അമൃത് ഭാരത് ട്രെയിന്‍ വരുന്നൂ 'പുഷ്-പുള്‍' കരുത്തുമായി; അതിവേഗം, അതിസുരക്ഷ

നോണ്‍-എ.സി ട്രെയിന്‍; ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും
Amrit Bharat Train
Image : Twitter
Published on

വന്ദേഭാരത് ട്രെയിനുകള്‍ക്ക് ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും ഏറെയാണെന്ന് പരിഭവിക്കുന്ന സാധാരണക്കാരെ ഉന്നമിട്ട് ഇന്ത്യന്‍ റെയില്‍വേയുടെ 'അമൃത് ഭാരത്' (Amrit Bharat) ട്രെയിനുകള്‍ വരുന്നു. പൂര്‍ണമായും നോണ്‍-എ.സി ട്രെയിനാണിത്. 22 കോച്ചുകളുണ്ടാകും. 12 എണ്ണം സെക്കന്‍ഡ് ക്ലാസ് 3-ടിയര്‍ സ്ലീപ്പര്‍ കോച്ചുകളാണ്. എട്ടെണ്ണം ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍. രണ്ട് ഗാര്‍ഡ് കമ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. 1,800ഓളം പേര്‍ക്ക് യാത്ര ചെയ്യാം.

അതിസുരക്ഷ, ബഹുദൂരം

മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ അമൃത് ഭാരതിന് കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച അമൃത് ഭാരത് ട്രെയിനുകളുടെ മറ്റൊരു മികവ് അതീവസുരക്ഷാ സൗകര്യങ്ങളാണ്. 'കവച്' സാങ്കേതികവിദ്യയോടെ ആന്റി-കൊളീഷന്‍ സൗകര്യങ്ങളുള്ളതായിരിക്കും ട്രെയിനുകള്‍.

കുലുക്കമില്ലാത്ത യാത്ര, സുഖയാത്ര സമ്മാനിക്കുന്ന സീറ്റുകള്‍, വൃത്തിയും നിലവാരവുമുള്ള ആധുനിക ടോയ്‌ലറ്റുകള്‍ എന്നിങ്ങനെ നിരവധി യാത്രികസൗഹൃദ സൗകര്യങ്ങളുമുണ്ടാകുമെന്ന് റെയില്‍വേ അവകാശപ്പെടുന്നു.

പുഷ്-പുള്‍ ടെക്‌നോളജി

പുഷ്-പുള്‍ ടെക്‌നോളജിയോടെയാണ് അമൃത് ഭാരത് ട്രെയിനുകളെത്തുന്നത്. അതായത്, മുന്നിലും പിന്നിലും എന്‍ജിനുകളുണ്ടാകും. അതിവേഗം മുന്നോട്ട് കുതിക്കാനും അതിവേഗം ബ്രേക്ക് ചെയ്യാനും കഴിയും. ഇത് സമയം ലാഭിക്കാന്‍ സഹായിക്കുമെന്ന് റെയില്‍വേ അവകാശപ്പെടുന്നു. ന്യൂഡല്‍ഹി-കൊല്‍ക്കത്ത പോലുള്ള ദീര്‍ഘദൂര റൂട്ടുകളില്‍ യാത്രാസമയം രണ്ടുമണിക്കൂര്‍ വരെ ലാഭിക്കാമെന്നും റെയില്‍വേ പറയുന്നു.

അമൃത് ഭാരത് നോണ്‍-എ.സി ട്രെയിനിന്റെ ആദ്യ യാത്ര അയോധ്യ-ന്യൂഡല്‍ഹി റൂട്ടിലായിരിക്കുമെന്നാണ് സൂചനകള്‍. ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ നിര്‍വഹിച്ചേക്കും. പ്രതിമാസം 20-30 പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന് റെയില്‍വേ സൂചിപ്പിച്ചിട്ടുണ്ട്. അതായത്, കേരളത്തിനും അമൃത് ഭാരത് ട്രെയിനുകള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com