വെറുതെ കിടന്നുറങ്ങാന്‍ 'സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് ' ; സ്‌റ്റൈപ്പെന്റ് ഒരു ലക്ഷം
നൂറു ദിവസം വെറുതെ കിടന്നുറങ്ങാന്‍ ഒരു ലക്ഷം രൂപ പ്രതിഫലം ! ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് ആയ വേക്ക്ഫിറ്റ് 'സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് 2020 ബാച്ചി'ല്‍ ചേരാന്‍ അപേക്ഷരെ ക്ഷണിച്ചുകൊണ്ട് നല്‍കിയ ഇന്റര്‍നെറ്റ് വിജ്ഞാപനം വൈറല്‍ ആയിത്തുടങ്ങി.
നിദ്രയോടുള്ള 'ഭ്രാന്തന്‍ അഭിനിവേശ' വും ഉറങ്ങാനുള്ള 'സ്വതസിദ്ധമായ കഴിവും' ആണ് അപേക്ഷകരുടെ നിര്‍ദ്ദിഷ്ട നൈപുണ്യമായി ചേര്‍ത്തിട്ടുള്ളത്. ഈ 'സ്വപ്ന ജോലിയുടെ' ഡ്രസ് കോഡ് പൈജാമയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. എല്ലാ രാത്രിയും ഒന്‍പത് മണിക്കൂര്‍ വീതം 100 ദിവസത്തേക്ക് ഉറങ്ങുന്നതാണ് 'ഡ്യൂട്ടി'. സ്‌റ്റൈപ്പെന്റ് ഒരു ലക്ഷം.
ജീവിതത്തില്‍ മികച്ച ഉറക്കത്തിന് മുന്‍ഗണന കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച 'ഉറക്കക്കാരെ' റിക്രൂട്ട് ചെയ്യുന്നത് അതിന്റെ ഭാഗമായാണ്. ആരോഗ്യ സംരക്ഷണത്തിന് നല്ല ഉറക്കം അനിവാര്യമാണെന്നു തിരിച്ചറിയുന്നവരെ പ്രോല്‍സാഹിപ്പിക്കാനും അഭിനന്ദിക്കാനും വഴി തെളിക്കുന്നു 'സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് 'സംരംഭം -ഫോം മെത്തയുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ വേക്ക്ഫിറ്റ്.കോയുടെ ഡയറക്ടറും സഹസ്ഥാപകനുമായ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു.
ഇന്റേണുകളുടെ ഉറക്ക രീതികള്‍ കമ്പനി നിരീക്ഷിക്കും. അവര്‍ക്ക് കൗണ്‍സിലിംഗ് സെഷനുകളും സ്ലീപ്പ് ട്രാക്കറുകളും നല്‍കും. അവര്‍ മെത്ത ഉപയോഗിക്കുന്നതിന് മുമ്പും ശേഷവുമുള്ള ഉറക്ക അനുഭവങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് കമ്പനിയെ സഹായിക്കും. 'ജീവിതത്തില്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്റെ പ്രധാന ഭാഗമായി ഉറക്കത്തെ മാറ്റുന്നതിനുള്ള നീക്കവുമാണിത്,' രാമലിംഗഗൗഡ കൂട്ടിച്ചേര്‍ത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline