുന്ന ചിന്തകളെല്ലാം എഴുതാം.
- എഴുതിക്കഴിഞ്ഞാൽ ഒരു 2 മിനിറ്റ് ബ്രേക്ക് എടുക്കാം
- പിന്നെയും ലിസ്റ്റിലേക്ക് തിരിച്ചു വരിക
- ഇനി ആവശ്യമില്ലാത്തതിനെ ഒഴിവാക്കി, ലിസ്റ്റ് ക്രമീകരിക്കാം.
- ചെയ്യേണ്ട ജോലികൾ, ആശയങ്ങൾ എല്ലാം പ്രാധാന്യം അനുസരിച്ച് ലിസ്റ്റ് ചെയ്യാം.
ദിവസവും ഉറങ്ങുന്നതിന് മുൻപ് 10 മിനിറ്റ് ഇതിനായി ചെലവഴിക്കുന്നത് നന്നായിരിക്കും. ഒരു നിർണായക മീറ്റിംഗിന് മുൻപോ, പൊതുവേദിയിൽ സംസാരിക്കേണ്ടി വരുമ്പോഴോ, ആശയങ്ങൾ രൂപീകരിക്കേണ്ടി വരുമ്പോഴോ ബ്രെയിൻ ഡംപ് ഏറെ ഗുണം ചെയ്യും.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.