

ദീര്‍ഘമേറിയ വിമാന യാത്രക്കിടെ വിമാനത്താവളങ്ങളില്‍ ഏറെ നേരെ കാത്തിരിക്കേണ്ടി വരാറുണ്ടോ? പുറത്തൊന്ന് കറങ്ങി വരാന്‍ സമയവും ആഗ്രവുമുണ്ടെങ്കിലും ലഗേജ് ഒരു തടസമാകുന്നുണ്ടോ? വിമാനത്താവളങ്ങളിലെ ക്ലോക്ക് റൂമുകള്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം യാത്രികര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമാകുന്ന ക്ലോക്ക് റൂം സേവനം നല്‍കുന്നുണ്ട്.
മലയാളികള്‍ ഏറെ സഞ്ചരിക്കുന്ന ദുബൈ, അബൂദബി വിമാനത്താവളങ്ങളില്‍ വിപുലമായ ക്ലോക്ക് റൂം സംവിധാനമാണുള്ളത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറെ നേരം തങ്ങേണ്ടി വരുമ്പോള്‍ ഈ സംവിധാനം ഏറെ സഹായകമാകുന്നു. അടുത്ത വിമാനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ദുബൈ നഗരം ചുറ്റി കണ്ടു വരാന്‍ ലഗേജുകള്‍ ക്ലോക്ക് റൂമുകളില്‍ ഏല്‍പ്പിക്കാം. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലുള്ള ക്ലോക്ക് റൂമില്‍ ഒരു സാധാരണ വലുപ്പമുള്ള ലഗേജിന് 12 മണിക്കൂര്‍ സൂക്ഷിക്കാന്‍ നിരക്ക് 40 ദിര്‍ഹം (950 രൂപ) നല്‍കണം. ടെര്‍മിനല്‍ രണ്ടിലും ഈ സൗകര്യമുണ്ട്. 24 മണിക്കൂറും ഈ സേവനം ലഭിക്കും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോക്ക് റൂമിലും ലഗേജുകള്‍ സുരക്ഷിതമായി ഏല്‍പ്പിക്കാം. ടെര്‍മിനല്‍ മൂന്നിനോട് ചേര്‍ന്നുള്ള പ്രത്യേക കെട്ടിടത്തിലാണ് ഈ സംവിധാനമുള്ളത്. 4 മണിക്കൂറിനാണ് ഇവിടെ നിരക്കുകള്‍. രണ്ട് സാധാരണ ലഗേജുകള്‍ വരെ 4 മണിക്കൂറിന് 500 രൂപയാണ് നിരക്ക്. 4 ബാഗുകള്‍ വരെയുണ്ടെങ്കില്‍ 650 രൂപയും 9 ബാഗുകള്‍ വരെ 1,000 രൂപയുമാണ് നിരക്ക്. ഭാരം കൂടിയ ലഗേജുകള്‍ക്ക് 1,250 രൂപ നല്‍കണം.
Read DhanamOnline in English
Subscribe to Dhanam Magazine