

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. ജവഹർലാൽ നെഹ്‌റു (ജെ.എൽ.എൻ) സ്റ്റേഡിയം മുതൽ കാക്കനാട് വരെ നീളുന്നതാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു. കൊച്ചിയുടെ ഐ.ടി ഹബ്ബായ കാക്കനാടേക്ക് എറണാകുളം നഗരത്തില്‍ നിന്ന് മെട്രോ വരുന്നത് റോഡിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും ട്രാഫിക്ക് ബ്ലോക്കുകള്‍ ഒഴിവാക്കുന്നതിനും ഏറെ നിര്‍ണായകമാണ്.
ബീജിംഗിലെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) രണ്ടാം ഘട്ടത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പദ്ധതിയുടെ ആകെ ചെലവായ 1,957.05 കോടി രൂപയില്‍ 914 കോടി രൂപ സാമ്പത്തിക സഹായം നൽകാൻ എഐഐബി സമ്മതിച്ചിട്ടുണ്ട്. കെഎംആർഎല്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സംയുക്ത സംരംഭമായതിനാല്‍ വായ്പ ലഭിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് അന്തിമ അനുമതി ആവശ്യമാണ്.
കെഎംആർഎല്ലിന് ഫണ്ടുകൾ ആക്‌സസ് ചെയ്യാന്‍ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ശുപാർശ ചെയ്യേണ്ടതുണ്ട്. എന്നാല്‍ വായ്പാ തുകകള്‍ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അക്കൗണ്ടുകളിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് സംസ്ഥാന സർക്കാരിന്റെ മടിക്ക് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ രണ്ടാം ഘട്ട നിർമ്മാണം വലിയ തോതില്‍ മന്ദഗതിയിലാക്കിയിരിക്കുകയാണ്. എഐഐബി യിൽ നിന്നുള്ള ധനസഹായം വൈകുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. രണ്ടാം ഘട്ടം അടുത്ത വർഷം ജൂണിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഫണ്ടുകൾ ലഭിക്കാന്‍ കാലതാമസം നേരിടുകയാണെങ്കില്‍ ഈ സമയപരിധി പാലിക്കാൻ പ്രയാസമായിരിക്കുമെന്നാണ് കരുതുന്നത്.
11.2 കിലോമീറ്റർ നീളമുളള രണ്ടാം ഘട്ട മെട്രോ പാതയില്‍ 10 സ്‌റ്റേഷനുകളാണ് ഉളളത്. കലൂർ സ്‌റ്റേഡിയം സ്‌റ്റേഷന്‍, പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിവയാണ് പിങ്ക് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന പാതയിലുളള സ്റ്റേഷനുകള്‍.
അതേസമയം, ആലുവയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള മെട്രോയുടെ മൂന്നാം ഘട്ടത്തിനുളള പ്രാരംഭ പ്രവർത്തനങ്ങള്‍ കെഎംആർഎൽ ആരംഭിച്ചിട്ടുണ്ട്. മൂന്നാം ഘട്ടം ഭൂഗർഭ പാതയാക്കണമെന്ന ആശയവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine