
അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് ഇടാക്കാന്‍ നീക്കം തുടങ്ങി. വിമാനത്താവളത്തിന്റെ അടിസ്ഥാന, സാങ്കേതിക വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്ന് അദാനി ഗ്രൂപ്പ് കമ്പനി വെളിപ്പെടുത്തി.
അദാനി ഗ്രൂപ്പിന് കീഴിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) ആണ് വിമാനത്താവളം ഏറ്റെടുത്ത് നടത്തുന്നത്. യൂസേഴ്‌സ് ഫീ ഈടാക്കാനുള്ള നിര്‍ദേശം എയര്‍പോര്‍ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയുടെ പരിഗണിയിലാണ്
വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീ ആദ്യമായി ഏര്‍പ്പെടുത്താനും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിലവിലുള്ള ഫീസ് വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശയുള്ളത്. ആഭ്യന്തര യാത്രക്കാര്‍ 325 രൂപയാണ് ഓരോ തവണയും നല്‍കേണ്ടി വരിക. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിലവിലുള്ള 187 രൂപയില്‍ നിന്ന് 650 രൂപയായി ഉയര്‍ത്തും.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 7,600 കോടി രൂപ ഇതുവഴി സമാഹരിക്കാന്‍ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ വിമാനത്താവളത്തില്‍ 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും കമ്പനി പറയുന്നു.
യാത്രക്കാര്‍ക്ക് ഫീസ് ഈടാക്കുമ്പോള്‍ വിമാന കമ്പനികള്‍ക്ക് ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ഫീസ് കുറക്കാനും നീക്കമുണ്ട്. നിരക്കുകള്‍ 35 ശതമാനം കുറക്കുമെന്നാണ് സൂചനകള്‍. ലാന്റിംഗ്, പാര്‍ക്കിംഗ് ഫീസുകള്‍ കുറക്കുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുമെന്നും അത് കൂടുതല്‍ യാത്രക്കാരെ എത്തിക്കുമെന്നുമാണ് കമ്പനി കണക്കുകൂട്ടുന്നത്.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒരു യാത്രക്കാരനില്‍ നിന്ന് ശരാശരി 285 രൂപയാണ് അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്. യൂസേഴ്‌സ് ഫീസ് വര്‍ധിപ്പിക്കുന്നതിലൂടെ ഇത് 332 രൂപയായി ഉയരും.
Read DhanamOnline in English
Subscribe to Dhanam Magazine