

സെപ്റ്റംബര്‍ ഒന്നുമുതല്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് കാഷ്‌ലെസ് സേവനം നല്കില്ലെന്ന് ആശുപത്രികള്‍. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എ.എച്ച്.പി.ഐ) ആണ് നിസഹകരണം പ്രഖ്യാപിച്ചത്. റീഇംബര്‍സ്‌മെന്റ് താരിഫുകള്‍ വര്‍ധിപ്പിക്കാന്‍ ബജാജ് അലയന്‍സ് തയാറാകാത്തതാണ് ആശുപത്രികളുടെ തീരുമാനത്തിന് കാരണം.
ആശുപത്രികളുടെ നീക്കം ബജാജ് അലയന്‍സ് പോളിസി ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ്. ജീവനക്കാരുടെ ശമ്പളം, മരുന്നുകള്‍, മറ്റ് ചെലവുകള്‍ എന്നിവയിലെ പണപ്പെരുപ്പം കാരണം മെഡിക്കല്‍ ചെലവുകള്‍ പ്രതിവര്‍ഷം 7-8 ശതമാനം വര്‍ധിക്കുന്നുവെന്നാണ് ആശുപത്രികള്‍ പറയുന്നത്. എന്നാല്‍ ഇതിനനുസരിച്ച് ബജാജ് അലയന്‍സ് റീഇംബേഴ്‌സ്‌മെന്റ് നിരക്കുകള്‍ പുതുക്കിയില്ലെന്ന് ആശുപത്രികള്‍ ആരോപിക്കുന്നു.
ക്ലെയിമുകളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍, പേയ്‌മെന്റുകളിലെ കാലതാമസം തുടങ്ങിയ കാര്യങ്ങളാണ് ആശുപത്രികളുടെ നിസഹകരണത്തിന് കാരണമായത്. തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ബജാജ് അലയന്‍സിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നത്.
കമ്പനി ഏകപക്ഷീയമായി നടത്തുന്ന വെട്ടിക്കുറയ്ക്കലുകളിലും അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തുന്നു. പല വട്ടം ഇത് സംബന്ധിച്ച് കമ്പനിയുമായി ആശയവിനിമയം നടത്തിയെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കിട്ടിയിട്ടില്ല. നേരത്തെ ഇക്കാര്യം സംബന്ധിച്ച് ബജാജിനെ അറിയിച്ചിരുന്നുവെന്ന് എ.എച്ച്.പി.ഐ മേധാവി ഗിരിധര്‍ ഗ്യാനി വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ മുതല്‍ ബജാജ് അലയന്‍സ് പോളിസി ഉടമകള്‍ ചികിത്സയ്ക്ക് പണം മുന്‍കൂര്‍ നല്‌കേണ്ടിവരും പിന്നീട് ക്ലെയിം റീംഇംബേഴ്‌സ്‌മെന്റ് ചെയ്യാം. ആശുപത്രികളുടെ ഭാഗത്തു നിന്നുള്ള നീക്കം അത്ഭുതപ്പെടുത്തിയെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കുമെന്നുമാണ് ബജാജ് അലയന്‍സ് പറയുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയിമുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ്. ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തുന്ന ആശുപത്രികളില്‍ ചികിത്സ തേടുക എന്ന രീതിയാണ് ആദ്യത്തേത്. ഇത് പോളിസി ഉടമയ്ക്ക് ചെലവുകളൊന്നും ഉണ്ടാക്കുന്നില്ല. പോളിസി മൂല്യം വരെയുള്ള ചെലവുകള്‍ ആശുപത്രി നല്‍കുന്നു. ചികിത്സയുടെ ചെലവ് മുന്‍കൂറായി നല്‍കുകയും പിന്നീട് തുക വീണ്ടെടുക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ രീതി.
Read DhanamOnline in English
Subscribe to Dhanam Magazine