ഈ വര്‍ഷം രാജ്യാന്തരടൂറിസത്തിന് 80 ശതമാനം ഇടിവുണ്ടാകും, ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടമാകും

കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത് 910 ബില്യണ്‍ ഡോളര്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വരുമാന നഷ്ടമുണ്ടായേക്കുമെന്നും ഇത് ദശലക്ഷക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയേക്കുമെന്നും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ച ഈ മഹാമാരി 4.1 മില്യണ്‍ ആളുകളെ ബാധിക്കുകയും 282,719 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 80,000 മരണങ്ങളുണ്ടായ യു.എസിനെയാണ് പ്രതിസന്ധി ഏറ്റവും ബാധിച്ചിരിക്കുന്നത്.

2020 ആദ്യപാദത്തില്‍ തന്നെ രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവില്‍ 22 ശതമാനം കുറവുണ്ടായി. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണും യാത്രാവിലക്കുകളും ആരംഭിച്ച മാര്‍ച്ചില്‍ ടൂറിസ്റ്റുകളുടെ വരവില്‍ 57 ശതമാനം ഇടിവുണ്ടായി. ഏഷ്യ, പസഫിക് മേഖലകളിലാണ് ഏറ്റവും കുറവുണ്ടായിരിക്കുന്നത്. ഇവിടെ 33 മില്യണ്‍ ടൂറിസ്റ്റുകളുടെ ഇടിവുണ്ടായെങ്കില്‍ യൂറോപ്പില്‍ 22 മില്യണ്‍ ടൂറിസ്റ്റുകളുടെ കുറവാണുണ്ടായത്. അനിശ്ചിതാവസ്ഥ വരും നാളുകളില്‍ നിലനില്‍ക്കാനുള്ള സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്.

മുന്നിലുള്ള മൂന്ന് സാഹചര്യങ്ങള്‍

2019 വര്‍ഷത്തെ ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2020ല്‍ മൂന്ന് സാഹചര്യങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്ന് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു:

സാധ്യത 1: രാജ്യാന്തര അതിര്‍ത്തികള്‍ പതിയെ തുറക്കുകയും ജൂലെ ആദ്യത്തോടെ യാത്രനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ വിനോദസഞ്ചാരികളുടെ വരവില്‍ 58 ശതമാനമായിരിക്കാം കുറവുണ്ടാകുന്നത്.

സാധ്യത 2: രാജ്യാന്തര അതിര്‍ത്തികള്‍ ക്രമേണ തുറന്ന് സെപ്റ്റംബര്‍ ആദ്യത്തോടെ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ 78 ശതമാനം ഇടിവുണ്ടാകാം.

സാധ്യത 3: രാജ്യാന്തര അതിര്‍ത്തികള്‍ പടിപടിയായി തുറക്കുന്നതും യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതും ഡിസംബര്‍ ആദ്യം വരെ പോയാല്‍ 78 ശതമാനം ഇടിവുണ്ടാകാം.

1950കള്‍ക്ക് ശേഷം രാജ്യാന്തരടൂറിസം മേഖലയിലുണ്ടായി ഏറ്റവും വലിയ പ്രതിസന്ധിയാണിത്. രാജ്യാന്തരയാത്രകള്‍ക്ക് ഇടിവുണ്ടാകുമെങ്കിലും ക്രമേണ ആഭ്യന്തര ടൂറിസം തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it