

ഒറ്റയ്ക്ക് ബൈക്കിൽ യാത്ര പോകുന്നത് ഇന്നത്തെ യുവാക്കൾക്ക് ഒരു പുതുമയല്ല. നിരവധി വനിതകളും ഇത്തരം സാഹസികയാത്രകൾക്ക് ഇന്ന് ധൈര്യത്തോടെ മുന്നോട്ടു വരുന്നത് നാം കാണാറുണ്ട്. എന്നാൽ വികസനം ഇനിയും കടന്നുചെല്ലാത്ത അസം പോലുള്ള ഒരു വടക്കു കിഴക്കന്‍ സംസ്ഥാനത്തുനിന്ന് ഒരു പെൺകുട്ടി ഇതിന് മുതിരുമോ?
തീർച്ചയായും മുതിരും. അതാണ് നിർമാലി നാഥിന്റെ കഥ നമ്മോട് പറയുന്നത്. യാത്രയോടുള്ള അടങ്ങാത്ത ആവേശവും ദൃഢനിശ്ചയവും കൊണ്ട് തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച ഈ ഗുവാഹത്തി സ്വദേശിനി ഇന്ന് യാത്രയെ സ്നേഹിക്കുന്ന ചെറുപ്പക്കാർക്ക് ഒരു റോൾ മോഡലാണ്.
തന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ലാണ് നിർമാലിയുടെ യാത്രകൾ മുഴുവനും. അച്ഛനാണ് ബൈക്കോടിക്കാൻ പഠിപ്പിച്ചത്. ഗുവാഹത്തിയില്‍നിന്ന് ലേയിലേക്ക് സുഹൃത്ത് ധരിത്രി തെരാങ്പിയുടെ കൂടെ നടത്തിയ ബൈക്ക് യാത്രയാണ് നിർമാലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
ഇതുവരെ ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലായി 73,000 കിലോമീറ്റർ ദൂരം അവർ സഞ്ചരിച്ചിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ ബൈക്കെടുത്ത് യാത്ര തിരിച്ചയാളല്ല നിർമാലി.
തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം അധ്വാനിക്കേണ്ടി വന്നു അവർക്ക്. 11 വർഷത്തോളം ജോലി ചെയ്തു പണം സമ്പാദിച്ചു. ടൈറ്റൻ കമ്പനിയിൽ ജോലി ചെയ്ത കാലമത്രയും യാത്രയ്ക്ക് വേണ്ടി പണം സ്വരുക്കൂട്ടുകയായിരുന്നു നിർമാലി.
അവസാനം ജോലി രാജിവെച്ച് യാത്ര ആരംഭിക്കാൻ ഒരുങ്ങിയപ്പോൾ കുടുംബം എതിർത്തു. അവരെ ഇക്കാര്യം ബോധ്യപ്പെടുത്തുക വളരെ ശ്രമകരമായിരുന്നു. എന്നാൽ വൈകാതെ ആ പ്രതിബന്ധവും ഒഴിഞ്ഞു.
ലേ യാത്രയ്ക്ക് ശേഷം ഒരു വലിയ റോഡപകടത്തിൽ പരിക്കുപറ്റി ഏഴുമാസം അവർ കിടപ്പിലായി. എങ്കിലും പൂർവാധികം ശക്തിയോടെ റൈഡിങ് കമ്മ്യൂണിറ്റിയിലേക്ക് അവർ തിരിച്ചെത്തി. അതിനു ശേഷവും അവർ നിരവധി യാത്രകൾ നടത്തിയിരുന്നു.
ഇന്ത്യൻ തീരദേശത്തുകൂടി ഗുവാഹത്തി മുതൽ ഗുജറാത്തു വരെ (via South India) നടത്തിയ 90 ദിവസം നീണ്ട യാത്രയാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച റൈഡ് ആയിട്ടാണ് അവർ കാണുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine