മഞ്ഞു മൂടിയ പര്‍വത മേഖല, സമുദ്ര നിരപ്പില്‍ നിന്ന് 11,562 അടി ഉയരം, ഹൈഡ്രജന്‍ ബസില്‍ ഒരു യാത്ര, ഇന്ത്യയില്‍ ആദ്യം... ചലോ ലഡാക്ക്!

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് ഹൈഡ്രജന്‍ ബസ് സര്‍വീസ് നടക്കുന്ന പ്രദേശമായി മാറുകയാണ് ലഡാക്
Hydrogen bus
Representational image, Courtesy: Canva
Published on

11,000 അടിയിലേറെ ഉയരത്തില്‍ മലനിരകള്‍ക്കിടയിലൂടെ ഒരു ബസ് യാത്ര. അതും ഹൈഡ്രജന്‍ ഇന്ധനമാക്കി ഓടുന്ന ബസുകളില്‍. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ബസ് സര്‍വീസിന് ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തിയിലുള്ള ലഡാക്കിലാണ് തുടക്കമായത്. ലഡാക്ക് ജില്ലയിലെ ലേയില്‍ അഞ്ച് ബസുകളാണ് സര്‍വ്വീസ് തുടങ്ങിയത്.

കാര്‍ബണ്‍ ഭീഷണി കുറക്കും

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ അളവ് കുറക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി) നിര്‍മിച്ച് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറിയതാണ് ബസുകള്‍. 2023 ഓഗസ്റ്റില്‍ ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ഒരു ബസ് ലഡാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇത് വിജയകരമായതോടെയാണ് അഞ്ചു ബസുകളുമായി വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിച്ചത്.

പ്രത്യേകതകള്‍ ഏറെ

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് നടത്തുന്ന ഹൈഡ്രജന്‍ ബസ് സര്‍വീസ് എന്ന റെക്കോര്‍ഡ് ഇതോടെ ഈ പദ്ധതിക്ക് സ്വന്തമാവുകയാണ്. 11,562 അടി ഉയരത്തിലുള്ള പര്‍വ്വത മേഖലയിലൂടെയാണ് ബസുകള്‍ സഞ്ചരിക്കുക. 1.7 മെഗാവാട്ട് സോളാര്‍ പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തിയാണ് സര്‍വീസ്. ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് പ്രതിദിനം 80 കിലോ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജനാണിത്.

പ്രതിദിനം 225 കിലോമീറ്ററാണ് ബസിന്റെ മൈലേജ്. കൊടും തണുപ്പിലും തടസങ്ങളില്ലാതെ പ്രവര്‍ത്തിക്കുമെന്നതും ഇത്തരം ബസുകളുടെ സവേശേഷതയാണ്. മൈനസ് 25 ഡിഗ്രിയിലും സര്‍വീസ് നടത്താനാകും. ഓക്‌സിജന്‍ കുറവുള്ള സമയത്തും യാത്രക്ക് തടസങ്ങളില്ല. ബസുകളില്‍ ഹീറ്റിംഗ് സംവിധാനങ്ങളും എയര്‍കണ്ടീഷണറുകളുമുണ്ട്.

പുറം തള്ളുന്നത് നീരാവി മാത്രം

കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ എന്‍.ടി.പി.സിയും ലഡാക് സിഡ്‌കോയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഹൈഡ്രജന്‍ സ്റ്റേഷന്‍ സ്ഥാപിച്ചത് അമര രാജ കമ്പനിയാണ്. അധികം വൈകാതെ കാര്‍ഗില്‍ മേഖലയിലും ഹൈഡ്രജന്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നതിനും പദ്ധതിയുണ്ട്.

പുക ഒട്ടും തന്നെ പുറന്തള്ളാത്ത ഈ ബസുകളില്‍ നിന്ന് നീരാവി മാത്രമാണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്. വര്‍ഷത്തില്‍ 350 ടണ്‍ കാര്‍ബണ്‍ പുറം തള്ളല്‍ ഒഴിവാക്കാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയുന്നു. 230 ടണ്‍ ഓക്‌സിജന്‍ സംരക്ഷണമാണ് വര്‍ഷത്തില്‍ നടക്കുന്നത്. അതായത് 13,000 മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിന് തുല്യം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com