

ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ന്യൂറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളില്‍ പകുതിയോളം പേരെ ബാധിച്ചേക്കാം. ചിലര്‍ക്ക് ഇത് മിതമായേ ബാധിക്കാറുള്ളൂ. സമഗ്രമായ, ക്ലിനിക്കല്‍, ന്യൂറോളജിക്കല്‍ പരിശോധനകളിലൂടെമാത്രമെ ഇതിന്റെ രോഗനിര്‍ണയം നടത്താനാവൂ. ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റ് അസുഖങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീര്‍ണതയാണ് പ്രമേഹ ന്യൂറോപ്പതി. ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ നിങ്ങളുടെ ശരീരത്തിലുടനീളമുള്ള നെര്‍വ് ഫൈബറുകളെ കാലക്രമേണ നശിപ്പിക്കും.
ഞരമ്പുകള്‍ക്ക് വേണ്ടത്ര രക്തം ലഭിക്കാത്ത പ്രതിഭാസം ന്യൂറോണല്‍ ഇസ്‌കെമിയ (Neuronal Ischemia) പ്രമേഹ ന്യൂറോപ്പതിയുടെ ഒരു സ്വഭാവവിശേഷമാണ്. പ്രമേഹ പെരിഫറല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം. (ബാധിച്ച ഞരമ്പുകളെ ആശ്രയിച്ച്).
തരിപ്പ്.
മരവിപ്പ് (തീവ്രമായതോ, അല്ലെങ്കില്‍ ദീര്‍ഘകാലമായുള്ളതോ ആയ മരവിപ്പ്, പിന്നെ സ്ഥിരമായെന്ന് വരാം).
പുകച്ചില്‍ എടുക്കുന്ന പോലെയുള്ള പ്രതീതി (പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍).
വേദന.
പാദങ്ങളില്‍ ഞരമ്പുകള്‍ തകരാറിലാകുന്നത് കാല്‍ സംവേദനം നഷ്ടപ്പെടുന്നതിനിടയാക്കും. ഇതുമൂലം കാലിലെ പരിക്കുകളും വ്രണങ്ങളും തിരിച്ചറിയാന്‍ കഴിയാതെ വരും.
പെരിഫറല്‍ ന്യൂറോപ്പതിയുടെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശീലിക്കാം. ആവശ്യം വന്നാല്‍ ഒരു പാദ വിദഗ്ധന്റെ സേവനം തേടാം.
കാലും കാല്‍പാദങ്ങളും ദിവസേന പരിശോധിക്കുക.
പാദങ്ങള്‍ വരണ്ടതാണെങ്കില്‍ ലോഷന്‍ പുരട്ടുക.
നഖങ്ങളുടെ പരിചരണം നിര്‍ബന്ധമാക്കുക.
ശരിയായി യോജിക്കുന്ന പാദരക്ഷകള്‍ ധരിക്കുക, കാലിന് പരിക്കേല്‍ക്കാതിരിക്കാന്‍ എല്ലായ്പ്പോഴും അവ ധരിക്കുക.
കാഴ്ച്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍.
സന്തുലിതാവസ്ഥയില്‍ വരുന്ന പ്രശ്നങ്ങള്‍.
Dystsehesia (ശരീരഭാഗത്തിന് സംഭവിക്കുന്ന അസാധാരണമായ സംവേദനം).
അതിസാരം (Diarrhoea).
ഉദ്ധാരണക്കുറവ് (Impotence), രതിമൂര്‍ച്ഛയിലെത്താന്‍ ബുദ്ധിമുട്ട്- അനോര്‍ഗാസ്മിയ (Anorgasmia), റിട്രോഗ്രേഡ് ഇജാക്കുലേഷന്‍ (പുരുഷന്മാരില്‍), അമിതമായ മൂത്രശങ്ക അഥവാ Urinary Incontinence (മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നു).
മുഖം, വായ, കണ്‍പോളകള്‍ എന്നിവ തൂങ്ങിപ്പോവുന്നു. പേശികളുടെ ബലഹീനത, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, സംസാര ശേഷി കുറയുക എന്നിവയും സംഭവിക്കുന്നു.
Fasciculation (പേശികളുടെ സങ്കോചങ്ങള്‍).
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ പ്രമേഹ ന്യൂറോപ്പതിയുടെ അപകടസാധ്യത കാര്യമായി തന്നെ വര്‍ധിച്ചുവന്നേക്കാം.
പ്രമേഹം വൃക്കകള്‍ക്ക് നാശമുണ്ടാക്കാം. ഇത് രക്തത്തിലെ വിഷവസ്തുക്കളെ വര്‍ധിപ്പിക്കുകയും നാഡികളുടെ തകരാറിന് കാരണമാവുകയും ചെയ്യും.
ബോഡി മാസ് സൂചിക (BMI) 24ല്‍ കൂടുതലുള്ളത് പ്രമേഹ ന്യൂറോപ്പതി വരാനുള്ള സാധ്യത വര്‍ധിപ്പിക്കും.
പുകവലി നിങ്ങളുടെ ധമനികളെ സങ്കുചിതമാക്കുകയും കഠിനമാക്കുകയും ചെയ്യുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് മുറിവുകളെ സുഖപ്പെടുത്തുന്നത് കൂടുതല്‍ പ്രയാസകരമാക്കുകയും പെരിഫറല്‍ ഞരമ്പുകളുടെ സമഗ്രതയെ നശിപ്പിക്കുകയും ചെയ്യുന്നു.
കാലക്രമേണ പ്രമേഹത്തെ നന്നായി നിയന്ത്രിക്കുന്നതാണ് പ്രമേഹ ന്യൂറോപ്പതിയെ ചികിത്സിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. ന്യൂറോപ്പതിക്ക് ചികിത്സയൊന്നുമില്ല. പക്ഷേ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത് രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും അവ വഷളാകുന്നത് തടയുകയും ചെയ്യും.
വേദന കുറയ്ക്കാനായി ചില പ്രത്യേക വേദന സംഹാരികള്‍, അല്ലെങ്കില്‍ ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്. വിഷാദ രോഗത്തിന് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളായ ട്രൈസൈക്ലിക് ആന്റീഡിപ്രസന്റ്സ് (Tricyclic Antidepressatns), മറ്റ് ആന്റീഡിപ്രസന്റ് മരുന്നുകള്‍, അപസ്മാരം നിയന്ത്രിക്കുന്ന മരുന്നുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഏത് മരുന്ന്, ഏത് അളവില്‍ കഴിക്കണം എന്നത് ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഇത് ന്യൂറോ സ്പെഷ്യലിസ്റ്റിന്റെയും പ്രമേഹ വിദഗ്ധന്റെയും മേല്‍നോട്ടത്തില്‍ മാത്രമെ എടുക്കാവൂ.
ആളുകള്‍ ചിലപ്പോള്‍ ഗൂഗിളില്‍ തിരയുകയും വിഷാദം/അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകള്‍ ന്യൂറോപ്പതിക്ക് തെറ്റായി നല്‍കിയിട്ടുണ്ടെന്ന് സ്വയം തീരുമാനിക്കുകയും ചെയ്യുന്നു. പിന്നീട് ഈ മരുന്നുകള്‍ ഡോക്ടര്‍ പറഞ്ഞതു പോലെ കഴിക്കില്ല. ഇതുകൊണ്ട് ശരിയായ ചികിത്സ കിട്ടില്ല. തന്മൂലം വളരെക്കാലം വേദന അനുഭവിക്കേണ്ടിവരുന്നു.
അക്യുപംഗ്ചര്‍, ബയോഫീഡ്ബാക്ക് പോലുള്ള കോംപ്ലിമെന്ററി ചികിത്സകള്‍ പരീക്ഷിക്കാം.
വ്യായാമങ്ങള്‍, സ്ട്രെച്ചിംഗ്, മസാജ് എന്നിവ പോലെയുള്ള ഫിസിക്കല്‍ തെറാപ്പികള്‍ പരീക്ഷിക്കാം. ചൂടോ ഐസോ എന്നിവ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക. ന്യൂറോപ്പതി താപനിലയിലുള്ള മാറ്റങ്ങള്‍ മനസിലാക്കുന്നത് ബുദ്ധിമുട്ടാക്കും. ട്രാന്‍സ്‌ക്യുട്ടേനിയസ് ഇലക്ട്രിക്കല്‍ നാഡി ഉത്തേജനം (TENS), ചര്‍മത്തിലെ നാഡി അറ്റങ്ങളില്‍ വൈദ്യുതിയുടെ ഹ്രസ്വമായ പള്‍സ് പ്രയോഗിച്ച് വേദന കുറയ്ക്കുന്ന ഒരുതരം തെറാപ്പിയാണ്.
പ്രമേഹ ന്യൂറോപ്പതിയെ തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തുക എന്നതാണ്. ഇത് ഞരമ്പുകളെ സംരക്ഷിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ പ്രമേഹത്തെ വിജയകരമായി തടയാനും നിയന്ത്രിക്കാനും കഴിയും.
(വിപിഎസ് ലേക്ക്ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജനും ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന ഓണററി സെക്രട്ടറിയുമാണ് ലേഖകന്‍)
(Originally published in Dhanam Magazine November 15, 2025 issue.)
Know about diabetic neuropathy and take precautions.
Read DhanamOnline in English
Subscribe to Dhanam Magazine