
കോഴിക്കോട് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നത് ഉള്‍പ്പടെയുള്ള വികസന പദ്ധതികളിലൂടെ മലയാളികള്‍ക്ക് സുപരിചതനായ മുന്‍ കോഴിക്കോട് കലക്ടര്‍ അമിതാഭാബ് കാന്ത് ഇനി കോര്‍പ്പറേറ്റ് മേഖലയിലെ പ്രധാന പദവിയില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലാണ് നിയമനം. നീതി ആയോഗിന്റെ സി.ഇ.ഒ പദവിയില്‍ നിന്നാണ് അദ്ദേഹം ഇന്‍ഡിഗോയില്‍ എത്തുന്നത്. മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഇന്‍ക്രെഡിബിള്‍ ഇന്ത്യ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ബ്രാന്‍ഡിംഗ് പദ്ധതികളുടെ ആസൂത്രകനുമാണ് അമിതാഭ് കാന്ത്.
പുതുപുത്തന്‍ ആശയങ്ങള്‍ കണ്ടെത്തുന്നതിലും അവ വിജയകരമായി നടപ്പാക്കുന്നതിലും അമിതാഭ് കാന്ത് ദേശീയ ശ്രദ്ധ നേടി. വികസന രംഗത്തെ പുതിയ അവസരങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഒട്ടേറെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം ദേശീയ തലത്തില്‍ നേതൃത്വം നല്‍കി. ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍, നാഷണല്‍ മിഷന്‍ ഓണ്‍ ട്രാന്‍സ്‌ഫോര്‍മേറ്റീവ് മൊബിലിറ്റി ആന്റ് ബാറ്ററി സ്‌റ്റോറേജ്, ദേശീയ പാത അതോറിട്ടി, ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ എന്നിവയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. നീതി ആയോഗിന്റെ സിഇഒ പദവിയില്‍ ആറു വര്‍ഷത്തെ സേവനം. ഇന്ത്യക്ക് ജി20 അധ്യക്ഷ സ്ഥാനം ലഭിച്ചപ്പോള്‍ ഷെര്‍പ്പ പദവിയില്‍ നിയമിതനായത് അമിതാഭ് കാന്തായിരുന്നു.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ കേരള കേഡറില്‍ ജോലിയില്‍ പ്രവേശിച്ചത് 1980ല്‍. തലശേരിയില്‍ സബ് കലക്ടറായാണ് തുടക്കം. പിന്നീട് കോഴിക്കോട് കലക്ടറായിരിക്കെയാണ് അദ്ദേഹം വികസനത്തിന്റെ പുതിയ മുഖം കാണിച്ചത്. കോഴിക്കോട് വിമാനത്താവളം, മാനാഞ്ചിറ മൈതാന സൗന്ദര്യവല്‍ക്കരണം, മലബാര്‍ മഹോല്‍സവം തുടങ്ങി കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒട്ടേറെ പദ്ധതികള്‍. മല്‍സ്യഫെഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവിയിലും അദ്ദേഹം നൂതന പദ്ധതികള്‍ അവതരിപ്പിച്ചു. ടൂറിസം സെക്രട്ടറിയായിരിക്കയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന കേരള ടൂറിസത്തിന്റെ മുഖവാക്യത്തിന് ആഗോള ശ്രദ്ധ നേടികൊടുത്തത്. കേരളം വിട്ടതിന് ശേഷം കേന്ദ്ര ടൂറിസം വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി. വ്യവസായ, ടൂറിസം രംഗങ്ങളുടെ വളര്‍ച്ചക്ക് സഹായകമായ നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു.
അമിതാഭ് കാന്തിന്റെ സമ്പന്നമായ ഭരണ മികവ് ഇന്‍ഡിഗോയുടെ ആഗോള വളര്‍ച്ചക്ക് സഹായകമാകുമെന്ന് ഇന്‍ഡിഗോ ചെയര്‍മാന്‍ വിക്രം സിംഗ് മേത്ത പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine