
അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ പ്രസിഡന്റ് ട്രംപ് നടത്തുന്ന നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്ന് സൂചന. ട്രംപിന്റെ 'കുറഞ്ഞ വില തന്ത്രം' നടപ്പായാല്‍ ഇന്ത്യയില്‍ മരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്ക് മേല്‍ ആഗോള സമ്മര്‍ദ്ദം രൂക്ഷമായേക്കും. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്.
ഇതോടെ ഇന്ത്യ പോലുള്ള കയറ്റുമതി രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ അമേരിക്കയില്‍ മരുന്ന് വില്‍ക്കുകയോ മരുന്നുകളുടെ വില ഉയര്‍ത്തുകയോ ചെയ്യേണ്ടി വരും. കമ്പനികളുടെ ലാഭത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞു. ബിഎസഇയില്‍ ഇന്ന് ഇതര സെക്ടറുകളെല്ലാം ഉയര്‍ന്നപ്പോള്‍ ഫാര്‍മസ്യൂട്ടികള്‍ കമ്പനികള്‍ ചുവപ്പിലായി.
നികുതി യുദ്ധത്തില്‍ നിന്ന് ട്രംപ് ഇപ്പോള്‍ തിരിയുന്നത് 'വില യുദ്ധ'ത്തിലേക്കാണ്. അമേരിക്കയില്‍ ഇറക്കുമതി മരുന്നുകള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നുവെന്നതാണ് ട്രംപിന്റെ ആശങ്ക. മറ്റു രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന മരുന്നുകള്‍ അമേരിക്കയില്‍ എത്തുമ്പോള്‍ വിലകൂട്ടി വില്‍ക്കുന്നതാണ് കാരണം.
പുതിയ ഉത്തരവ് അനുസരിച്ച് ഒരു മരുന്നിന്റെ ആഗോള വിലയില്‍ കുറവ് എവിടെയാണോ അതായിരിക്കും അമേരിക്കയിലേക്കുള്ള ഇറക്കുമതി വില. ഇതോടെ കമ്പനികളുടെ വില്‍പ്പന വരുമാനം കുറയും. പുതിയ ഉത്തരവോടെ അമേരിക്കയില്‍ മരുന്നുകളുടെ വില 30 മുതല്‍ 80 ശതമാനം വരെ കുറയുമെന്നാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്. 670 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഫാര്‍മ വിപണിയില്‍ 79 ശതമാനം വില്‍ക്കപ്പെടുന്നത് പേറ്റന്റ് മരുന്നുകളാണ്.
ലോകത്തില്‍ മരുന്നുകള്‍ക്ക് കുറഞ്ഞ വിലയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ബൗദ്ധിക സ്വത്തവകാശ നിയമം വ്യക്തമായി പാലിക്കാത്തതിനാല്‍ ഇന്ത്യയില്‍ വില കുറച്ചു വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നാണ് ചൂണ്ടിക്കണിക്കപ്പെടുന്നത്. അതേസമയം, ഇന്ത്യന്‍ കമ്പനികളും അമേരിക്കയില്‍ കൂടിയ വിലയിലാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ട്രംപിന്റെ ഏറ്റവുും പ്രിയപ്പെട്ട രാഷ്ട്രം' (most favoured nation) തത്വം നടപ്പാകുന്നതോടെ വിലകുറഞ്ഞ രാജ്യങ്ങളിലെ വിലയാകും അമേരിക്കയും നല്‍കുക. ഇത് പ്രധാനമായും ബാധിക്കുക അഗോള തലത്തിലുള്ള കുത്തക കമ്പനികളെ ആകും.
ഇതോടെ ഇന്ത്യയില്‍ മരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദ്ദം രൂക്ഷമാകും. ട്രംപിന്റെ ഉത്തരവ് അമേരിക്കയിലെ രോഗികള്‍ക്ക് ആശ്വാസമാകുമെങ്കിലും ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ മരുന്നു വില ഉയരാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine