
തിങ്കളാഴ്ച രാത്രി ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ഉയര്‍ന്ന ആശയകുഴപ്പം മാറിയില്ല. നാട്ടിലും ഗള്‍ഫിലുമുള്ള മലയാളികള്‍ ആശങ്കയിലാണ്. ഖത്തറില്‍ വിമാനത്താവളം അടച്ചത് ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാനിരുന്നവരെ അനിശ്ചിതത്തിലാക്കി. ഇറാന്‍ ആക്രമണത്തിന്റെ വാര്‍ത്ത പരന്നതോടെ നാട്ടിലുള്ളവര്‍ ഗള്‍ഫിലുള്ളവരുമായി ഫോണില്‍ ബന്ധപ്പെടുന്നതിന്റെ തിരക്കിലായിരുന്നു. യുദ്ധം വ്യാപിക്കുന്നില്ലെന്ന സ്ഥിതി വന്നതോടെയാണ് ഗള്‍ഫ് കുടുബങ്ങള്‍ക്ക് ആശ്വാസമായത്.
തിങ്കളാഴ്ച രാത്രി ഖത്തര്‍,യു.എ.ഇ, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ വിമാനത്താവളങ്ങള്‍ പെട്ടെന്ന് അടച്ചിരുന്നു. ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണം കൂടുതല്‍ ശക്തമാകുമോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ വിമാനത്താവങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷം തുറന്നു. അതേസമയം, വിമാനങ്ങളുടെ സമയക്രമങ്ങള്‍ തെറ്റിയത് യാത്രക്കാരെ വലക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാര്‍ സമയവിവരം മുന്‍കൂട്ടി അന്വേഷിക്കണമെന്ന് എയര്‍ലൈനുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, സിറിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാനിരുന്ന ഒട്ടേറെ പേരുടെ യാത്ര താല്‍ക്കാലികമായി മുടങ്ങി.
ഗള്‍ഫിലെ പ്രശ്നങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ട്. വിവിധ സെക്ടറുകളിലെ മാറ്റങ്ങളെ കുറിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതനുസരിച്ച് ചില വിമാനങ്ങള്‍ റദ്ദാക്കുകയോ, സമയക്രമം മാറ്റുകയോ, യാത്രാ റൂട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്. ദോഹ, ദുബൈ, അബുദബി, റാസല്‍ഖൈമ, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് പ്രധാനമായും ബാധിച്ചിട്ടുള്ളത്. യാത്രക്കാര്‍ വിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അന്വേഷിച്ചറിയണമെന്ന് സിയാല്‍ അറിയിപ്പില്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine