

വേഗത ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. ബസ് മാര്‍ഗമായാലും ട്രെയിന്‍ മാര്‍ഗമായാലും വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പറ്റുന്ന സര്‍വീസുകളാണ് ജനങ്ങള്‍ പൊതുവേ ഇഷ്ടപ്പെടാറുളളത്. വന്ദേ ഭാരത് ട്രെയിന്‍ അവതരിപ്പിച്ചപ്പോള്‍ പ്രീമിയം സൗകര്യത്തില്‍ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താമെന്നുളള മെച്ചമാണ് യാത്രക്കാരെ ആകര്‍ഷിച്ചത്.
എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ പാതയെ പരിചയപ്പെടുത്തുകയാണ് ഇവിടെ. നയന മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വളരെ സാവധാനം ചലിക്കുന്ന ട്രെയിന്‍ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും.
നീലഗിരി മൗണ്ടൻ ട്രെയിന്‍ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി. 46 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ട്രെയിന്‍ എടുക്കുന്നത് 5 മണിക്കൂറാണ്. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നീലഗിരി മൗണ്ടൻ റെയിൽ പാത യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തിയ പ്രദേശമാണ്.
മേട്ടുപ്പാളയത്ത് നിന്ന് ആരംഭിച്ച് ഊട്ടിയിലാണ് ഈ റെയില്‍ പാത അവസാനിക്കുന്നത്. ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് കാര്‍ മാര്‍ഗം പാലക്കാട് നിന്ന് മേട്ടുപാളയത്ത് എത്താവുന്നതാണ്. കേരളത്തിന് വളരെ സമീപമുളള സ്ഥലമായതിനാല്‍ മലയാളികള്‍ക്ക് പശ്ചിമ ഘട്ട മലനിരകളുടെ മനോഹാരിത നുകര്‍ന്ന് ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ഒരു യാത്ര ആസ്വദിക്കണമെങ്കില്‍ മേട്ടുപ്പാളം-ഊട്ടി ട്രെയിന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയവ ഉൾപ്പെടെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളിലൂടെയാണ് ഈ ട്രെയിൻ യാത്രക്കാരെ കൊണ്ടുപോകുന്നത്. ഒട്ടേറെ തുരങ്കങ്ങളിലൂടെയും നൂറിലധികം പാലങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകുന്നു.
മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ ഉളളത്. നീലഗിരി കുന്നുകളുടെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ ഇവിടെ സാധിക്കും.
1891 ൽ ആരംഭിച്ച് 1908 ലാണ് ഈ റെയില്‍ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ട്രെയിനിന്റെ കോച്ചുകൾക്ക് നീലയും ക്രീമും നിറമാണ് നല്‍കിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസിൽ 72 സീറ്റുകളും സെക്കൻഡ് ക്ലാസിൽ 100 സീറ്റുകളുമുള്ള ട്രെയിനിൽ നാല് തടി കോച്ചുകളാണുള്ളത്.
ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി യാത്രക്കാര്‍ക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും നീലഗിരി മൗണ്ടൻ ട്രെയിനില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്. അതിനാല്‍ സീറ്റ് ഉറപ്പാക്കുന്നതിനായി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം.
Read DhanamOnline in English
Subscribe to Dhanam Magazine