

പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ച ബജറ്റ് ടൂര്‍ പദ്ധതി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. 2021 നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സിബജറ്റ് ടൂറിസം സെൽ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പറയാന്‍ ലാഭക്കണക്കു മാത്രം.
നഷ്ടത്തിലായിപ്പോയ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം രംഗത്തേക്കെത്തിയപ്പോള്‍ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി കോടികളുടെ വരുമാനം നേടി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ജൈത്രയാത്ര തുടരുകയാണ്.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ബജറ്റ് ടൂറിസം സെല്‍ രണ്ട് വര്‍ഷത്തിനിടെ ഏഴായിരത്തില്‍ പരം യാത്രകള്‍ കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കി. ഓരോ ദിവസവും കെ.എസ്.ആര്‍.ടി.സി പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അറിയപ്പെടാത്ത ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആനവണ്ടി ഓടിയെത്തുന്നു. മൂന്നാര്‍ ട്രിപ്പ് ആണ് കൂട്ടത്തില്‍ സൂപ്പര്‍ ഹിറ്റ്.
വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നായുള്ള ട്രിപ്പുകള്‍ക്ക് പുറമെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മൂന്നാറിന്റെ പ്രധാന ടൂറിസം സ്‌പോട്ടിലേക്കും യാത്രകളുണ്ട്. വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം ലഭ്യമാക്കുകയാണ് കെ.എസ്.ആര്‍.ടി.സിയുടെ ലക്ഷ്യം. അത് തന്നെയാണ് ഈ പാക്കേജുകളെ ജനപ്രിയമാക്കി മാറ്റിയതും.
ഗ്രൂപ്പായും അല്ലാതെയും ബുക്ക് ചെയ്തുകൊണ്ടാണ് യാത്രകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്ന് അവധി ദിനങ്ങളില്‍ മൂന്നാര്‍, ഗവി, അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് പാക്കേജുകള്‍ നല്‍കുന്നുണ്ട്. ബജറ്റ് ടൂറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ പാക്കേജുകള്‍ കെ.എസ്.ആര്‍.ടി.സി വാഗ്ദാനം ചെയ്യുന്നു.
സാധാരണക്കാരന്റെ ആനവണ്ടി 'മുത്താണ്'
മൂന്നാറില്‍ വിവിധ ബസുകളിലായി 142 ബെഡ്ഡുകളും രണ്ട് മുറികളുമാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 220 രൂപ കൊടുത്താല്‍ ഈ ബസുകളില്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങും പോലെ ഉറങ്ങാം. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തരത്തില്‍ 4 ബസുകളില്‍ സ്‌റ്റേ സൗകര്യമുണ്ട്. സ്വന്തമായി വാഹനമില്ലാത്തവര്‍ക്കും താമസിക്കാന്‍ മുന്തിയ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാനില്ലാത്തവര്‍ക്കും വിനോദ സഞ്ചാരം സാധ്യമാക്കിയാണ് ഈ പദ്ധതികളൊക്കെയും ജനകീയമായി മാറുന്നത്.
വരുമാനം
തുടങ്ങിയിട്ട് രണ്ട് വര്‍ഷം. ആദ്യ വര്‍ഷം മൂന്നു കോടി വരുമാനം നേടാനായി. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ 16 കോടി കവിഞ്ഞതായാണ് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ ടൂറിസം പാക്കേജ് ബുക്കിംഗ് കൂടി അടുത്ത മാസത്തോടെ ആരംഭിക്കാനുള്ള പദ്ധതിയിലാണ് കെ.എസ്.ആര്‍.ടി.സി.
പുതിയ പാതകള്‍
മലബാറുകാര്‍ക്കായി മലപ്പുറത്തു നിന്നാണ് നിരവധി പുതിയ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. അതിരപ്പള്ളി-മലക്കപ്പാറ റൂട്ടില്‍ ഒക്‌റ്റോബര്‍ 15,22,29 തീയതികളില്‍ ടൂറുകള്‍ ഉണ്ട്. മാത്രമല്ല, ഒക്‌റ്റോബര്‍ 15നും യാത്രയുണ്ട്. മലക്കപ്പാറ, ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍, ആനക്കയം പാലം, വാല്‍വ് ഹൗസ്, പെന്‍സ്റ്റോക്ക് നെല്ലിക്കുന്ന് ഷോളയാര്‍ ഡാം എന്നിങ്ങനെയാണ് പാക്കേജില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍. സൈലന്റ് വാലി, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്ക് ഒക്‌റ്റോബര്‍ 11,15 എന്നീ ദിവസങ്ങളില്‍ പാക്കേജുണ്ട്.
ഒക്ടോബര്‍ 22 ന് വാഗമണ്‍, അഞ്ചുരുളി, രാമക്കല്‍മേഡ്, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങളിലേക്കാണ് പാക്കേജ്. മലപ്പുറത്ത് നിന്ന് ഒറ്റ യാത്രയാണ് വാഗമണ്ണിലേക്ക് ഉള്ളത്. ഒക്ടോബര്‍ 23-കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ ഡാം, ഒക്ടോബര്‍ 24 തൃശൂര്‍, കൊച്ചി എന്നിങ്ങനേയും പാക്കേജുകള്‍ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും:
കെ.എസ്.ആര്‍.ടി.സി ബി.ടി.സി-മലപ്പുറം
ഫോണ്‍: 9447203014
മൂന്നാര്‍ യാത്ര/താമസം സംബന്ധിച്ച വിവരങ്ങള്‍ക്ക്:
ഫോണ്‍: 9447331036, 9446929036, 9895086324
Read DhanamOnline in English
Subscribe to Dhanam Magazine