
യുദ്ധങ്ങളും നയതന്ത്ര സംഘര്‍ഷങ്ങളും വളരുമ്പോള്‍ വിമാന കമ്പനികള്‍ ആശങ്കയിലാണ്. ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ അനുഭവം ഈ മേഖലയിലെ പുതിയ പ്രതിസന്ധിയെ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പുതിയ സര്‍വീസ് ജുലൈയില്‍ ആരംഭിക്കാനാണ് ഇന്‍ഡിഗോ തീരുമാനിച്ചിരുന്നത്. ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അപ്പോഴാണ് പഹല്‍ഗാം തീവ്രവാദ ആക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ വ്യോമപാത അടച്ചത്.
അതോടെ ഏറെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നായി. ഇന്‍ഡിഗോ പ്ലാന്‍ തന്ത്രപൂര്‍വം മാറ്റി. സര്‍വീസ് മുംബൈയില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിച്ചു. അപ്പോഴാണ് യുദ്ധത്തെ തുടര്‍ന്ന് ഇറാന്റെ വ്യോമപാതയും അടച്ചത്. ഇനി യൂറോപ്പിലേക്ക് പോകണമെങ്കില്‍ ഒമാന്‍ വഴി വീണ്ടും ചുറ്റിപ്പറക്കണം.
ജിയോ പൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ വ്യോമയാന മേഖലയില്‍ അപ്രതീക്ഷിതമായി എന്തെല്ലാം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്‍ഡിഗോയുടെ അനുഭവം. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോക്ക് നിലവില്‍ നിശ്ചയിച്ച ടിക്കറ്റ് നിരക്കുകളില്‍ ഏറെ ചുറ്റിയുള്ള യാത്ര നഷ്ടമായി മാറും.
മറ്റൊരു വിമാനത്താവളത്തില്‍ നിന്ന് യൂറോപ്യന്‍ സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. ബംഗളുരു വിമാനത്താവളമാണ് പരിഗണനയില്‍ ഉള്ളത്. നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈയില്‍ തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതേസമയം, എവിടെ നിന്ന് യാത്ര തുടങ്ങുമെന്നത് അനിശ്ചിമായി തുടരുന്നത് ടിക്കറ്റ് ബുക്കിംഗിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine