

കോവിഡും ഒമിക്രോണ്‍ കേസുകളും ഉയരുകയാണ്. ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്താല്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ സഹായിക്കും. ആരോഗ്യമുള്ളവരെങ്കില്‍ ശരിയായ പരിചരണം, വിശ്രമം, പോഷകാഹാരം എന്നിവ നോക്കി വീട്ടില്‍ കഴിഞ്ഞാല്‍ രോഗകാലം സുരക്ഷിതമാക്കാം.
സംസ്ഥാനത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിച്ചു വരുന്നുണ്ട്. ഒരു കൊവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍ ആ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതാ സ്വന്തം കുടുംബത്തിനായി ചെക് ലിസ്റ്റ്.
ഗൃഹ പരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയിലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കൊവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയെ പരിചരിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതുമാണ്. മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് തൊടുകയോ ചെയ്യരുത്.
ടിവി റിമോട്ട്, ആഹാര സാധനങ്ങള്‍, ഫോണ്‍ മുതലായ വസ്തുക്കള്‍ രോഗമില്ലാത്തവരുമായി പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം പോഷകാഹാരവും ആവശ്യത്തിനു വെള്ളവും ഉറപ്പാക്കണം. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്സിജന്റെ അളവും പള്‍സ് നിരക്കും സ്വയം പരിശോധിക്കുക. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും.
ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഇതുകൂടാതെ വാക്ക് ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം പള്‍സ് നിരക്ക് 90ന് മുകളില്‍ പോകുന്നുണ്ടോ എന്നും ഓക്സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. അങ്ങനെ കാണപ്പെടുന്നു എങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നാണു അത് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുക.
വാട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് കൊവിഡിന്റെ രോഗ ലക്ഷണങ്ങളേയും സങ്കീര്‍ണതകളേയും കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അപകട സൂചനാ ലക്ഷണങ്ങളായ ശക്തിയായ ശ്വാസംമുട്ടല്‍, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, കൈകാലുകള്‍ നീല നിറം ആകുക, നെഞ്ചു വേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്ന പക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്.
ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ചികിത്സിക്കുകയും അത്യാവശ്യമെങ്കില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയിലൂടെ ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.
www.esanjeevaniopd.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇ സഞ്ജീവനി സേവനം ലഭ്യമാകുന്നതാണ്.
കൊവിഡും ഗൃഹപരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദിശ നമ്പറില്‍ വിളിക്കാം 1056, 104, 0471 2552056, 2551056
Read DhanamOnline in English
Subscribe to Dhanam Magazine