

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ ടെലികോം കമ്പനികള്‍ക്ക് സ്വന്തം നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ സൗകര്യം കൊടുക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് (DoT) നിര്‍ദേശിച്ചു. വിമാനത്താവളം നടത്തുന്നത് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് കമ്പനിയാണ്.
ടെലികോം നിയമപ്രകാരം നവിമുംബൈ വിമാനത്താവളം പൊതുസ്ഥാപനത്തിന്റെ നിര്‍വചന പരിധിയില്‍ വരുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ ലൈസന്‍സുള്ള ടെലികോം സേവനദാതാക്കള്‍ക്ക് റൈറ്റ് ഓഫ് വേ (RoW) അനുമതി സുതാര്യവും വിവേചനരഹിതവുമായ നിബന്ധനകളില്‍ നല്‍കണം. ടെലികോം കമ്പനികള്‍ക്ക് ഇവിടെ സ്വതന്ത്രമായി ടവര്‍, ഫൈബര്‍ കേബിള്‍ എന്നിവ സ്ഥാപിക്കാന്‍ തടസമുണ്ടെന്ന പരാതിയാണ് ഇടപെടലിന് കാരണം.
വലിയ വിമാനത്താവളങ്ങളില്‍ ഇന്‍-ബില്‍ഡിംഗ് സൊല്യൂഷന്‍ (IBS) എന്ന ആന്തരിക ടെലികോം സംവിധാനം സാധാരണമാണ്. ടെര്‍മിനലുകളിലെ സിഗ്‌നല്‍ വിതരണത്തിനായി ഒരൊറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ടെലികോം കമ്പനികള്‍ അതിലൂടെയാണ് സേവനം നല്‍കേണ്ടത്. എന്നാല്‍ വിമാനത്താവള നിയന്ത്രണമുള്ള അദാനി ഗ്രൂപ്പ് ഈ രീതി നിര്‍ബന്ധമാക്കിയാല്‍ ടെലികോം കമ്പനികളെ ബാധിക്കും. ഭീമമായ പ്രതിമാസ ചാര്‍ജാണ് ആവശ്യപ്പെടുന്നത്. ഫോണ്‍ വിളിക്കാന്‍ തടസമുണ്ടാവുന്നതിലേക്കും കാര്യങ്ങള്‍ എത്തിയെന്നു വരും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ആറോളം വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ നവിമുംബൈയിലാണെങ്കിലും അദാനി ഗ്രൂപ്പ് ഇത്തരമൊരു നിബന്ധന മറ്റിടങ്ങളിലും കൊണ്ടുവരാന്‍ സാധ്യതയേറെ. ഇത് വെറും കോര്‍പറേറ്റ് തലത്തിലുള്ള നിയന്ത്രണ പ്രശ്‌നമല്ല. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുതലായതിനാല്‍ നെറ്റ്വര്‍ക്ക് കിട്ടാന്‍ പ്രയാസം വരും. കോള്‍ ഡ്രോപ്പ്, ഡാറ്റ സ്ലോ സ്പീഡ് എന്നിവ സാധാരണമായേക്കാം. ഇന്നത്തെ വിമാനയാത്ര ഡിജിറ്റല്‍ സൗകര്യങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. ഇ-ബോര്‍ഡിംഗ് പാസ്, ഓണ്‍ലൈന്‍ ചെക്ക്-ഇന്‍, റിയല്‍ടൈം ഫ്‌ളൈറ്റ് അപ്‌ഡേറ്റുകള്‍, യു.പി.ഐ പണമിടപാടുകള്‍, ആപ് അധിഷ്ഠിത ടാക്‌സി സേവനങ്ങള്‍ എന്നിവക്കൊക്കെ തടസങ്ങള്‍ ഉണ്ടാകാം. പൊതു അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളില്‍ തടസമില്ലാത്ത സന്ദേശവിനിമയ സംവിധാനം നിര്‍ണായകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine