

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വിദേശയാത്രാ കേന്ദ്രമായി ഒമാന്‍ മാറുന്നു. 2025ല്‍ ഇന്ത്യയില്‍നിന്ന് ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണം ഏകദേശം 11 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 6.94 ലക്ഷം ഇന്ത്യക്കാരാണ് ഒമാന്‍ സന്ദര്‍ശിച്ചത്. 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ മാത്രം 3.81 ലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തെത്തി.
ഒമാന്‍ പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിലെ ടൂറിസം പ്രൊമോഷന്‍ ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ യൂസഫ് ഖലഫ് അല്‍ മുജൈസിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യയും ഒമാനും തമ്മിലുള്ള വിനോദസഞ്ചാര ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശകരുടെ വര്‍ധനയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള മെച്ചപ്പെട്ട വിമാനബന്ധമാണ് സഞ്ചാരികളുടെ എണ്ണം ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിലവില്‍ മസ്‌കറ്റിലേക്ക് ഇന്ത്യയിലെ പത്തിലധികം നഗരങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകളുണ്ട്. സലാലയിലേക്കുള്ള വിമാനബന്ധവും വിപുലീകരിക്കുകയാണ്.
കുറഞ്ഞ യാത്രാസമയം, താരതമ്യേന എളുപ്പമുള്ള പ്രവേശനം, ഇന്ത്യയുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം എന്നിവയും ഒമാനെ അനുയോജ്യമായ ഹ്രസ്വകാല വിദേശയാത്രാ കേന്ദ്രമാക്കുന്നു.
പരമ്പരാഗത കാഴ്ചയാത്രകള്‍ക്കപ്പുറം വ്യത്യസ്ത അനുഭവങ്ങളാണ് ഇന്ത്യന്‍ സഞ്ചാരികള്‍ ഇപ്പോള്‍ തേടുന്നതെന്ന് ഒമാന്‍ ടൂറിസം അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ അവധിയാത്രകള്‍, ആഡംബര വിനോദസഞ്ചാരം, സാഹസിക യാത്രകള്‍, പ്രകൃതിസഞ്ചാരം എന്നിവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, എം.ഐ.സി.ഇ (മീറ്റിംഗ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സസ്, എക്സിബിഷന്‍സ്) ടൂറിസം തുടങ്ങിയ മേഖലകളിലും ഇന്ത്യയില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ട്രാവല്‍ അഡൈ്വസര്‍മാര്‍ക്കും ഒമാനിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് കൂടുതല്‍ പരിചയം നല്‍കാനുള്ള ശ്രമങ്ങളും രാജ്യം ശക്തമാക്കുകയാണ്. കുടുംബ-പ്രീമിയം യാത്രകളിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയെ തങ്ങളുടെ വിനോദസഞ്ചാര വളര്‍ച്ചയിലെ പ്രധാന വിപണിയായാണ് ഒമാന്‍ കാണുന്നത്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയില്‍ ട്രാവല്‍ പരിപാടികളും വ്യവസായ പങ്കാളിത്തങ്ങളും സംഘടിപ്പിക്കാനാണ് പദ്ധതി.
മസ്‌കറ്റ്, സലാല എന്നിവിടങ്ങളില്‍ മാത്രം യാത്ര ഒതുക്കാതെ രാജ്യത്തിന്റെ മറ്റ് മേഖലകളിലേക്കും സഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യം. സന്ദര്‍ശകരുടെ താമസദൈര്‍ഘ്യം വര്‍ധിപ്പിച്ച് ടൂറിസത്തില്‍നിന്നുള്ള വരുമാനം ഉയര്‍ത്താനും ഒമാന്‍ ശ്രമിക്കുന്നു.
ചരിത്രം, സംസ്‌കാരം, മരുഭൂമി, മലനിരകള്‍, കടല്‍ത്തീരം എന്നിവ ഒത്തുചേരുന്ന വിനോദസഞ്ചാര അനുഭവമാണ് ഒമാന്റെ പ്രധാന സവിശേഷത. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക്, പാരമ്പര്യ വ്യാപാരകേന്ദ്രമായ മത്ര സൂഖ്, ചരിത്രപ്രസിദ്ധമായ നിസ്വ കോട്ട എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.
വാദി ഷാബിലെ തെളിഞ്ഞ ജലാശയങ്ങളിലൂടെയുള്ള ഹൈക്കിംഗ്, വഹീബ സാന്‍ഡ്സിലെ ഒട്ടകസവാരിയും 4x4 മരുഭൂമി യാത്രയും, ജബല്‍ ഷംസിലെ പര്‍വതക്കാഴ്ചകളും സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മണ്‍സൂണ്‍ കാലത്ത് പച്ചപ്പണിയുന്ന സലാലയും തെളിഞ്ഞ ചുണ്ണാമ്പുകല്‍ ജലാശയത്തിന് പേരുകേട്ട ബിമ്മ സിങ്ക്ഹോളും ഒമാന്റെ വിനോദസഞ്ചാര വൈവിധ്യം വര്‍ധിപ്പിക്കുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ-ഒമാന്‍ വ്യാപാര, സാംസ്‌കാരിക ബന്ധവും പുതിയ വിമാനസര്‍വീസുകളും ചേര്‍ന്നതോടെ ഇന്ത്യന്‍ ഔട്ട്ബൗണ്ട് ടൂറിസം വിപണിയില്‍ ഒമാന് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine