രണ്ട് മാസം കൊണ്ട് 18 കിലോ കുറയുമോ? എന്താണ് 'ഓട്സെമ്പിക്' വെയിറ്റ് ലോസ് ചലഞ്ച്?

സോഷ്യല്‍ മീഡിയയിലെ ഈ പുതിയ തരംഗത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?
OATS DRINK
CANVA
Published on

ആരോഗ്യ-ഫിറ്റ്നസ് ലോകത്ത് പുതിയ ട്രെന്‍ഡുകള്‍ മിന്നല്‍ വേഗത്തിലാണ് പടരുന്നത്. ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും ഇപ്പോള്‍ വെയിറ്റ് ലോസ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം 'ഓട്സെമ്പിക്' (Oatzempic) എന്ന മാന്ത്രിക പാനീയമാണ്. പ്രമേഹത്തിനും അമിതവണ്ണത്തിനുമുള്ള പ്രശസ്തമായ 'ഒസെമ്പിക്' (Ozempic) എന്ന മരുന്നിന്റെ പേരിനോട് സാമ്യം തോന്നുന്ന ഈ പാനീയം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതാണ് ഇതിന്റെ ആകര്‍ഷണം.

അര കപ്പ് ഓട്സ്, ഒരു കപ്പ് വെള്ളം, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്സിയില്‍ അടിച്ചെടുത്താണ് ഈ പാനീയം തയ്യാറാക്കുന്നത്. ചിലര്‍ രുചിക്കായി ഇതില്‍ കറുവപ്പട്ടയോ തേനോ ചേര്‍ക്കാറുണ്ട്. പ്രഭാതഭക്ഷണത്തിന് പകരമായി ഈ പാനീയം കുടിക്കുന്നതിലൂടെ എട്ട് ആഴ്ച കൊണ്ട് 40 പൗണ്ട് (ഏകദേശം 18 കിലോ) വരെ ഭാരം കുറയ്ക്കാമെന്നാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്സ് അവകാശപ്പെടുന്നത്.

ഒസെമ്പിക്കും ഓട്സെമ്പിക്കും തമ്മിലുള്ള വ്യത്യാസം

'ഒസെമ്പിക്' എന്നത് വിശപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്ന സെമാഗ്ലൂട്ടൈഡ് (Semaglutide) എന്ന ഔഷധമടങ്ങിയ ഇന്‍ജക്ഷനാണ്. എന്നാല്‍ 'ഓട്സെമ്പിക്' വെറും നാട്ടുപേര് മാത്രമാണ്. ഇതിന് ഒസെമ്പിക് മരുന്നുമായി യാതൊരു ബന്ധവുമില്ല. ഓട്സിലെ നാരുകള്‍ വയര്‍ നിറഞ്ഞതായി തോന്നിക്കാന്‍ സഹായിക്കുന്നതിനാല്‍ 'നാച്ചുറല്‍ ഒസെമ്പിക്' എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നത്.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായം

ഓട്സ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഓട്സെമ്പിക് പാനീയം വഴി പ്രചരിക്കുന്നത് പോലെ അത്ഭുതകരമായ ഭാരക്കുറവ് ഉണ്ടാകില്ലെന്ന് പോഷകാഹാര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓട്സിലുള്ള ബീറ്റാ ഗ്ലൂക്കന്‍ എന്ന ഫൈബര്‍ ദഹനം പതുക്കെയാക്കുകയും ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. 500-600 കലോറി വരുന്ന ഒരു സാധാരണ ബ്രേക്ക്ഫാസ്റ്റിന് പകരം 150 കലോറി മാത്രമുള്ള ഈ പാനീയം കുടിക്കുമ്പോള്‍ സ്വാഭാവികമായും ശരീരത്തില്‍ എത്തുന്ന കലോറി കുറയും. ഇത് ഭാരം കുറയാന്‍ സഹായിച്ചേക്കാം.

എന്നാല്‍ പ്രഭാതഭക്ഷണത്തിന് പകരമായി ഇത് മാത്രം ഉപയോഗിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റുകള്‍ എന്നിവ ലഭിക്കാതിരിക്കാന്‍ കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. .

പെട്ടെന്നുള്ള ഭാരക്കുറവ് ശരീരത്തിന് അത്ര നല്ലതല്ലെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ അര കിലോ മുതല്‍ ഒരു കിലോ വരെ കുറയുന്നതാണ് ശാസ്ത്രീയമായ രീതി. അതിലധികമുള്ള മാറ്റം പേശികളുടെ ബലക്ഷയത്തിനും മെറ്റബോളിസം തകരാറിലാകാനും ഇടയാക്കും.

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറുക്കുവഴികള്‍ തേടാതെ സന്തുലിതമായ ആഹാരക്രമവും വ്യായാമവും പിന്തുടരുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും പുതിയ ഡയറ്റ് പ്ലാന്‍ തുടങ്ങുന്നതിന് മുന്‍പ് ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നന്നതാണ് എപ്പോഴും ഉചിതം.

Can a Simple Oat Drink Really Replace Weight Loss Medications?

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com