മുടികൊഴിച്ചില്‍; നിങ്ങള്‍ അറിയാതെ പോയേക്കാവുന്ന 10 കാരണങ്ങള്‍

മുടികൊഴിച്ചില്‍; നിങ്ങള്‍ അറിയാതെ പോയേക്കാവുന്ന 10 കാരണങ്ങള്‍
Published on

സ്ത്രീ പുരുഷ ഭേദമന്യേ പലരുടെയും ആരോഗ്യ പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടികൊഴിച്ചിലിനെ സാധാരണ കാണുന്ന സൗന്ദര്യ പ്രശ്‌നമായി കരുതാത്തതും നിസ്സാരക്കാരനല്ലാത്ത പല തരം ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാം എന്നത് കൊണ്ട് തന്നെയാണ്. ഒരു സാധാരണ ആരോഗ്യ സ്ഥിതിയിലൂടെ കടന്നു പോകുന്ന വ്യക്തിക്ക് ഒരു ദിവസം 80 മുതല്‍ 100 വരെ മുടിയിഴകള്‍ സ്വാഭാവികമായി നഷ്ടപ്പെടുന്നുണ്ട്. പക്ഷെ കൊഴിയുന്ന മുടിയുടെ എണ്ണം ഇതിലധികമാവുകയോ കഷണ്ടിയുടെ ലക്ഷണങ്ങള്‍ പ്രകടമാവുകയോ ചെയ്താല്‍ സൂക്ഷിക്കണം. ഇനി പറയുന്ന പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കുക.

  • ശാരീരിക / മാനസിക സമ്മര്‍ദ്ദം

പലരുടെയും മുടികൊഴിച്ചിലിന്റെയും വിളര്‍ച്ചയുടെയും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളുടെയും കാരണം മാനസിക സമ്മര്‍ദ്ദമാണ്. യോഗ, ടോക്ക് തെറപ്പി, മെഡിറ്റേഷന്‍, ഉല്ലാസയാത്രകള്‍ എന്നിവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും.

  • ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

മുടിയുടെ ആരോഗ്യത്തില്‍ ഹോര്‍മോണ്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജന്‍ ഉള്‍പ്പെടെയുള്ള സ്ത്രീ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് സഹായിക്കുമ്പോള്‍, ആന്‍ഡ്രജന്‍ ഉള്‍പ്പെടുന്ന പുരുഷ ഹോര്‍മോണുകള്‍ മുടിയുടെ വളര്‍ച്ചക്ക് വെല്ലുവിളിയാണ്. പലതരം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിന് കാരണമാകും. മുടി വളര്‍ച്ചയെ സഹായിക്കുന്ന ആഹാരക്രമവും പോഷകങ്ങളും ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണമെന്നതാണ് പ്രതിവിധി.

  • പ്രായം കൂടുമ്പോള്‍

പുതിയ കോശങ്ങളെ നിര്‍മ്മിക്കാന്‍ ശരീരത്തിന് കഴിയാതെ വരിക ഒരു 40 വയസ് പ്രായത്തിലേക്ക് എത്തുമ്പോഴാണ്. മുടി കൊഴിയുക, നര തുടങ്ങി പലവിധ വ്യത്യാസങ്ങള്‍ ഈ ഘട്ടത്തില്‍ കണ്ടേക്കാം. ധാരാളം പ്രോട്ടീന്‍, വൈറ്റമിന്‍ തുടങ്ങി മുടിക്ക് വേണ്ടതെന്തും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

  • പോഷകങ്ങള്‍ എത്തണം

തലമുടിയുടെ ആരോഗ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ ഡയറ്റ് ചാര്‍ട്ടിനാകും. വൈറ്റമിനും മിനറലുകളും കൃത്യമായി കഴിക്കാത്തത് മുടിയുടെ ആരോഗ്യം നശിപ്പിക്കും. ഡയറ്റിലെ മുടികൊഴിച്ചിലിന് ഇടയാക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്:

  • പ്രോട്ടീന്‍ അപര്യാപ്തത

മുടിയുടെ നിര്‍മ്മാണം തന്നെ പ്രോട്ടീനുകളാലാണ്. മുട്ട, മീന്‍, ഇറച്ചി തുടങ്ങിയവ കഴിക്കുന്നത് പ്രോട്ടീന്‍ അപര്യാപ്തത കുറയ്ക്കും. സോയ, ചീസ് തുടങ്ങിയവയിലും പ്രോട്ടീന്‍ ധാരാളമായുണ്ട്.

  • വിളര്‍ച്ച / അനീമിയ

ഇരുമ്പിന്റെ അംശം ശരീരത്തില്‍ കുറയുന്നതിനാലാണ് അനീമിയ ഉണ്ടാകുന്നത്. ശരാശരി 10% സ്ത്രീകളെങ്കിലും ഈ രോഗം അനുഭവിക്കുന്നു.

തലവേദന, കിതപ്പ് തുടങ്ങി ഇരുമ്പിന്റെ കുറവുകൊണ്ട് മറ്റുപല അസ്വസ്ഥതകളും ഉണ്ടാകും. ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ഇലവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഓറഞ്ച്, മാങ്ങ, കോളിഫ്‌ലവര്‍, തക്കാളി എന്നിവയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. പ്രൊട്ടീനിനായി മത്സ്യം, മാംസം, മുട്ട, ബീന്‍സ്, തൈര് എന്നിവയും ശീലമാക്കാം. ധാന്യങ്ങള്‍, പച്ച നിറത്തോടുകൂടിയ ഇലവര്‍ഗങ്ങള്‍,മധുരക്കിഴങ്ങ് എന്നിവയും പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.

  • ശരീരഭാരക്കുറവ്

ശരീരഭാരം വളരെപ്പെട്ടെന്ന് കുറയുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശരീരത്തിന്റെ ഭാരം കുറഞ്ഞത്, നിങ്ങള്‍ക്ക് ഗുണം ചെയ്തു എന്നാണെങ്കിലും ഒരുപക്ഷെ മുടിയ്ക്ക് ഇത് ദോഷമായി ഭവിച്ചേക്കാം. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന വൈറ്റമിന്‍, ലവണങ്ങള്‍ എന്നിവയുടെ കുറവ്, ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഈ കാരണത്താലും മുടി കൊഴിയും.

  • ട്രൈക്കോറ്റില്ലോമാനിയ (മുടി പൊട്ടിക്കുക)

മാനസിക പ്രശ്‌നമാണിത്. മുടിയിഴകള്‍ വലിച്ചെടുക്കുന്ന ഇതിനെ ചികിത്സ ഇല്ലാതെ തന്നെ ഭേദമാകുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നൊരു 'ശീലമായും' കാണാം. സ്ത്രീകള്‍ക്കാണ് ഈ ശീലം ഏറെയും. മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്ന ഒന്നാണിത്. തലയില്‍ കഷണ്ടിയുടെ ലക്ഷണങ്ങള്‍ വരെ കണ്ടേക്കാം. ചുറ്റുപാടുമായി ഇടപെടുമ്പോഴും ഒരു ബുദ്ധിമുട്ടിക്കുന്ന ശീലമായി അനുഭവപ്പെടും. മനസിലൊരു തീരുമാനമെടുത്ത് ഈ സ്വഭാവത്തെ തുരത്തുക എന്നതാണ് ഏക പോംവഴി.

  • അന്തരീക്ഷമാറ്റങ്ങള്‍

പെട്ടെന്നുണ്ടാകുന്ന കടുത്ത ചൂട്, അന്തരീക്ഷ ഊഷ്മാവിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം മുടിയെയും ബാധിക്കും. സാധാരണമാണിത്. പക്ഷെ കൊഴിച്ചില്‍ കൂടിയാല്‍ വൈദ്യസഹായം തേടണം. മാത്രമല്ല വായു മലിനീകരണം, പുകവലി, മോശം ആഹാരശീലം എന്നിവയും ഭീഷണിയാണ്.

  • ഹൈപോതൈറോയ്ഡിസം

തൈറോയ്ഡ് വളരെ പരിചിതമായ ഹോര്‍മോണ്‍ വ്യതിയാനമാണ്. ഹൈപോതൈറോയ്ഡിസവും മുടികൊഴിച്ചിലിന് കാരണമാകുന്നു. ആദ്യഘട്ടത്തില്‍ ചികില്‍സിച്ചില്ലെങ്കില്‍, വിളര്‍ച്ചരോഗം ഉള്‍പ്പടെ മറ്റു പ്രശ്‌നങ്ങളും ഉണ്ടായേക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com