ഇനി ഒറ്റ വീസയില്‍ 6 ഗള്‍ഫ് രാജ്യങ്ങളും ചുറ്റിക്കാണാം; വരുന്നു ഷെന്‍ഗന്‍ വിസ മോഡല്‍ ഗള്‍ഫ് 'ഗ്രാന്‍ഡ് ടൂര്‍സ്'

ആറ് ജി.സി.സി രാജ്യങ്ങളിലേക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന 'ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് വീസ' വൈകാതെ പ്രാബല്യത്തില്‍ വരും
 Dubai Marina Skyline at Sunset, United Arab Emirates
canva
Published on

ജി.സി.സി (Gulf Cooperation Council) രാജ്യങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂറോപ്യന്‍ യൂണിയനിലെ 'ഷെന്‍ഗന്‍ വീസ' മാതൃകയിലാണ് പുതിയ ഏകീകൃത വിസ സംവിധാനം നടപ്പിലാക്കുന്നത്. വിസ പ്രാബല്യത്തില്‍ വരുന്നതോടെ വിനോദസഞ്ചാരികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പ്രത്യേകം വീസകള്‍ക്ക് അപേക്ഷിക്കാതെ ഒറ്റ വീസ ഉപയോഗിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കും തടസ്സമില്ലാതെ സഞ്ചരിക്കാനാകും.

എന്താണ് ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് വീസ?

നിലവില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഓരോ രാജ്യത്തിന്റെയും വെവ്വേറെ വീസകളും അതിനുള്ള ഫീസും ആവശ്യമാണ്. എന്നാല്‍ പുതിയ ഏകീകൃത വീസ വരുന്നതോടെ സിംഗിള്‍ ആപ്ലിക്കേഷനിലൂടെ ആറ് രാജ്യങ്ങളിലേക്കുമുള്ള അനുമതി ലഭിക്കും. 30 ദിവസം മുതല്‍ 90 ദിവസം വരെയുള്ള താമസ കാലാവധിയുള്ള വിസകളായിരിക്കും പ്രാഥമികമായി അനുവദിക്കുക. ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴിയുള്ള പൂര്‍ണ്ണമായും ഓണ്‍ലൈന്‍ അപേക്ഷാ രീതിയായിരിക്കും ഇതിനായി സജ്ജീകരിക്കുക.

പ്രവാസികള്‍ക്കും ഇന്ത്യന്‍ സഞ്ചാരികള്‍ക്കും വലിയ ആശ്വാസം

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഷെന്‍ഗന്‍ വീസ നല്‍കുന്നതുപോലെയുള്ള സൗകര്യമാണ് ഇത് ഏഷ്യന്‍, ഇന്റര്‍നാഷണല്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും ജി.സി.സി രാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ മാറി സന്ദര്‍ശിക്കുന്നത് ഇത് ഏറെ എളുപ്പമാക്കും.

സമയം ലാഭിക്കാം: ഓരോ രാജ്യത്തിനും വെവ്വേറെ എംബസികള്‍ കയറിയിറങ്ങുന്നതും കാത്തിരിപ്പും ഒഴിവാക്കാം.

ചെലവ് കുറയും: ആറ് വ്യത്യസ്ത വീസകള്‍ക്ക് പണം നല്‍കുന്നതിന് പകരം ഏകീകൃത വിസ ഫീസ് മാത്രം നല്‍കിയാല്‍ മതിയാകും.

റോഡ്, വ്യോമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം: വീസ ലഭിച്ചാല്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ വിമാന മാര്‍ഗ്ഗവും ലാന്‍ഡ് ബോര്‍ഡറുകള്‍ വഴിയും യാത്ര ചെയ്യാം.

പ്രവാസി മലയാളികള്‍ക്ക് വലിയ പ്രയോജനം

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബന്ധുക്കളെ കാണാനും സന്ദര്‍ശനത്തിനുമായി പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ തീരുമാനം വലിയ തണലാകും. യു.എ.ഇയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് സൗദിയിലെ ഉംറ തീര്‍ത്ഥാടനത്തിനോ അല്ലെങ്കില്‍ ഒമാനിലെയും ഖത്തറിലെയും ബന്ധുക്കളെ സന്ദര്‍ശിക്കാനോ ഇനി പ്രത്യേകം വീസ അപേക്ഷ നല്‍കേണ്ടി വരില്ല.

കൂടാതെ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും സങ്കീര്‍ണ്ണമായ വീസ നടപടികളില്ലാതെ ഏകീകൃത ഗള്‍ഫ് ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ ഇത് അവസരമൊരുക്കും.

എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും?

2023-ല്‍ അംഗീകാരം ലഭിച്ച ഈ പദ്ധതിയുടെ അവസാനഘട്ട പൈലറ്റ് പ്രോജക്ടുകളും സാങ്കേതിക ഒരുക്കങ്ങളും വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. 2026 അവസാനത്തോടെയോ 2027 ആരംഭത്തിലോ പൂര്‍ണ്ണതോതില്‍ ഡിജിറ്റല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് കരുതുന്നത്.

The upcoming 'GCC Grand Tours Visa' will allow tourists and visitors to travel across all six Gulf nations with a single online visa application.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com