
ലോകത്തില്‍ വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ അധികവും ഇന്ത്യയില്‍. മലിനീകരണത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് പരിസ്ഥിതി വിപത്തിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുന്നത്.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ പരിസ്ഥിതി പഠന കമ്പനിയായ ഐക്യുഎയര്‍ നടത്തിയ പുതിയ പഠനത്തിലാണ് ആഗോള തലത്തില്‍ വായു മലിനീകരണത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതായി കണ്ടെത്തിയത്. മലനീകരണ തീവ്രത അനുസരിച്ച് തയ്യാറാക്കിയ 20 നഗരങ്ങളുടെ പട്ടികയില്‍ 19 എണ്ണവും ഏഷ്യയിലാണ്. ഇതില്‍ 12 എണ്ണവും ഇന്ത്യയിലും. ആഫ്രിക്കന്‍ രാജ്യമായ ഛാദിലെ എന്‍ജാമെന നഗരമാണ് മലിനീകരണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനിലെ നാല് നഗരങ്ങളും പട്ടികയില്‍ ഉണ്ട്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഏറെയും ഉത്തര്‍പ്രദേശിലാണ്. ഗാസിയാബാദിനടുത്തുള്ള ലോണി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, മുസഫര്‍ നഗര്‍ എന്നീ നഗരങ്ങള്‍ പട്ടികയിലുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹി,അസാം-മേഘാലയ അതിര്‍ത്തിയിലെ ബിര്‍നിഹാത്ത്, മഹാരാഷ്ട്രയിലെ ഭീവണ്ഡി, അസാമിലെ ഗുവാഹത്തി, ഹരിയാനയിലെ ഫരീദാബാദ്, ഗുരുഗ്രാം, ബീഹാറിലെ മുസഫര്‍പൂര്‍, പാറ്റ്‌ന എന്നീ നഗരങ്ങളിലും മലിനീകരണം ആഗോള നിലവാരത്തിന് മുകളിലാണ്.
പാക്കിസ്ഥാനിലെ ലാഹോര്‍, പെഷവാര്‍, റാവല്‍പിണ്ടി, കറാച്ചി എന്നീ നഗരങ്ങളും ചൈനയിലെ ഹോട്ടന്‍, ബംഗ്ലാദേശിലെ ധാക്ക, ഖസാക്കിസ്ഥാനിലെ അല്‍മാട്ടിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
വ്യവസായ വികസനത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും ഫലമായാണ് ഈ നഗരങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നതെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പിഎം2.5 വാല്യു പരിശോധനകളാണ് നടന്നത്. പട്ടികയിലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഏറെയും വ്യവസായ മേഖലകളാണ്. ഫാക്ടറികളില്‍ നിന്നുള്ള പുകയും അമിതമായ നഗരവല്‍ക്കരണം മൂലം വാഹനങ്ങളുടെ തിരക്കും ശുദ്ധവായുവിന്റെ ലഭ്യത കുറക്കുന്നതായി പഠനത്തില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine