പ്രവാസികള്‍ക്ക് സൗജന്യമായി ഇന്ത്യ ചുറ്റിക്കാണാം; പ്രവാസി ഭാരതീയ എക്‌സ്പ്രസിന്റെ വിശേഷങ്ങള്‍

യാത്രക്കുള്ള ഇന്ത്യന്‍ വംശജരെ തെരഞ്ഞെടുക്കുന്നത് എംബസികള്‍ മുഖേന
പ്രവാസികള്‍ക്ക് സൗജന്യമായി ഇന്ത്യ ചുറ്റിക്കാണാം; പ്രവാസി ഭാരതീയ എക്‌സ്പ്രസിന്റെ വിശേഷങ്ങള്‍
Published on

വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് (Persons of Indian Origin) സൗജന്യമായി ഇന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ചുറ്റിക്കാണാനുള്ള പ്രത്യേക ട്രെയിന്‍ യാത്രാ പദ്ധതിക്ക് തുടക്കമായി. പ്രവാസി തീര്‍ത്ഥ ദര്‍ശന്‍ യോജന എന്ന പേരിലുള്ള പദ്ധതിയിലേക്ക് വിദേശ രാജ്യങ്ങളിലുള്ള എംബസികള്‍ മുഖേനയാണ് യാത്രികരെ തെരഞ്ഞെടുക്കുന്നത്. 15 ദിവസത്തെ യാത്ര പൂര്‍ണമായും സൗജന്യമാണ്. 150 പേര്‍ക്കാണ് ഒരു ട്രെയിനില്‍ അവസരം. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായ കുറഞ്ഞ വരുമാനമുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ റെയില്‍വെയും ചേര്‍ന്നൊരുക്കുന്ന ഈ പദ്ധതിക്ക് പ്രവാസി ഭാരതീയ ദിനത്തിലാണ് തുടക്കമായത്. ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം 23 ന് ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വെ സ്റ്റേഷനില്‍ തിരിച്ചെത്തും. ഏറെ സൗകര്യങ്ങളുള്ള സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനില്‍ കണ്ടക്ടഡ് ടൂറായാണ് യാത്രക്കാരെ കൊണ്ടു പോകുന്നത്.

പൈതൃക കേന്ദ്രങ്ങളിലൂടെയുള്ള യാത്ര

രാജ്യത്തെ തീര്‍ത്ഥാടന, പൈതൃക കേന്ദ്രങ്ങളിലൂടെയാണ് സംഘം പ്രധാനമായും സഞ്ചരിക്കുന്നത്. കേരളത്തില്‍ കൊച്ചിയില്‍ സംഘമെത്തും. ആഗ്ര, അയോധ്യ, പാറ്റ്‌ന, ഗയ, വരാണസി, അജ്മീർ , പുഷ്‌കര്‍, മഹാബലിപുരം, രാമേശ്വരം, മധുര, ഗോവ, കൊച്ചി തുടങ്ങി 60 സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. ഓരോ സ്‌റ്റേഷനുകളിലും യാത്രക്കാരെ ഇറക്കിയ ശേഷം ടൂറിസ്റ്റ് ബസുകളില്‍ സമീപ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടന, പൈതൃക കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോകും.

പൂര്‍ണമായും സൗജന്യം

ഓരോ ട്രിപ്പിലും 150 പേര്‍ക്ക് വീതം പൂര്‍ണമായും സൗജന്യയാത്രയാണ് റെയില്‍വെ ഒരുക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ താമസവും റെയില്‍വെ വഹിക്കും. പൂര്‍ണമായും എസി കംപാര്‍ട്ട്‌മെന്റുകളുള്ള സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനാണ് ഇതിന് ഉപയോഗിക്കുക. യാത്രയില്‍ മികച്ച സൗകര്യങ്ങളൊരുക്കും. നഗരങ്ങളിലെ താമസത്തിന് ലക്ഷ്വറി ഹോട്ടലുകളാണ് ബുക്ക് ചെയ്തിട്ടുള്ളതെന്നും റെയില്‍വെ വ്യക്തമാക്കി.

ഇതിന് പുറമെ, യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസിക്കുന്ന രാജ്യത്തേക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റിന്റെ 90 ശതമാനം നിരക്കും വിദേശകാര്യ മന്ത്രാലയം നല്‍കുന്നുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തിന്റെ പൈതൃകം മനസിലാക്കുന്നതിനുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യോഗ്യതകള്‍ ഇങ്ങനെ

വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ മുഖേന കേന്ദ്ര വിദേശകാര്യ വകുപ്പാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ പ്രചരണം നടത്തുന്നുണ്ട്. ഇന്ത്യയില്‍ ജനിച്ച് വിദേശത്ത് താമസിക്കുന്ന (Persons of Indian Origin) 45 നും 65 നും ഇടയില്‍ പ്രായമുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന. താമസിക്കുന്ന രാജ്യങ്ങളിലെ എംബസികള്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com