പാമ്പിനെ പേടിക്കേണ്ട, പണി കിട്ടുമോ എന്നും പേടിക്കേണ്ട, ഇംഗ്ലീഷ് ഓര്‍ത്തും ഭയക്കേണ്ട, സീസണല്‍ വിസ നല്‍കാന്‍ ഒരുങ്ങി ഈ രാജ്യം

തൊഴിലുടമകള്‍ക്ക് സീസണ്‍ സമയത്തേക്ക് മാത്രമായി വിദേശ വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ ഇതിലൂടെ സാധിക്കും
Scenic coastal view of Wellington, New Zealand, with residential houses on green hills, a winding seaside road, and passports in the foreground symbolising travel and immigration
canva
Published on

സീസണ്‍ കാലത്തുള്ള തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പുതിയ വിസാ പദ്ധതികള്‍ അവതരിപ്പിച്ച് ന്യൂസിലാന്റ്. അക്രഡിറ്റഡ് എംപ്ലോയര്‍ വര്‍ക്ക് വിസ ചട്ടങ്ങള്‍ അനുസരിച്ച് ദി ഗ്ലോബല്‍ വര്‍ക്ക്‌ഫോഴ്‌സ് സീസണല്‍ വിസ (GWSV), പീക്ക് സീസണല്‍ വിസ (PSV) എന്നിങ്ങനെ രണ്ട് വിസകളാണ് പുതുതായി എത്തുന്നത്. ഇക്കൊല്ലം ഡിസംബര്‍ എട്ട് മുതല്‍ പദ്ധതി നിലവില്‍ വരും. തൊഴിലുടമകള്‍ക്ക് സീസണ്‍ സമയത്തേക്ക് മാത്രമായി വിദേശ വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ ഇതിലൂടെ സാധിക്കും. കാലാവസ്ഥ പോലുള്ള പ്രശ്‌നങ്ങള്‍ മൂലം ഉത്പാദന പ്രതിസന്ധി നേരിടുന്ന കൃഷി, ഉദ്യാന പരിപാലനം, വിനോദസഞ്ചാരം, ഭക്ഷ്യസംസ്‌ക്കരണം തുടങ്ങിയ മേഖലയിലാണ് കൂടുതലായും ആളുകളെ ആവശ്യം.

വ്യവസായങ്ങള്‍ക്ക് അടിയന്തരമായി തൊഴിലാളികളെ കണ്ടെത്താനും രാജ്യത്തെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ന്യൂസിലാന്റ് സര്‍ക്കാര്‍ പറയുന്നത്. ഓരോ വിസക്കും കീഴില്‍ ഏതൊക്കെ ജോലികളാണ് സീസണല്‍ എന്ന് വ്യക്തമാക്കുന്ന പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ ഈ ജോലികള്‍ സീസണലായി പരിഗണിക്കാനാകുമോയെന്ന് എമിഗ്രേഷന്‍ വിഭാഗം വീണ്ടും പരിശോധിച്ച് ഉറപ്പിക്കും.

ഗ്ലോബല്‍ വര്‍ക്ക്‌ഫോഴ്‌സ് സീസണല്‍ വിസ

വിവിധ രംഗങ്ങളിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെയാണ് ഈ വിസ അനുവദിക്കുന്നത്. ബന്ധപ്പെട്ട മേഖലയില്‍ ആറ് വര്‍ഷത്തിനിടയില്‍ മൂന്ന് തവണയെങ്കിലും സീസണല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ വര്‍ഷവും മൂന്ന് മാസമെങ്കിലും ന്യൂസിലാന്റിന് പുറത്ത് ചെലവഴിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതായത് ഓരോ വര്‍ഷവും മൂന്ന് മാസം അവധി ലഭിക്കും. ഇവര്‍ക്ക് ലേബര്‍ മാര്‍ക്കറ്റിന്റെ പരീക്ഷയോ ഇംഗ്ലീഷ് പരിജ്ഞാനമോ വേണമെന്നില്ല. മതിയായ യോഗ്യതയുണ്ടെങ്കില്‍ മറ്റ് വിസകളിലേക്ക് മാറാവുന്നതുമാണ്.

ഏതൊക്കെ മേഖലയില്‍

- കൃഷി, ഹോര്‍ട്ടിക്കള്‍ച്ചറല്‍ മൊബൈല്‍ പ്ലാന്റ് ഓപറേറ്റര്‍

- അനിമല്‍ പ്രെഗ്നന്‍സി സ്‌കാനര്‍ പോലുള്ള അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്‍സ്

- ചെയര്‍ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, സ്‌നോ ഗ്രൂമേഴ്‌സ്, സ്‌നോ മേക്കേഴ്‌സ്

- മൗണ്ടന്‍ ഗൈഡുകള്‍, വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് ഗൈഡ്, ഔട്ട്‌ഡോര്‍ അഡ്വഞ്ചര്‍ ഇന്‍സ്ട്രക്ടര്‍

- വൈന്‍ മേക്കേഴ്‌സ്

- ചെമ്മരിയാടിന്റെ രോമം നീക്കം ചെയ്യുന്നവര്‍, ഇറച്ചി വെട്ടുകാര്‍, പ്രൊഡക്ട്ര് ഇന്‍സ്‌പെക്ടര്‍മാര്‍

- സ്‌നോ സ്‌പോര്‍ട്‌സ് ഇന്‍സ്ട്രക്ടര്‍മാര്‍

പീക്ക് സീസണല്‍ വിസ

ഏഴ് മാസത്തെ കാലാവധിയിലാണ് ഈ വിസ അനുവദിക്കുന്നത്. എന്‍ട്രി ലെവല്‍, ലോവര്‍ സ്‌കില്‍ഡ് വിദഗ്ധ തൊഴിലാളികള്‍ക്കാണ് അവസരം. മൂന്ന് വര്‍ഷത്തിനിടയില്‍ ബന്ധപ്പെട്ട മേഖലയില്‍ ഒരു തവണയെങ്കിലും സമാന ജോലി ചെയ്തിരിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യമാണ്. വിസ കാലാവധി കഴിഞ്ഞാല്‍ നാല് മാസത്തെ ഇടവേളക്ക് ശേഷമേ വീണ്ടും അപേക്ഷിക്കാന്‍ കഴിയൂ. ഇതിനും ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമില്ല.

ആളെക്കൂട്ടാന്‍ പറ്റില്ല

ഇരുവിസകളിലും പങ്കാളിയെ സ്‌പോണ്‍സര്‍ ചെയ്യാനും ഡിപ്പന്‍ഡെന്റ് വിസക്കുമുള്ള അര്‍ഹതയില്ല. വിസ കാലാവധി പൂര്‍ത്തിയാകാതെ തൊഴിലുടമയെ മാറ്റാനും കഴിയില്ല. സ്റ്റുഡന്റ്, വര്‍ക്ക് വിസയിലുള്ളവര്‍ക്ക് സീസണല്‍ വിസയിലേക്ക് മാറുന്നതിനും അവസരമുണ്ട്. ന്യൂസിലാന്റിലേക്ക് കുടിയേറ്റം നടത്താനുള്ള മാര്‍ഗമല്ല ഈ വിസയെന്നും സീസണല്‍ ജോലികള്‍ക്ക് വേണ്ടി മാത്രമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സീസണല്‍ വിസ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും നിര്‍ദ്ദേശത്തില്‍ തുടരുന്നു.

New Zealand will introduce the Global Workforce Seasonal Visa (GWSV) and Peak Seasonal Visa (PSV) from December 8, 2025. Designed to help industries like agriculture, tourism, and forestry overcome labor shortages, these visas offer flexible, time-bound access to foreign workers while upholding fair local employment practices.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com