
ഏവിയേഷന്‍ രംഗത്തെ ഓസ്‌കാര്‍ അവാര്‍ഡ് എന്നറിയപ്പെടുന്ന സ്‌കൈട്രാക്‌സ് ബെസ്റ്റ് എയര്‍ലൈന്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്‌സിന്. കാത്തായ് പസഫിക്ക് രണ്ടാം സ്ഥാനത്തും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് മൂന്നാം സ്ഥാനത്തുമാണ്. പാരീസ് എയര്‍ ഷോയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 1999 ല്‍ ഏര്‍പ്പെടുത്തിയ സ്‌കൈട്രാക്‌സ് അവാര്‍ഡ് വ്യോമയാന രംഗത്തെ ഏറ്റവും പ്രശസ്തവും സ്വതന്ത്രവുമായ പുരസ്‌കാരമായാണ് കണക്കാക്കപ്പെടുന്നത്. വിമാനങ്ങളുടെ സമഗ്രമായ ഗുണനിലവാരം, സേവനം, നവീകരണം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്.
ഖത്തര്‍ എയര്‍വേയ്‌സ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത് തുടര്‍ച്ചയായ ഒമ്പതാം തവണയാണ്. ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലൗഞ്ച് (ദോഹ വിമാനത്താവളത്തിലെ അല്‍ മുര്‍ജാന്‍ ഗാര്‍ഡന്‍ ലൗഞ്ച്), മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് എയര്‍ലൈന്‍ എന്നീ പുരസ്‌കാരങ്ങളും ഇത്തവണ ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള കമ്പനിയുടെ വിമാനങ്ങള്‍ പ്രീമിയം സെക്ടറില്‍ ഏറ്റവും മികച്ചതായാണ് വിലയിരുത്തപ്പെടുന്നത്. കടുത്ത മല്‍സരത്തിനിടയിലും ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന് കഴിഞ്ഞതായി ജൂറി അഭിപ്രായപ്പെട്ടു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 325 വിമാന കമ്പനികളില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഖത്തര്‍ എയര്‍വേയ്‌സ്, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്, കാത്തായ് പസഫിക്, എമിറേറ്റ്‌സ്, എ.എന്‍.എ നിപ്പോണ്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍, എയര്‍ ഫ്രാന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ് (ചൈന) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളില്‍.
പ്രീമീയം വിഭാഗത്തില്‍ ഏഷ്യയിലെ മികച്ച എയര്‍ലൈനിനും മികച്ച കാബിന്‍ ക്രൂവിനുമുള്ള അവാര്‍ഡ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സിനാണ്. ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍ കാത്തായ് പസഫിക് അവാര്‍ഡ് നേടി. യൂറോപ്പിലെ മികച്ച വിമാന കമ്പനി ടര്‍ക്കിഷ് എയര്‍ലൈന്‍സാണ്. മികച്ച ബിസിനസ് ക്ലാസ് അവാര്‍ഡും സ്വന്തമാക്കി. ബെസ്റ്റ് എയര്‍പോര്‍ട്ട് സര്‍വീസ്, ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസ് അവാര്‍ഡുകള്‍ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎന്‍എ നിപ്പോണിനാണ്.
ബജറ്റ് എയര്‍ലൈന്‍ വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോക്കാണ്. ഈ വിഭാഗത്തില്‍ ദീര്‍ഘദൂര വിമാനങ്ങളില്‍ ഒന്നാം സ്ഥാനം എയര്‍ ഏഷ്യ സ്വന്തമാക്കി.
സ്‌കൈലൈന്‍ അവാര്‍ഡുകള്‍ ആഗോള വ്യോമയാന വ്യവസായത്തില്‍ ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചു വരുന്നത്. ജേതാക്കളുടെ ബിസിനസ് ശൈലിയാണ് നവീകരണത്തിന് മറ്റു കമ്പനികള്‍ പിന്തുടരാറുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine