

ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നു. റൺവേ ഇല്ലാതെ തന്നെ ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്നവയാണ് ഇത്തരം ചെറു വിമാനങ്ങള്‍. കൊച്ചിയിലും തിരുവനന്തപുരത്തും ബി.പി.സി.എല്‍ തുടങ്ങാനിരിക്കുന്ന ഹൈഡ്രജന്‍ റീഫ്യുവലിംഗ് സ്റ്റേഷനുകൾ പ്രവര്‍ത്തനസജ്ജമായാല്‍ ഈ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വി.ടി.ഒ.എല്‍ വിമാന ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി (ANERT), ബ്ലൂജെ എയ്‌റോസ്‌പേസ് (BluJ Aerospace), കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) എന്നിവയുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ധാരണാപത്രത്തിൽ ഏർപ്പെട്ടു.
ഇന്ത്യന്‍ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം. 2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും കുറച്ച് നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യക്ക് പദ്ധതിയുളളത്. ഗ്രീന്‍ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വി.ടി.ഒ.എല്‍ വിമാനങ്ങൾ പരിസ്ഥിതി മലിനീകരണം വലിയ അളവില്‍ കുറയ്ക്കുന്നതിന് സഹായകരമാണ്.
ബ്ലൂജെ എയ്‌റോസ്‌പേസ് വികസിപ്പിക്കുന്ന വി.ടി.ഒ.എല്‍ വിമാനങ്ങൾക്കായി ബി.പി.സി.എല്‍ കൊച്ചിയിലും തിരുവനന്തപുരത്തും തുടങ്ങാനിരിക്കുന്ന റീഫ്യുവലിംഗ് സ്റ്റേഷനുകൾ വഴി ഹൈഡ്രജൻ റീഫ്യുവലിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയില്‍ യാത്രക്കാരെ വേഗത്തില്‍ എത്തിക്കുന്നതിന് പരിസ്ഥിതി മലിനീകരണമില്ലാത്ത ഈ ചെറു വിമാനങ്ങള്‍ വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്. കുറച്ച് യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇരു നഗരങ്ങള്‍ക്കിടയിലും സഞ്ചരിക്കാന്‍ ഏറെ സൗകര്യപ്രദമായിരിക്കും ഈ വിമാനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine