അപരിചിതരുമായി സംസാരിച്ചു തുടങ്ങൂ, ജീവിതം രസകരമാകും

കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ പുതിയ ആളുകളുമായി സംഭാഷണം നടത്താനുള്ള മാര്‍ഗം എപ്പോഴും തെളിയും
Friends meeting and greeting in the street
canva
Published on

പുതിയ ആളുകളുമായി ഇടപഴകാന്‍ എനിക്ക് ലജ്ജയായിരുന്നു. പെട്ടെന്ന് അടുപ്പം തോന്നുന്ന അപൂര്‍വം അവസരങ്ങളില്‍ മാത്രമേ ഞാന്‍ ആളുകളുമായി കൂടുതല്‍ ഇടപഴകാറുണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങളായി നിരവധി സോളോ ട്രിപ്പുകള്‍ നടത്തിയതിനു ശേഷം അപരിചിതരുമായിസംസാരിക്കുന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഇപ്പോള്‍ പുതിയ ആളുകളെ കണ്ടുമുട്ടുക എന്നത് ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പരിചയക്കാര്‍ ആരുമില്ലാത്ത നിരവധി പരിപാടികളില്‍ ഞാന്‍ പങ്കെടുത്തു-ഓപ്പണ്‍ മൈക്ക്സ്, സംഗീത പരിപാടികള്‍, വിദേശ ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോകള്‍, ഡ്രം സര്‍ക്കിള്‍സ്, സംഗീത, സാഹിത്യ ഫെസ്റ്റിവലുകള്‍ തുടങ്ങിയവയില്‍. അവിടെ നിന്നെല്ലാം എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിക്കുകയും ചെയ്തു. പുതിയ ആളുകളുമായി മികച്ച രീതിയില്‍ ബന്ധം സ്ഥാപിക്കാന്‍ ഉപകരിക്കുന്ന ചില കാര്യങ്ങളിതാ...

പുഞ്ചിരിക്കുക, സഹൃദയനാകുക

പുതിയ ആളുകളെ കാണുമ്പോള്‍ മിക്ക ആളുകളും ജാഗ്രത കാട്ടുന്നു. അതില്‍ അതിശയിക്കാനില്ല. കാരണം 'അപരിചിതരോട് മിണ്ടരുത്' എന്ന് കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആളുകളോട് പുഞ്ചിരിക്കുകയും സൗഹൃദപൂര്‍വമായ ശരീരഭാഷ പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ പലപ്പോഴും അവരും സൗഹൃദത്തോടെ തന്നെ പെരുമാറും. നമ്മള്‍ മനസിലാക്കേണ്ട കാര്യം ഇതാണ്- മറ്റുള്ളവര്‍ നമ്മോട് പെരുമാറുന്നത് പലപ്പോഴും നമ്മുടെ സമീപനവും എനര്‍ജിയും അനുസരിച്ചാണ്.

അമിത ചിന്ത വേണ്ട

ആരോടെങ്കിലും സംസാരിച്ചു തുടങ്ങുന്നത് അര്‍ത്ഥവത്തായതും തമാശ നിറഞ്ഞതുമായ വാക്കുകള്‍ ആയിരിക്കണമെന്ന് കരുതി അനാവശ്യ സമ്മര്‍ദ്ദം തോന്നേണ്ടതില്ല. അവരുടെ അടുത്തേക്ക് ചെന്ന് ഒരു ഹായ് പറയുകയോ സ്വയം പരിചയപ്പെടുത്തുകയോ ആവാം. കഴിഞ്ഞ വര്‍ഷം ഓപ്പണ്‍ മൈക്ക് പരിപാടിക്ക് പോയപ്പോള്‍ ഞാന്‍ ചെയ്തത് അതാണ്. ഫ്രെഡി ഒറ്റയ്ക്ക് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് 'ഹായ്' പറഞ്ഞു. ക്രമേണ ഞങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ന്നു. പിന്നീട് പലതവണ ഞങ്ങള്‍ പരസ്പരം കണ്ട് സമയം ചെലവഴിച്ചു. സംസാരിച്ചു തുടങ്ങുക എന്നത് മാത്രമാണ് ഇതിന് വേണ്ടത്. മറ്റു കാര്യങ്ങള്‍ സ്വാഭാവികമായി നടക്കും.

അഭിനന്ദിക്കുക

മറ്റൊരാളില്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടതോ അഭിനന്ദിക്കത്തക്ക വിധത്തിലുള്ള എന്തെങ്കിലുമോ കണ്ടാല്‍ അഭിനന്ദിക്കാന്‍ മടിക്കേണ്ട. അവരുടെ ഹെയര്‍ സ്റ്റൈല്‍, വസ്ത്രധാരണ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകാം അത്. ഒരു സംഭാഷണത്തിന്റെ തുടക്കമാകും അത്. നിങ്ങള്‍ക്ക് അവരെക്കുറിച്ച് ജിജ്ഞാസ ഉണര്‍ത്തുന്ന എന്തെങ്കിലും കാര്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും.

കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്ത് കടക്കുക

നമുക്ക് സുഖകരവും പരിചിതവുമായ സാഹചര്യങ്ങളാണ് മനസ് എപ്പോഴും താല്‍പ്പര്യപ്പെടുന്നത്. അതിനാല്‍ മനസിന്റെ നിര്‍ദേശം അപരിചിതരോട് സംസാരിക്കുന്നത് ഒഴിവാക്കാനായിരിക്കും. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ എവിടെയായിരുന്നാലും പുതിയ ആളുകളുമായി സംഭാഷണം നടത്താനുള്ള മാര്‍ഗം നിങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും തെളിയും. സംസാരിച്ചു തുടങ്ങാന്‍ ധൈര്യമുള്ള ആളുകളെ മറ്റുള്ളവര്‍ പൊതുവെ ബഹുമാനിക്കും. തിരിച്ച് മാന്യമായും പോസിറ്റീവായും പ്രതികരിക്കാന്‍ അവര്‍ തയാറാകുന്നു. അപരിചിതരെ സമീപിക്കുന്നത് ബുദ്ധിമുട്ടുള്ളതോ ഭയപ്പെടുത്തുന്നതോ ആയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ ചെയ്യുന്തോറും അത് എളുപ്പമാകും.

ആര്‍ക്കും സമീപിക്കാവുന്ന ആളായിരിക്കുക

നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ ശരീരഭാഷയിലൂടെ നിങ്ങള്‍ സംഭാഷണത്തിന് തയാറാണെന്ന് മറ്റുള്ളവരെ അറിയിക്കുക എന്നതാണ്. നിങ്ങളുടെ നോട്ടം, ഭാവം, പുഞ്ചിരി ഇവയിലൂടെയെല്ലാം സൗഹൃദപരമായ സമീപനം കാണിച്ചാല്‍ ചിലപ്പോള്‍ ആളുകള്‍ ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത് കാണാം. നിങ്ങള്‍ ഫോണില്‍ തന്നെ നോക്കിയിരിക്കുകയാണെങ്കില്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആളുകള്‍ കരുതും. നിങ്ങള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ കഴിയുന്നതും ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അപരിചിതരുമായി സംസാരിച്ചു തുടങ്ങുമ്പോള്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുന്നു. അതിനാല്‍നിങ്ങളും അപരിചിതരോട് സംസാരിക്കാന്‍ തയാറാകുക.

(This article was originally published in Dhanam Business Magazine June 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com