സര്‍പ്പ വിഷ ചികിത്സയില്‍ പുതു ചരിത്രമാകുന്ന കണ്ടുപിടുത്തം കൊച്ചിയിലെ സ്ഥാപനത്തില്‍

സര്‍പ്പ വിഷ ചികിത്സയില്‍ പുതു ചരിത്രമാകുന്ന കണ്ടുപിടുത്തം  കൊച്ചിയിലെ സ്ഥാപനത്തില്‍
Published on

'സിന്തറ്റിക് ആന്റിവെനം' വികസിപ്പിക്കുന്നതിനുള്ള വഴിതുറന്ന്

മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം തയ്യാര്‍

സര്‍പ്പ വിഷ ചികിത്സയ്ക്ക് 'സിന്തറ്റിക് ആന്റിവെനം' വികസിപ്പിക്കുന്നതിനു വഴിതുറന്ന് കൊച്ചിയിലെ അഗ്രിജീനോം ലാബ്‌സ് ഇന്ത്യയുടെ സുപ്രധാന കണ്ടുപിടുത്തം. മൂര്‍ഖന്‍പാമ്പ് വിഷത്തിന്റെ ജനിതക ഘടനാ ചിത്രം ഡോ. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതിലൂടെ പാമ്പിന്‍ വിഷത്തില്‍ നിന്നല്ലാതെ ജനിതക പ്രക്രിയ വഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു സഹായകമാകുന്ന മാതൃക വികസിപ്പിക്കുക എളുപ്പമാകും.

നേച്ചര്‍ ജനിറ്റിക്‌സിന്റെ 2020 ജനുവരി ലക്കത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന ഇപ്പോഴത്തെ രീതി അടിമുടി മാറ്റുന്നതാണ് സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ കൈവരിക്കാന്‍ കഴിഞ്ഞ മെഡിക്കല്‍ ജിനോമിക്‌സിലെ ഉജ്ജ്വലമായ ഈ നേട്ടമെന്ന് അഗ്രിജീനോം ലാബ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയായ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.ഇന്ത്യന്‍ കോബ്രയിലെ വിഷഗ്രന്ഥികളില്‍ നിന്ന് 19 ജീനുകളെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്തു. ഇതു വഴി വിഷത്തിലെ വിവിധ ഘടകങ്ങളും അവയെ എന്‍കോഡു ചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു.

1895-ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് കാല്‍മെറ്റ് കണ്ടുപിടിച്ച പ്രകാരം പാമ്പില്‍നിന്ന് ശേഖരിച്ച വിഷം കുതിരകളില്‍ കുത്തിവച്ച് വികസിപ്പിക്കുന്ന ആന്റിബോഡി ശുദ്ധീകരിച്ചാണ് നിലവില്‍ ആന്റിവെനം നിര്‍മിക്കുന്നത്. കടുത്ത പാര്‍ശ്വഫലങ്ങളും വിലക്കൂടുതലുമാണ് ഈ ആന്റിവെനത്തിന്റെ നെഗറ്റീവ് വശങ്ങള്‍.ഫലപ്രാപ്തി കുറവുമാണ്.

പാമ്പുകളുടെ വിഷത്തിന് സാധാരണ വിഷവുമായി താരതമ്യം സാധ്യമല്ല. ജീനുകള്‍ എന്‍കോഡ് ചെയ്ത പ്രോട്ടീനുകളുടെ സങ്കീര്‍ണ്ണ മിശ്രിതമാണിത് -പഠന സംഘത്തിലെ ഡോ. ശേഖര്‍ ശേഷഗിരി പറഞ്ഞു. മനുഷ്യ ആന്റിബോഡികളുടെ വിശാലമായ ലൈബ്രറികളില്‍ നിന്ന് ഫേജ് ഡിസ്പ്ലേ സാങ്കേതിക വിദ്യ വഴി ഏറ്റവും ഫലപ്രദമായ ആന്റിവെനമായി പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സാധിക്കും. ജോര്‍ജ്ജ് പി. സ്മിത്തിനും ഗ്രിഗറി പി. വിന്ററിനും 2018 ലെ കെമിസ്ട്രി നൊബേല്‍ സമ്മാനം നേടിക്കൊടുത്ത കണ്ടുപടുത്തമാണ് ഫേജ് ഡിസ്പ്ലേ സാങ്കേതിക വിദ്യ.

ഇന്ത്യന്‍ കോബ്ര ജീനോം സീക്വന്‍സിങ്ങിന്റെ ഭാഗമായി അത്യാധുനിക സീക്വന്‍സിംഗ് സാങ്കേതികവിദ്യകളും, ഒപ്റ്റിക്കല്‍ മാപ്പിംഗ് സാങ്കേതികവിദ്യയും, നിരവധി ബയോ ഇന്‍ഫോര്‍മാറ്റിക്സ് സോഫ്റ്റ്വെയറുകളും സംയോജിപ്പിച്ച് ജനിതക വിവരങ്ങള്‍ ശേഖരിക്കാനും തരം തിരിക്കാനും കഴിഞ്ഞതായി അഗ്രിജെനോം ലാബിലെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. വി. ബി. റെഡ്ഡി പറഞ്ഞു. മറ്റ് വിഷപ്പാമ്പുകളുടെ ജനിതക ഘടനാ ചിത്രീകരണ സംരംഭത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിന് പുറമെ ഇന്ത്യയിലെ നിരവധി കാര്‍ഷിക വിളകള്‍, ഔഷധ സസ്യങ്ങള്‍, കന്നുകാലികള്‍, വന്യമൃഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക പഠനങ്ങളും പൂര്‍ത്തിയായി വരുന്നതായി ഡോ. റെഡ്ഡി അറിയിച്ചു.

പ്രതിവര്‍ഷം ഇന്ത്യയില്‍ മാത്രം 2.8 ദശലക്ഷം പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അര ലക്ഷത്തോളം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ കോബ്രയിലെ പ്രസക്തമായ വിഷവസ്തുക്കളുടെ ഒരു മുഴുവന്‍ ലിസ്റ്റ് ലഭിച്ചിരിക്കുന്നതെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ (എന്‍യുഎസ്) പ്രൊഫസറും പാമ്പു വിഷ വിദഗ്ദ്ധനും, പഠനത്തില്‍ പങ്കാളിയുമായ ഡോ. ആര്‍. മഞ്ജുനാഥ കിനി പറഞ്ഞു.ഇന്ത്യയിലെ നാല് വമ്പന്‍ ('ബിഗ് ഫോര്‍') വിഷ പാമ്പുകളുടെയും മാരകമായ ആഫ്രിക്കന്‍ പാമ്പുകളായ ബ്ലാക്ക് മാമ്പ, കാര്‍പെറ്റ് വൈപ്പര്‍, സ്പിറ്റിംഗ് കോബ്ര എന്നിവയുടെയും ജീനോമുകളും വിഷഗ്രന്ഥി ജീനുകളും ലഭ്യമാക്കുന്ന പരീക്ഷണങ്ങളാണ് അടുത്ത ഘട്ടം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com