

സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമായി നിയമം നേരത്തേ പാസാക്കിയതാണെങ്കിലും, ചിലര്‍ കോടതിയിലെത്തി നടപടിക്ക് സ്റ്റേ വാങ്ങുകയായിരുന്നു.
നിയമസഭയില്‍ ഇന്ന് കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം. ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സകള്‍ക്ക് അമിത നിരക്ക് ഈടാക്കുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് ശക്തിയാര്‍ജിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതോടെ, ചികിത്സാ ചെലവുകള്‍ക്ക് ആശുപത്രികള്‍ തമ്മില്‍ നിരക്ക് ഏകീകരണം ഉണ്ടാകുമെന്നും ജനങ്ങള്‍ക്ക് സാമ്പത്തിക ഭാരം താരതമ്യേന കുറയുമെന്നാണ് കണക്കാക്കുന്നത്. പക്ഷെ ചികിത്സകള്‍ക്ക് എത്ര നിരക്ക് ഈടാക്കണമെന്നത് സംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങള്‍ അനുസരിച്ച് അവരുടേതായ തീരുമാനത്തില്‍ എത്താന്‍ സാധിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതിനായി ആശുപത്രികളില്‍ ഇലക്ട്രോണിക് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ ചികിത്സാരേഖകള്‍ അവരുടെ അനുവാദത്തോടെ ഡോക്ടര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാന്‍ ഇലക്ട്രോണിക് ഐ.ഡി. ഏര്‍പ്പെടുത്തിയപ്പോഴും ചിലര്‍ കോടതിയെ സമീപിച്ചു. ഇല്ലെങ്കില്‍ ഇവ നേരത്തെ നടപ്പാക്കാമായിരുന്നു. ഇ-ഹെല്‍ത്ത് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine