

സര്‍വ്വീസുകള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പടെയുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പിഴ. 10 ലക്ഷം രൂപയാണ് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തിയത്. ആഭ്യന്തര സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ വാര്‍ഷിക പരിശോധനയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയത്. അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലുള്ള വീഴ്ചയാണ് പ്രധാനമായും കണ്ടെത്തിയത്.
മറുപടിയില്‍ തൃപ്തരാകാതെ ഡി.ജി.സി.എ
ആഭ്യന്തര സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഡി.ജി.സി.എ വാര്‍ഷിക നിരീക്ഷണ പദ്ധതി നടപ്പാക്കുന്നത്. ഓരോ എയര്‍ലൈനും ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളെ കുറിച്ച് ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒരോ ക്ലാസിലും ലഭ്യമാകുന്ന സൗകര്യങ്ങള്‍, വിമാന സര്‍വ്വീസ് റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍, നഷ്ടപരിഹാരം തുടങ്ങിയവ സംബന്ധിച്ചും വ്യക്തമായ നിയമമുണ്ട്. ഇതെല്ലാം വിമാനകമ്പനികള്‍ പാലിക്കുന്നുണ്ടോ എന്നാണ് ഡി.ജി.സി.എ പരിശോധിക്കുന്നത്. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിന് തുടര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് ലഭിച്ച മറുപടിയില്‍, നഷ്ടപരിഹാരം സംബന്ധിച്ച ചട്ടങ്ങള്‍ അവര്‍ പാലിക്കുന്നില്ലെന്നാണ് മനസിലായതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine