വിദ്യാര്‍ത്ഥിയാണോ? വിമാന ടിക്കറ്റില്‍ 10% ഇളവ്, പക്ഷേ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആഭ്യന്തര റൂട്ടുകളിലെ ബേസ് ഫെയറിനാണ് ഇളവ്. വണ്‍വേ, റിട്ടേണ്‍ ബുക്കിങ്ങുകള്‍ക്ക് ബാധകം
വിദ്യാര്‍ത്ഥിയാണോ? വിമാന ടിക്കറ്റില്‍ 10% ഇളവ്, പക്ഷേ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
Published on: 

വിദ്യാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ യാത്രാ ഓഫറുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഒക്ടോബര്‍ 20ന് മുമ്പ് ബുക്ക് ചെയ്യുന്ന ആഭ്യന്തര ടിക്കറ്റുകളില്‍ പ്രത്യേക ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാംപസ് പ്ലേസ്മെന്റുകള്‍ക്കും ഇന്റേണ്‍ഷിപ്പുകള്‍ക്കും സെമസ്റ്റര്‍ ബ്രേക്കുകളിലും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഓഫര്‍ വലിയൊരു ആശ്വാസമാകും. ആര്‍ക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും, എങ്ങനെ ബുക്ക് ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പരിശോധിക്കാം.

ഓഫറില്‍ എന്തൊക്കെയുണ്ട്?

10% ഇളവ്: ആഭ്യന്തര റൂട്ടുകളിലെ ബേസ് ഫെയറിനാണ് ഇളവ്. വണ്‍വേ, റിട്ടേണ്‍ ബുക്കിങ്ങുകള്‍ക്ക് ബാധകം.

ബുക്കിംഗ് ചാനല്‍: airindia.com അല്ലെങ്കില്‍ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പ്.

കണ്‍വീനിയന്‍സ് ഫീ: വെബ്‌സൈറ്റ്/ആപ്പ് വഴി ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ഫീയില്‍ 50% കുറവ്.

യുപിഐ ഓഫര്‍: ബുക്കിംഗ് സമയത്ത് യുപിഐ വഴി പണമടച്ചാല്‍ UPIPROMO കോഡില്‍ ഒരു യാത്രക്കാരന് 1,000 രൂപ വരെ അധിക ഇളവ് കിട്ടാം. നിബന്ധനകള്‍ ബാധകമാണ്.

ഈ ഓഫര്‍ കഴിഞ്ഞാലും എയര്‍ ഇന്ത്യയുടെ സ്റ്റുഡന്റ് പ്രോഗ്രാം തുടരും. അതില്‍ യോഗ്യമായ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 10% വരെ ഇളവ്, 10 കിലോ അധിക ബാഗേജ്, ഒരു തവണ സൗജന്യ തീയതി മാറ്റം എന്നിവ ലഭിക്കും.

ഇളവ് ബേസ് ഫെയറിന് മാത്രമാണ്. നികുതിയും ഫീസും ചേര്‍ന്ന മൊത്തം തുകയ്ക്കല്ല. ഉദാഹരണത്തിന് ബേസ് ഫെയര്‍ 4,000 രൂപയാണെങ്കില്‍ ഇളവ് ഏകദേശം 400 രൂപ. മൊത്തം ടിക്കറ്റ് തുക അതിലും കൂടുതലായിരിക്കും. ബുക്ക് ചെയ്യുന്നതിന് മുമ്പ് ഫെയര്‍ നിബന്ധനകള്‍ വായിക്കണം.

ആര്‍ക്കൊക്കെ കിട്ടും?

യാത്രാ ദിവസം കുറഞ്ഞത് 12 വയസ് തികഞ്ഞ വിദ്യാര്‍ത്ഥിയായിരിക്കണം.

ഒരു അക്കാദമിക് വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ഫുള്‍ടൈം കോഴ്‌സില്‍ ചേര്‍ന്നിരിക്കണം.

കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോ സഹായം ലഭിക്കുന്നതോ ആയ സ്ഥാപനം, വിദ്യാഭ്യാസ ബോര്‍ഡ്, സര്‍വകലാശാല അല്ലെങ്കില്‍ അംഗീകൃത സ്‌കൂള്‍/കോളജ് എന്നിവയില്‍ പഠിക്കുന്നവരായിരിക്കണം.

ചെക്ക്-ഇന്നില്‍ ഐഡി നിര്‍ബന്ധം

ബുക്ക് ചെയ്താല്‍ മാത്രം പോരാ. എയര്‍പോര്‍ട്ടില്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ്, സ്ഥാപനത്തിന്റെ അഡ്മിഷന്‍ ലെറ്റര്‍, അല്ലെങ്കില്‍ സ്റ്റുഡന്റ് വീസ എന്നിവ കാണിക്കണം. രേഖ ഇല്ലെങ്കില്‍ ഇളവ് തുക തിരിച്ചടയ്‌ക്കേണ്ടി വരാം, നികുതിയും ചുമത്തും. യാത്ര പോകുംമുമ്പ് ഐഡി ബാഗില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

ബുക്ക് ചെയ്യേണ്ട വിധം

airindia.com ആപ്പിലോ യാത്രയുടെ തുടക്കം, ലക്ഷ്യസ്ഥാനം, തീയതി എന്നിവ നല്‍കുക.

Concession Type ഡ്രോപ്ഡൗണില്‍ 'Student' തിരഞ്ഞെടുക്കുക.

കാണിക്കുന്ന സ്റ്റുഡന്റ് ഫെയറുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക.

ഫെയര്‍ നിബന്ധനകള്‍ വായിച്ച ശേഷം ബുക്കിങ് പൂര്‍ത്തിയാക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിലും ഓഫര്‍

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇതേ ദിവസം വരെ വിദ്യാര്‍ത്ഥി ഓഫര്‍ നല്‍കുന്നു. 10% ഇളവ് ലഭിക്കും. സാധാരണ 15 കിലോയ്ക്ക് പുറമേ 10 കിലോ കൂടി ചേര്‍ത്ത് ആകെ 25 കിലോ ബാഗേജ് കൊണ്ടുപോകാം. 99 രൂപ അധികം നല്‍കിയാല്‍ തീയതി മാറ്റാനുള്ള സൗകര്യവും ഉണ്ട്. 12 വയസിന് മുകളിലുള്ള, പേരും ജനനത്തീയതിയും ഉള്ള ഫോട്ടോ ഐഡി ഉള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്. രണ്ട് ഓഫറുകളുടെയും നിബന്ധനകള്‍ വ്യത്യസ്തമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com