ഈ ഇരുപ്പ് നിങ്ങളെ കൊല്ലും!

ഓഫീസിലെ കസേരയില്‍, ബസ് സീറ്റില്‍, വീട്ടിലെ സോഫയില്‍ എവിടെയായാലും ഒരേയിരുപ്പാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങള്‍ സാവധാനം മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തി ശരാശരി 50 മുതല്‍ 70 ശതമാനം വരെ ഓരോ ദിവസവും ഇരുന്നു തീര്‍ക്കുകയാണെന്നാണ് കണക്ക്. ദീര്‍ഘനേരം ഇരിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാന്‍ 90 ശതമാനം കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മാത്രമല്ല അമിതവണ്ണവും നിങ്ങളുടെ അന്തകനായി അവതരിച്ചേക്കാം. നിങ്ങള്‍ മറ്റെന്ത് വ്യായാമമുറകള്‍ ചെയ്താലും ദീര്‍ഘനേരം ഇരിക്കുന്നത് അതിന്റെ ഫലം ഒരു പരിധിവരെ ഇല്ലാതാക്കും. അതായത് ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ മൂന്നു മണി വരെയാണ് ഏറ്റവും അപകടകരം. അതായത് ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇരുപ്പ്. ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാര്‍ഡിയോ വാസ്‌കുലര്‍ (ഹൃദയ ധമനികളില്‍ ബ്ലോക്ക്) പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത 2.2 ശതമാനം കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, കൂടുതല്‍ നേരം ഇരിക്കുന്നവരില്‍ അര്‍ബുദം, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യൂമോണിയ, കരള്‍ രോഗം, അള്‍സര്‍, പാര്‍ക്കിന്‍സണ്‍, അള്‍ഷിമേഴ്‌സ്, ഞരമ്പ് രോഗങ്ങള്‍ എന്നിവ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇരുപ്പ് കൂടിയാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദവും കൂടും. ശരിയായ രീതിയല്ല ഇരിക്കുന്നതെങ്കില്‍ നടുവേദനയും കഴുത്ത് വേദനയും ഇതിനു പുറമേ ഉണ്ടാകും. ആഴ്ചയില്‍ അഞ്ചു ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവര്‍ പിന്നെ എന്തു ചെയ്യും?

ഓരോ ദിവസവും 15,000 ചുവട് നടക്കുകയും ഏഴു മണിക്കൂറോളം ഇരിക്കാതെ, നടക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് തടിയൂരാം എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്തതു മൂലം ഉള്ള ആരോഗ്യ പ്രശ്‌നം ഒഴിവാക്കാന്‍ ഇടയ്ക്കിടെ പത്തു മിനുട്ട് നടന്നാല്‍ മതിയെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മിസോറി നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഓരോ അരമണിക്കൂറിലും ഒന്നെണീറ്റ് നടക്കാം. കുറച്ച് നേരം എഴുന്നേറ്റ് നില്‍ക്കുകയുമാകാം.

ഇരുന്നിടത്ത് തന്നെയിരുന്ന് ശരീരം സ്‌ട്രെച്ച് ചെയ്യാം. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുകയും കാല്‍ നീട്ടി വെക്കുകയും ചെയ്യാം. ഇത് ശരീരത്തിന് വലിച്ചില്‍ നല്‍കും. കൂനിക്കൂടിയിരിക്കാതെ ശരീയായ രീതിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കണം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ ടിവിയ്ക്ക് മുന്നിലിരിക്കാതെ ചെറു വ്യായാമങ്ങള്‍ ചെയ്യാം.

വര്‍ക്ക്‌ഹോളിക് ആവേണ്ട, വിഷാദം വരും

എപ്പോഴും ജോലിയെ കുറിച്ച് തന്നെ ചിന്തിച്ച് തല പുണ്ണാക്കുന്നുണ്ടോ നിങ്ങള്‍? അല്ലെങ്കില്‍ അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്തു തീര്‍ക്കാമെന്ന് കരുതുന്നുവോ? അതു വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തവരില്‍ വിഷാദരോഗം കൂടുതലായി കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ദീര്‍ഘനേരം ജോലി ചെയ്യുന്ന സ്ത്രീകളുടെ വയസ്, ജീവിത സാഹചര്യം, കുട്ടികള്‍, കുടുംബം, ജോലിയോടുള്ള താല്‍പ്പര്യം എന്നിവ പഠന വിധേയമാക്കിയപ്പോള്‍ അമിത ജോലി ഭാരവും അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതും സ്ത്രീകളില്‍ വലിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നുവെന്നാണ് കണ്ടെത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it