ടിക്കറ്റ് നിരക്കില്‍ 50% വരെ ഡിസ്‌കൗണ്ട്; വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള യാത്രകള്‍ക്ക് മെയ് 31 വരെ ബുക്ക് ചെയ്യാം; വെബ്‌സൈറ്റ് വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് കണ്‍വീനിയന്‍സ് ഫീസില്ല
ടിക്കറ്റ് നിരക്കില്‍ 50% വരെ ഡിസ്‌കൗണ്ട്; വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
air india express take off
Published on

വരാനിരിക്കുന്ന യാത്രാ സീസണില്‍ വിമാനയാത്രക്കാര്‍ക്ക് വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് സെയില്‍' ആരംഭിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലായി 50 ലക്ഷം സീറ്റുകളാണ് കമ്പനി ഓഫര്‍ നിരക്കില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് ഈ സെയിലിലൂടെ സ്വന്തമാക്കാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ലൈറ്റ് (Express Lite), എക്‌സ്പ്രസ് വാല്യൂ (Express Value) നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം. ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ മെയ് 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.

പ്രവാസികള്‍ക്കും കേരളീയര്‍ക്കും നേട്ടം; കണ്‍വീനിയന്‍സ് ഫീസില്ല

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്ന മലയാളി പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വലിയ തോതില്‍ യാത്രാച്ചെലവ് കുറയ്ക്കാന്‍ ഈ ഓഫര്‍ സഹായിക്കും. ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ airindiaexpress.com വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങള്‍

ബിസിനസ് ക്ലാസിന് തത്തുല്യമായ 'ബിസ്' (Biz) വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ടാറ്റ ന്യൂപാസ് (Tata NeuPass) അംഗങ്ങള്‍ക്ക് മറ്റ് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഇവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടിനൊപ്പം 'എക്‌സ്പ്രസ് എഹെഡ്' (Express Ahead) മുന്‍ഗണനാ സേവനങ്ങളും ലഭ്യമാകും.

ഇതിനുപുറമെ 300 രൂപ വരെയുള്ള അധിക ഡിസ്‌കൗണ്ടും 8 ശതമാനം വരെ ന്യൂ കോയിനുകളും ഇവര്‍ക്ക് സ്വന്തമാക്കാം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കല്‍, ഭക്ഷണം, 10 കിലോഗ്രാം അധിക ചെക്ക്-ഇന്‍ ബാഗേജ്, 3 കിലോഗ്രാം അധിക ഹാന്‍ഡ് ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ലഭിക്കും.

പ്രത്യേക വിഭാഗങ്ങള്‍ക്കും ഇളവ്

വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

യാത്രക്കാരുടെ സുഖസൗകര്യങ്ങളും മികച്ച സേവനങ്ങളും ഉയര്‍ത്തിക്കാട്ടുന്ന 'എക്സ്പ്രസ് വാലി ബാത് ഹെ' (Express Value Baat Hai) എന്ന പുതിയ ക്യാമ്പയിന്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തിലെത്തുന്ന ഈ പരസ്യ ക്യാമ്പയിന്‍ ഇതിനകം 30 കോടിയിലധികം (300 Million) ആളുകളാണ് കണ്ടത്.

Budget carrier Air India Express rolls out big discounts for the upcoming travel season, waiving convenience fees for direct bookings.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com