

ഈ വര്‍ഷം വലിയ നഷ്ടം നേരിടുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍, ഇന്ത്യന്‍ വ്യോമയാന രംഗത്ത് കിടമല്‍സരം മുറുകുന്നു. വിമാനയാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോള്‍ വിപണി പിടിക്കാന്‍ നവീകരണത്തിന്റെ പാതയിലാണ് കമ്പനികള്‍. ആദ്യമായി വൈഡ് ബോഡി വിമാനങ്ങള്‍ രംഗത്തിറക്കി ഇന്‍ഡിഗോ മല്‍സരത്തിന്റെ മുന്നിലുണ്ട്. വിസ്താരയുടെ ലയനത്തോടെ ശക്തി വര്‍ധിച്ച എയര്‍ ഇന്ത്യ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മാറുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് പുതിയ കമ്പനികളും കടന്നു വരുന്നു. വര്‍ധിക്കുന്ന ചെലവുകള്‍ ഉയര്‍ത്തുന്ന നഷ്ടസാധ്യതകളെ, വരുമാന വര്‍ധനയിലൂടെ മറികടക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ വിമാന സേവനത്തിന് ഡിമാന്റ് വര്‍ധിക്കുകയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ 4,000 വിമാനങ്ങള്‍ അധികമായി വേണ്ടി വരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ വിമാനത്താവളങ്ങളുടെ നിര്‍മാണവും മന്ത്രാലയത്തിന്റ അജണ്ടയിലുണ്ട്. ആഭ്യന്തര വ്യോമയാന വിപണിയില്‍ ഇന്ത്യക്ക് ലോകത്ത് നിലവില്‍ മൂന്നാം സ്ഥാനമാണ്. അതേസമയം, വരുമാനത്തിന് അനുസരിച്ച് ലാഭം നിലനിര്‍ത്താന്‍ കഴിയാത്തതാണ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ സാമ്പത്തിക വര്‍ഷം വ്യോമയാന മേഖല 3,000 കോടിയിലേറെ ഡോളറിന്റെ നഷ്ടം നേരിടുമെന്നാണ് ക്രെഡിറ്റ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മല്‍സരത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് കുറക്കേണ്ടി വരുന്നതും വിമാനങ്ങള്‍ വാടകക്കെടുന്നതിനുള്ള ഉയര്‍ന്ന ചെലവും ഇന്ധന വിലവര്‍ധനയുമാണ് പ്രധാന വെല്ലുവിളി.
എയര്‍ ഇന്ത്യക്കും ഇന്‍ഡിഗോക്കും ആധിപത്യമുള്ള ഇന്ത്യന്‍ വ്യോമയാന രംഗത്ത് പുതിയ കമ്പനികള്‍ കൂടി എത്തിയതോടെ മല്‍സരം മുറുകിയിട്ടുണ്ട്. അടുത്തിടെ സര്‍വ്വീസ് ആരംഭിച്ച ആകാശ എയര്‍, ഫ്‌ളൈ 91 എയര്‍ എന്നിവ ഇതിനകം ആഭ്യന്തര സെക്ടറില്‍ മല്‍സര രംഗത്തുണ്ട്. ലക്‌നൗ ആസ്ഥാനമായ ശംഖ് എയറും കേരള കമ്പനിയായ എയര്‍ കേരളയും മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് തുടങ്ങും. വിപണിയിലെ മാറ്റങ്ങളെ അനുകൂലമാക്കാന്‍ നവീകരണത്തിന് പഴയ കമ്പനികള്‍ ശ്രമിക്കുന്നു. കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസുകള്‍ കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്‍ഡിഗോ എയര്‍ വൈഡ്‌ബോഡി വിമാനം രംഗത്തിറക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഡല്‍ഹി-ബാങ്കോക്ക് റൂട്ടില്‍ ആരംഭിക്കുന്ന ബോയിംഗ് 787-9 വിമാനത്തില്‍ 282 ഇക്കോണമി സീറ്റുകളും 56 സ്‌ട്രെച്ച് സീറ്റുകളുമാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine