വിനോദസഞ്ചാര മേഖലയില്‍ പുതിയ ട്രെന്‍ഡായി വണ്‍-ഡേ ഗ്രൂപ്പ് ട്രിപ്പുകള്‍; യാത്രയോടുള്ള ഇഷ്ടം വരുമാനമാക്കാം

മുമ്പ് അപരിചിതര്‍ക്കൊപ്പം യാത്ര ചെയ്യാനോ സമയം ചെലവഴിക്കാനോ മലയാളികള്‍ മടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി
വിനോദസഞ്ചാര മേഖലയില്‍ പുതിയ ട്രെന്‍ഡായി വണ്‍-ഡേ ഗ്രൂപ്പ് ട്രിപ്പുകള്‍; യാത്രയോടുള്ള ഇഷ്ടം വരുമാനമാക്കാം
photo courtesy: Nroot
Published on

കോട്ടയം സ്വദേശിനിയായ നേഹ മരിയയ്ക്ക് കൊച്ചിയില്‍ ഐടി ഫീല്‍ഡിലാണ് ജോലി. യാത്രയോട് അടങ്ങാത്ത പാഷനുള്ള നേഹയും കൂട്ടുകാരിയും എല്ലാ ഞായറാഴ്ചകളിലും ചെറിയ ട്രിപ്പുകള്‍ പോകുന്നത് പതിവായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ ഇവരുടെ കൂടെ ചേര്‍ന്നതോടെ ഒരുദിവസം കൊണ്ട് പോയി വരാവുന്ന സ്‌പോട്ടുകളെല്ലാം ഇവരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഇതൊരു വരുമാന മാര്‍ഗമാക്കി കൂടേയെന്ന ചിന്ത നേഹയുടെ ഉള്ളിലുദിക്കുന്നത്.

ഇപ്പോള്‍ എല്ലാ മാസവും ഒന്നിടവിട്ട ഞായറാഴ്ചകളില്‍ വീക്കെന്‍ഡ് ടൂറുകള്‍ പ്ലാന്‍ ചെയ്യുകയാണ് നേഹയുടെ പ്രധാന ഹോബി. ഇതില്‍ നിന്ന് മോശമല്ലാത്ത വരുമാനവും ലഭിക്കുന്നു. യാത്രയുടെ ഏകോപനവും ഫുഡും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് പ്രധാന ജോലി. ഇതിനനുസരിച്ചുള്ള തുകയാണ് യാത്രയില്‍ ഒപ്പം കൂടുന്നവരുടെ കൈയില്‍ നിന്ന് വാങ്ങുന്നത്. 14നും 20നും ഇടയില്‍ അംഗങ്ങളാണ് ഓരോ യാത്രയിലും കൂടെയുള്ളത്. മാസം നല്ലൊരു വരുമാനം ഈ രീതിയില്‍ നേടാന്‍ നേഹയ്ക്ക് സാധിക്കുന്നുണ്ട്.

ഇത് നേഹയുടെ മാത്രം കഥയല്ല. യാത്രയോട് താല്പര്യമുള്ള നിരവധിപേര്‍ ഇത്തരത്തില്‍ സ്വന്തമായി വീക്കെന്‍ഡ് ട്രാവല്‍ പ്ലാനിംഗില്‍ സജീവമാണ്. യാത്രയോടും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുമുള്ള കഴിവുണ്ടെങ്കില്‍ പാഷനെ വരുമാനമാക്കി മാറ്റാന്‍ സാധിക്കുമെന്നതാണ് പ്ലസ് പോയിന്റ്.

ബിസിനസ് സാധ്യത സോഷ്യല്‍മീഡിയ വഴി

കൊച്ചിയില്‍ നിന്ന് മാത്രം ഇതുപോലെ വീക്കെന്‍ഡ്‌സ് ടൂര്‍ പോകുന്ന ഗ്രൂപ്പുകളുടെ എണ്ണം 50-60ന് അടുത്തുണ്ടാകും. മിക്കവരും ആളുകളെ കണ്ടെത്തുന്നത് സോഷ്യല്‍മീഡിയ പരസ്യങ്ങളിലൂടെയാണ്. യാത്രയ്ക്ക് താല്പര്യമുള്ളവരെ തേടി ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. താല്‍പര്യമുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ വാട്സാപ്പ് ഗ്രൂപ്പ്. ഞായറാഴ്ച രാവിലെ പുറപ്പെട്ട് രാത്രി വീട്ടില്‍ തിരിച്ചെത്തുന്ന യാത്ര. അവധി ദിവസത്തില്‍ ചെറിയൊരു ഇടവേള ആഗ്രഹിക്കുന്നവരെയും യാത്ര സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവരെയും ബന്ധിപ്പിക്കുന്നതാണ് വണ്‍ ഡേ ഗ്രൂപ്പ് ട്രിപ്പുകളുടെ ബിസിനസ് സാധ്യത.

photo courtesy: Lady Rovers

നീണ്ട അവധിയെടുക്കാന്‍ കഴിയാത്തവര്‍ക്കും ബജറ്റ് നോക്കി യാത്ര ചെയ്യുന്നവര്‍ക്കും ഇത്തരം കൂട്ടായ്മകള്‍ ആകര്‍ഷകമാണെന്നാണ് യാത്ര പോയവരുടെ അനുഭവം. കോവിഡിനുശേഷം വിനോദയാത്രയ്ക്ക് തയാറെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 2025ല്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 2.51 കോടി ആഭ്യന്തര സഞ്ചാരികളെത്തി. ഇതില്‍ പാതിയും കേരളത്തില്‍ നിന്നുള്ളവരാണ്.

പാഷനെ വരുമാനമാക്കി മാറ്റാം

നാലു വര്‍ഷമായി ലേഡി റോവേഴ്‌സ് (Lady Rovers) എന്ന പേരില്‍ ഗ്രൂപ്പ് യാത്രകള്‍ക്ക് നേതൃത്വം നല്കുന്ന എറണാകുളം പൂക്കാട്ടുപടി സ്വദേശിനി സീന അലിയാര്‍ ഈ രംഗത്തേക്ക് എത്തിച്ചതും പാഷനാണ്. പുതിയ സ്ഥലങ്ങളും കാഴ്ച്ചകളും കണ്ടുനടന്നിരുന്ന കാലത്തേക്ക് വീണ്ടും തിരിച്ചെത്താന്‍ ഗ്രൂപ്പ് യാത്രകള്‍ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നുവെന്ന് സീന പറയുന്നു. കശ്മീരും തായ്‌ലന്‍ഡും അടക്കം 250ലേറെ യാത്രകള്‍ ഇതുവരെ സംഘടിപ്പിച്ചു.

photo courtesy: Nroot

20-25 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായാകും മിക്കവാറും യാത്രകള്‍. ഏതു പ്രദേശം യാത്രയ്ക്കായി തിരഞ്ഞെടുത്താലും മുന്‍പ് അവിടെയെത്തി സൗകര്യങ്ങളും ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്രമീകരിക്കാറുണ്ടെന്ന് സീന വ്യക്തമാക്കുന്നു. യാത്രകള്‍ക്കായി മുമ്പ് പണം ചെലവഴിക്കാന്‍ താല്പര്യമില്ലാതിരുന്നവര്‍ പോലും ഇപ്പോള്‍ ഇതിനായി സമയവും പണവും കണ്ടെത്തുന്നുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിശ്വാസമാണ് പ്രധാനം

വലിയ ഓഫീസ് തുറന്നോ ബസ് വാങ്ങിയോട തുടങ്ങേണ്ട ബിസിനസ് മോഡലായി ഇതിനെ കാണേണ്ടതില്ലെന്നാണ് ഗ്രൂപ്പ് യാത്രകള്‍ നടത്തുന്ന എന്റൂട്ടിന്റെ (Nroot) സാരഥിയായ എസ്. സനിലിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെറിയതോതില്‍ തുടങ്ങിയ സനിലിന്റെ സംഘം ഇതുവരെ 34 യാത്രകള്‍ പൂര്‍ത്തിയാക്കി.

യാത്രക്കാരെ കണ്ടെത്തല്‍, യാത്രാപദ്ധതി തയാറാക്കല്‍, ഗതാഗതവും ഭക്ഷണവും ഏകോപിപ്പിക്കല്‍, സ്ഥലത്ത് സംഘത്തെ നയിക്കല്‍ എന്നിവയാണ് സംഘാടകന്റെ പ്രധാന ജോലി. ഫോണ്‍, സമൂഹമാധ്യമ അക്കൗണ്ട്, ആളുകളുമായി ബന്ധം എന്നിവയാണ് തുടക്കത്തിലെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വഴി. വ്യത്യസ്ത മേഖലകളിലുള്ള പല പ്രായത്തിലുള്ള ആളുകളുമായി നല്ല സൗഹൃദ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ യാത്രകള്‍ വഴി സാധിക്കുമെന്നാണ് സനില്‍ പറയുന്നത്.

മുമ്പ് അപരിചിതര്‍ക്കൊപ്പം യാത്ര ചെയ്യാനോ സമയം ചെലവഴിക്കാനോ മലയാളികള്‍ മടിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. 18 മുതല്‍ 75 വയസ് വരെയുള്ളവര്‍ ഇത്തരത്തില്‍ യാത്രകള്‍ക്കൊപ്പം ചേരാന്‍ താല്പര്യപ്പെടുന്നുണ്ട്. കോവിഡിനു ശേഷമാണ് ഈ മാറ്റം. യാത്ര കോഡിനേറ്റ് ചെയ്യുന്നവരോടുള്ള വിശ്വാസമാണ് പലരെയും പിന്നീട് ഒപ്പം വരാന്‍ പ്രേരിപ്പിക്കുന്നത്.

അപരിചിതരെ ഉള്‍പ്പെടുത്തിയുള്ള ഗ്രൂപ്പ് യാത്രയില്‍ സുരക്ഷയും ഉത്തരവാദിത്വവും പ്രധാനമാണ്. വാഹനത്തിന്റെ അനുമതികളും ഡ്രൈവറുടെ വിവരങ്ങളും പരിശോധിക്കുക, പങ്കെടുക്കുന്നവര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കുക, കാലാവസ്ഥയും സ്ഥലത്തെ നിയന്ത്രണങ്ങളും കണക്കിലെടുത്ത് പദ്ധതി തയാറാക്കുക എന്നിവയും പ്രധാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com