

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പാലക്കാട് ജില്ലയിലെ അഗ്രഹാരങ്ങളെക്കുറിച്ച് നടത്തിയ പോസ്റ്റ് വൈറല്‍. ആധുനിക ജീവിതത്തില്‍ നിന്നുള്ള മികച്ച എസ്‌കേപ്പിനുള്ള സ്ഥലമാണിതെന്ന് അദ്ദേഹം പറയുന്നു. നേരത്തെ എറണാകുളം ജില്ലയിലെ കടമക്കുടിയെക്കുറിച്ച് അദ്ദേഹം നടത്തിയ പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലമാണ് കടമക്കുടിയെന്നും കൊച്ചിയിലേക്കുള്ള അടുത്ത യാത്രയില്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇതൊരു വിനോദസഞ്ചാര കേന്ദ്രമോ അങ്ങനെയാവാനോ ശ്രമിക്കുന്ന സ്ഥലമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പക്ഷേ ചില സമയങ്ങളിലെ യാത്ര നമ്മളുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്ന അസുലഭ നിമിഷങ്ങള്‍ സമ്മാനിക്കും. ഇന്ന് ഒരു യാത്രികനെന്ന നിലയില്‍ ഈ ഗ്രാമത്തിന്റെ ലാളിത്യത്തിലും താളത്തിലും നിശബ്ദമായി അലിയുവാന്‍ ഞാന്‍ കൊതിച്ചുപോവുകയാണ്. ആധുനിക ജീവിതത്തിന്റെ അതിവേഗ യാത്രയില്‍ നിന്നുള്ള ശരിയായ രക്ഷപ്പെടലായിരിക്കും ഇതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പാലക്കാടന്‍ ഗ്രാമമായ കല്‍പ്പാത്തിയിലെ അഗ്രഹാരങ്ങളിലെ പുലര്‍കാല കാഴ്ച്ചകള്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
പകരം വെക്കാനില്ലാത്ത സംസ്‌ക്കാരവും വാസ്തുവിദ്യയും നിറഞ്ഞ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണിത്. സംസ്ഥാനത്ത് ഹെറിറ്റേജ് വില്ലേജ് പദവി ലഭിച്ച ആദ്യ സ്ഥലം. തഞ്ചാവൂരില്‍ നിന്നുള്ള തമിഴ് ബ്രാഹ്‌മണന്മാരാണ് കല്‍പ്പാത്തിപ്പുഴയുടെ തീരത്ത് ഈ ഗ്രാമം സ്ഥാപിക്കുന്നത്.ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ആധുനികതയിലേക്ക് മാറിയെങ്കിലും ചാത്തപുരം, ഗോവിന്ദരാജപുരം, ഓള്‍ഡ് കല്‍പ്പാത്തി, ന്യൂ കല്‍പ്പാത്തി എന്നീ നാല് ഗ്രാമങ്ങള്‍ ഇപ്പോഴും പഴയമയുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. 700 വര്‍ഷത്തോളം പഴക്കമുള്ളതടക്കം പ്രശസ്തമായ നിരവധി ഹിന്ദുക്ഷേത്രങ്ങളും ഇവിടെയുണ്ട്.
നവംബറില്‍ നടക്കാറുള്ള കല്‍പ്പാത്തി രഥോത്സവം കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. വേനല്‍ച്ചൂടില്ലാതെ പാലക്കാടന്‍ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ സമയം കൂടിയാണിത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2-3 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 110 കിലോമീറ്ററും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 110 കിലോമീറ്ററും ദൂരമുണ്ട്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് 62 കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം.
Read DhanamOnline in English
Subscribe to Dhanam Magazine