40,000 റെയില്‍വേ കോച്ചുകള്‍ എ.ഐ ക്യാമറ നിരീക്ഷണത്തിലേക്ക്! ഇന്ത്യന്‍ റെയില്‍വേയുടെ ₹20,000 കോടി പദ്ധതി ഒരുങ്ങുന്നു

12 മാസങ്ങള്‍ക്കുള്ളില്‍ സി.സി.ടി.വി വിന്യാസം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ
indian railway
image credit : canva , Southern Railways
Published on

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോച്ചുകളില്‍ നിര്‍മിത ബുദ്ധി സുരക്ഷാ ക്യാമറകള്‍ (എ.ഐ ക്യാമറകള്‍) സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നതിന് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് സൂചന. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ടെണ്ടര്‍ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ 1,200 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കാണ് ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി വന്‍കിട ഐ.റ്റി അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കിയ പരിചയം അത്യാവശ്യമാണ്. കൂടാതെ 800 ക്യാമറകള്‍ അടങ്ങുന്ന സി.സി.ടി.വി നിരീക്ഷണ സംവിധാനം ഒരുക്കി പരിചയവും വേണമെന്നും ടെണ്ടര്‍ നോട്ടീസില്‍ പറയുന്നു.

എത്ര ട്രെയിനുകളില്‍ എ.ഐ കണ്ണുകള്‍

അതേസമയം, എത്ര ട്രെയിനുകളിലാണ് സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല. ഓരോ കോച്ചിലും ആറ് ക്യാമറകള്‍ വീതമാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക കോച്ചില്‍ (എസ്.എല്‍.ആര്‍.ഡി) എട്ട് വീതം ക്യാമറകളുണ്ടാകും. ഗാര്‍ഡ് റൂമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാകും വിധമായിരിക്കും ക്യാമറകളുടെ വിന്യാസം. വലിയൊരു കമ്പനിക്ക് മുഖ്യ കരാര്‍ നല്‍കിയ ശേഷം ഉപകരാറുകളിലൂടെ വളരെ വേഗത്തില്‍ ജോലി തീര്‍ക്കാനാണ് റെയില്‍വേയുടെ നീക്കം. സി.സി.ടി.വി ഉപകരണങ്ങളുടെ നിര്‍മാണം, ബാന്‍ഡ്‌വിത്ത് വിതരണക്കാര്‍, ഡാറ്റ സെന്റര്‍ പ്രൊവൈഡര്‍മാര്‍, ക്ലൗഡ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയ മേഖലകളിലെ നിരവധി കമ്പനികളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കേണ്ട പദ്ധതിയാണിതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ മുഖം മാറും

അടുത്തിടെയുണ്ടായ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ടെണ്ടര്‍ അനുവദിച്ചാല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ സി.സി.ടി.വി വിന്യാസം പൂര്‍ത്തീകരിക്കാനാണ് ധാരണ. ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി നിരീക്ഷണം സ്ഥാപിച്ചിട്ടുണ്ട്. അടുത്ത് തന്നെ കേരളത്തിലെ ഗുരുവായൂര്‍, ചങ്ങനാശേരി, വര്‍ക്കല, കൊച്ചുവേളി തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളും ക്യാമറ നിരീക്ഷണത്തിലാകും. നിലവില്‍ ആര്‍.എഫ്.ഐ.ഡി സംവിധാനം അനുസരിച്ചുള്ള സുരക്ഷയാണ് റെയില്‍വേ വാഗണുകളില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറയിലേക്ക് മാറുന്നതോടെ ഇന്ത്യന്‍ റെയില്‍വേയുടെ മുഖം തന്നെ മാറും.

സുരക്ഷ വേറെ ലെവല്‍

ഓരോ കോച്ചിലും ലോക്കോ പൈലറ്റിന് നിരീക്ഷിക്കാവുന്ന തരത്തില്‍ നാല് ക്യാമറകളുണ്ടാകും. കൂടാതെ ട്രെയിനിന് മുന്നിലും ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ട്രാക്കില്‍ കാണപ്പെടുന്ന വസ്തുവിനെ എ.ഐ സഹായത്തോടെ കൃത്യമായി തിരിച്ചറിയാനും അതിനെ ട്രാക്ക് ചെയ്യാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ദൂരത്തില്‍ വച്ച് ബ്രേക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം ലോക്കോ പൈലറ്റിന് നല്‍കാനും പുതിയ സംവിധാനത്തിന് കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com